സത്യസന്ധതയില്ലായ്മയുടെ കാരണം പേടിയാണ്. പേടി അജ്ഞത കൊണ്ടും. അവയിൽ നിന്നുടലെടുക്കുന്നതാണ് അഴിമതി. തികഞ്ഞ സത്യസന്ധതയില്ലായ്മയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ഡോ.ജേക്കബ് തോമസ്സിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ തന്റെ കീഴിലുള്ള ഒരു എസ്.പി കേരളത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ കാര്യം താനറിഞ്ഞില്ല എന്ന് പരസ്യമായി പറയില്ലായിരുന്നു. ടീം ലീഡർ എന്ന നിലയിൽ താൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും കൂട്ടത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നു. അതേ പ്രസ്താവനയിൽ തന്നെ അദ്ദേഹം സമ്മതിക്കുന്നു നടപടിക്രമങ്ങൾ പാലിച്ചല്ല, കെ.എം.എബ്രഹാമിന്റെ വീട്ടിൽ പരിശോധന നടത്തിയതെന്ന്. ആക്ഷേപങ്ങൾ ഒഴിവാക്കാൻ വിജിലൻസിന്റെ പ്രവർത്തന ശൈലി മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.
ബുദ്ധിയുടെ തെളിച്ചമില്ലായ്മയാണ് ആ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. അഴിമതിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ട് കേരള സമൂഹത്തിന്റെ ഏതാണ്ട് മുഴുവൻ അംഗീകാരത്തോടും വിജിലൻസ് ഡയറക്ടർ സ്ഥാനത്തു തുടരുന്ന ഡോ.ജേക്കബ് തോമസ്സിന് ധാർമ്മികമായി ആ സ്ഥാനത്തിരിക്കാനുള്ള അർഹതയിൽ ഇടിവു വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് തെളിയുന്ന കാര്യങ്ങൾ അഥവാ അദ്ദേഹം സമ്മതിക്കുന്ന കാര്യങ്ങൾ ഇവയാണ്.
1) തന്റെ അറിവില്ലാതെയാണ് എസ്.പി റാങ്കിലുള്ള ഒരുദ്യോഗസ്ഥൻ വളരെ അനായാസമായി ശേഖരിക്കാൻ കഴിവുള്ള ഒരു വിവരത്തിനു വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അതു സമ്മതിക്കുകയാണെങ്കിൽ, രണ്ടു കാര്യങ്ങളാണ് വ്യക്തമാകുന്നത്. ഒന്ന്, അദ്ദേഹത്തിന്റെ കഴിവില്ലായ്മയും ഏകോപനമില്ലാത്ത വിജിലൻസിന്റെ പ്രവർത്തനവും. രണ്ട്, കേരളത്തിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വീട്ടിൽ ഒരു നടപടിക്രമവും പാലിക്കാതെ പരിശോധന നടത്താമെന്നുള്ള സമീപനം എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് തോന്നുകയാണെങ്കിൽ അത് വിജിലൻസിൽ പൊതുവേ ജേക്കബ് തോമസ്സ് കൊടുക്കുന്ന നേതൃത്വം സൃഷ്ടിച്ചിരിക്കുന്ന അരാജകത്വ സ്വഭാവമാണ്.
2) ഇപ്പോഴത്തെ പ്രവർത്തന ശൈലി തകരാറിലാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്താണ് ആ ശൈലി എന്നുള്ളതു വ്യക്തമാക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്.
3) ഡോ.കെ.എം.എബ്രഹാമിന്റെ വീട്ടിലെ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ ബലിയാടാക്കിക്കൊണ്ട് തന്റെ മുഖം രക്ഷിക്കാൻ നോക്കുന്നത് അഴിമതിയേക്കാൾ ഹീനമായ നടപടിയാണ്.
ജേക്കബ് തോമസ്സിന്റെ ഈ പ്രഖ്യാപനത്തിൽ നിന്ന് തെളിയുന്നത് അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കുന്നു എന്നുള്ള ആരോപണം ശരിയാണെന്നാണ്. മറിച്ച് തനിക്കു പറ്റിയ അബദ്ധമാണ് നടപടിക്രമങ്ങൾ പാലിക്കാതെ കെ.എം.എബ്രഹാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയെന്ന് തുറന്നു സമ്മതിക്കാനുള്ള ആർജ്ജവം കാട്ടിയിരുന്നെങ്കിൽ അത് ജേക്കബ് തോമസ്സിന്റെ വിശ്വാസ്യതയെ ഇല്ലായ്മ ചെയ്യില്ലായിരുന്നു. ഏവർക്കുമറിയാം അദ്ദേഹത്തിന്റെ അനുമതിയല്ല, നിർദ്ദേശപ്രകാരം തന്നെയായിരിക്കും കെ.എം.എബ്രഹാമിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ കീഴിലുള്ള എസ്.പി പരിശോധന നടത്തിയതെന്ന്. ഇവിടെ മൂന്നാംകിട രാഷ്ട്രീയക്കാർ പോലും കാണിക്കാത്ത മുഖം രക്ഷിക്കൽ ശ്രമമാണ് ഉദ്യോഗസ്ഥനായ വിജിലൻസ് ഡയറക്ടറിൽ നിന്നും ഉണ്ടായത്. രാഷ്ട്രീയമായ അനുകൂല അന്തരീക്ഷം മുതലെടുത്തുകൊണ്ട് ഒരുദ്യോഗസ്ഥൻ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്നത് അഴിമതിയുടെ വർധനയിൽ മാത്രമേ കലാശിക്കുകയുള്ളു.