മാദ്ധ്യമ-മലയാളി രോഗത്തിന്റെ ലക്ഷണമാണ് ഋഷിരാജ് സിംഗ്

Glint Staff
Tue, 16-08-2016 11:31:47 AM ;

rishiraj singh

 

ഋഷിരാജ് സിംഗ് വീണ്ടും ശ്രദ്ധാ കേന്ദ്രം. അതിനുള്ള വഴിയിലൂടെയാണ് അദ്ദേഹത്തിന്റെ നിലനിൽപ്പും. ഇദ്ദേഹത്തിനെപ്പോലുള്ള ഉദ്യോഗസ്ഥർ വിളിച്ചു പറയുന്നത് നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കുന്ന ഔദ്യോഗിക സംവിധാനത്തിന്റെ പുഴുക്കുത്താണ്. കേരളത്തിന്റെ പോലീസ് സേനയിൽ ഇദ്ദേഹം മാത്രമേ അഴിമതിരഹിതനായും നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്ന ഉദ്യോഗസ്ഥനായും ഉള്ളുവെന്നാണ് ഇപ്പോഴത്തെ പൊതുധാരണ. സുരേഷ് ഗോപി സിനിമയിലെ നായകാവേശത്തിനപ്പുറത്തേക്ക് ഒന്നും തന്നെ ഋഷിരാജ് സിംഗിൽ നിന്നു കണ്ടിട്ടില്ല. ഒരുതരം സാമൂഹ്യ മനോരോഗമാണ് സുരേഷ് ഗോപി പോലീസ് കഥാപാത്രമായി എത്തിയപ്പോൾ അത് മലയാളികളെക്കൊണ്ട് ആസ്വദിപ്പിച്ചത്. ആ രോഗത്തിന് ഋഷിരാജ് സിംഗ് അടിമയായിപ്പോയതാണ് കേരളം കാണുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സമൂഹത്തിന് ദിശാബോധവും യഥാർഥ വസ്തുതകളിലേക്ക് ജനശ്രദ്ധയും ഭരണകൂടശ്രദ്ധയും കൊണ്ടുവരാൻ ബാധ്യസ്ഥരായ മാദ്ധ്യമങ്ങൾ ഋഷിരാജ് സിംഗിനെപ്പോലെയുളളവരെ ആദരിച്ച് ആ മനോരോഗത്തിന് ആക്കം കൂട്ടുന്നു.

 

ഒരു സബ് ഇൻസ്‌പെക്ടറുടെ ഭാഗത്തുനിന്നുണ്ടാവേണ്ട നടപടികളാണ് അദ്ദേഹം ഇരുന്ന വകുപ്പുകളിലെല്ലാം പ്രകടമാക്കിയിട്ടുള്ളത്. ഐ.പി.എസ് ഓഫീസറാണദ്ദേഹം. ഡി.ജി.പി റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥനും. യോഗ്യതയുടെയും പരിചയത്തിന്റെയും അടിസ്ഥാനത്തിൽ അദ്ദേഹത്തിൽ അർപ്പിതമായിരിക്കുന്ന കർത്തവ്യം സമ്പ്രദായത്തെ പരമാവധി മെച്ചപ്പെടുത്തുക എന്നതാണ്. അത് ബൗദ്ധികവും നേതൃത്വപരവുമായ പ്രവൃത്തിയാണ്. അത് അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിയാതിരിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ പരിമിതിയെ ആണ് കാണിക്കുന്നത്. ആ പരിമിതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയിൽ നടത്തിയ അദ്ദേഹത്തിന്റെ രണ്ട് പ്രസ്താവനകൾ. ഒന്ന് പതിനാല് സെക്കൻഡ് ഒരു സ്ത്രീയെ പുരുഷന്മാര്‍ തുറിച്ചു നോക്കിയാൽ അവർക്കെതിരെ കേസ്സു കൊടുത്ത് ജയിലിലടയ്ക്കണം. രണ്ട്, പെൺകുട്ടികൾ ചെറിയ കത്തിയും കുരുമുളക് പൊടിയുമായി വേണം പുറത്തിറങ്ങാൻ.

 

പതിനാല് സെക്കൻഡ് തുറിച്ചു നോക്കിയാൽ ജയിലിലടയ്ക്കാൻ പറ്റുന്ന നിയമം ഇന്ത്യയിലില്ലെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഒരു പ്രസംഗവേദിയിൽ നിന്നു സംസാരിക്കുമ്പോൾ അതാരായാലും ആ വ്യക്തി സമൂഹവുമായി ചിന്ത പങ്കിടുകയും കൂട്ടായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ്. സ്വാധീനം, ഉത്തേജനം, സക്രിയത തുടങ്ങിയ മാനുഷിക വശങ്ങൾ പ്രസംഗങ്ങൾക്ക് ഉണർത്താൻ കഴിയും. മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ഡി.ജി.പിയായ ഋഷിരാജ് സിംഗ് ഒരു വേദിയിൽ നിന്ന് യുവതലമുറയോട് സംസാരിക്കുമ്പോൾ ആ ഉത്തരാവാദിത്വം കൂടുകയാണ് വേണ്ടത്. പ്രസംഗം എന്നത് സാംസ്‌കാരിക പ്രവൃത്തിയാണെന്ന് മനസ്സിലാക്കാനുള്ള ശേഷിയും പ്രാസംഗികന് ഉണ്ടാകേണ്ടതാണ്.

 

ഏതൊരു ചൂഷണവും സാധ്യമാകുന്നത് പേടിയുടെ പശ്ചാത്തലത്തിലാണ്. പേടിയിൽ പൂണ്ടു കിടന്ന സമൂഹത്തെ പേടിയിൽ നിന്ന് കുറച്ചെങ്കിലും മോചിപ്പിക്കുകയാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ആദ്യം ചെയ്തത്. അതാണ് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. അത് അദ്ദേഹം വ്യക്തിയിലൂടെയാണ് സാധ്യമാക്കിയത്. ഭീരുത്വവും ഹിംസയും. ഈ രണ്ടെണ്ണെത്തിൽ ഒന്ന് തെരഞ്ഞെടുക്കേണ്ടി വരികയാണെങ്കിൽ താൻ ഒരു സംശയവുമില്ലാതെ ഹിംസയെ തെരഞ്ഞെടുക്കുമെന്ന് ഗാന്ധിജി പറഞ്ഞതിന്റെ പൊരുൾ, പേടി അത്രയ്ക്ക് വിനാശകരവും എല്ലാ തിൻമകളുടെയും ഉറവിടവുമായതിനാലാണ്. രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യത്തലേന്ന് ഋഷിരാജ് സിംഗ് കൊച്ചിയിൽ നടത്തിയ പ്രസംഗം പെൺകുട്ടികളിൽ ഭീതിയും സംശയവും പരസ്പരവിശ്വാസമില്ലായ്മയും സൃഷ്ടിക്കുന്നതാണെന്നുള്ളതിൽ ഒരു സംശയവുമില്ല. പാരനോയിയ അഥവാ താൻ ആക്രമിക്കപ്പെടുന്നുവെന്ന മനോരോഗവും ഇത് സൃഷ്ടിക്കും. കാരണം രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കത്തിയും മുളകു പൊടിയും എടുക്കുന്നത് അജ്ഞാതനായ ശത്രുവിനെ ആക്രമിക്കാനാണ്. ആ കുട്ടി ചുറ്റുപാടും ആൺകുട്ടികളിൽ തിരയുന്നത് ശത്രുവിനെയായിരിക്കും. തന്റെ സുഹൃത്തുക്കളും പരസ്പര സ്‌നേഹം പങ്കിടുകയും ചെയ്യേണ്ട ആൺകുട്ടികളിലാണ് വിശേഷിച്ചും കൗമാരപ്രായത്തിലേക്കു കടക്കുന്ന പെൺകുട്ടി ശത്രുവിനെ തിരയുന്നത്. ഇത് ക്രമേണ ആണുങ്ങളെ തന്നെ ശത്രുതയോടു വീക്ഷിക്കുന്ന മാനസികാവസ്ഥയിലേക്ക് ആ കുട്ടിയെ മാനസികാവസ്ഥയെ മാറ്റും. ഇപ്പോൾ തന്നെ അത്തരമൊരു സമൂഹ മന:ശാസ്ത്രം കേരളത്തിൽ വികസിച്ചുവന്നു കഴിഞ്ഞിട്ടുണ്ട്.

 

സ്ത്രീകളെ അവരുടെ നേർക്കുണ്ടാവുന്ന ആക്രമണങ്ങളിൽ നിന്ന് മോചിപ്പിക്കണമെങ്കിൽ അവരിൽ ധൈര്യമാണ് നിക്ഷേപിക്കേണ്ടത്. ധൈര്യത്തോടെയുള്ള പെണ്ണിന്റെ നോട്ടം ഏത് വൻ ആയുധത്തേക്കാളും മൂർച്ഛയേറിയതാണ്. പുരുഷനേക്കാൾ ധൈര്യശാലിയും സ്ത്രീ തന്നെയാണ്. ആക്രമിക്കപ്പെടുമെന്ന ഭയത്താൽ ആണുങ്ങളാണ് ആയുധവുമൊളിപ്പിച്ചു നടക്കുന്നത്. വ്യക്തികൾ തമ്മിലുള്ള സംഘട്ടനം മുതൽ വൻ യുദ്ധങ്ങൾ വരെയുള്ളവുടെ ചരിത്രമന്വേഷിച്ചാൽ അതറിയാൻ കഴിയും. ആണിന്റെ പേടിയാണ് ഈ യുദ്ധങ്ങൾക്ക് കാരണമായിട്ടുള്ളത്. ഇന്നും മാദ്ധ്യമങ്ങളിലൂടെ കണ്ണോടിച്ചാലതറിയാൻ കഴിയും. കത്തിക്കുത്തിലും സംഘട്ടനങ്ങളിലും ഏർപ്പെടുന്ന സ്ത്രീകൾ ഇല്ലെന്നു തന്നെ പറയാം. അടുത്ത കാലത്തായി ഋഷിരാജ് സിംഗ് മോഡൽ ശാക്തീകരണത്തിന്റെ ഫലമായി സ്ത്രീകൾ ഏർപ്പെടുന്ന കുറ്റകൃത്യങ്ങൾ കൂടിവരുന്നുണ്ട്. പെണ്ണിനെ പേടിയായതിനാൽ ആണിന്റെ വരുതിക്കു നിർത്താൻ ചരിത്രാതീത കാലം മുതൽ കണ്ടുപിടിച്ച വിദ്യയാണ് സ്ത്രീയെ ദുർബലയായി ചിത്രീകരിക്കുന്നത്. ഒരു പേടിത്തൊണ്ടൻ പുരുഷനെ പെൺകുട്ടികളിൽ നിക്ഷേപിക്കുകയാണ് കുഞ്ഞു കത്തിയുമായി മാത്രമേ പുറത്തിറങ്ങാവൂ എന്നുള്ള ഋഷിരാജ് സിംഗിന്‍റെ ആഹ്വാനം.

 

പതിനാല് സെക്കൻഡ് തുറിച്ചു നോക്കുന്ന ആണിന്റെ നേർക്ക് ഒന്നു നിന്ന് സ്ത്രീ രണ്ട് സെക്കൻഡ് തറച്ചു നോക്കിയാൽ നോക്കുന്നവന്റെ കാൽ നനയും. സംശയം വേണ്ടാ. ആ നോട്ടം വരണമെങ്കിൽ ചാഞ്ചാടാത്ത മനസ്സ് സ്ത്രീയിൽ വേണം. ചാഞ്ചാടാത്ത മനസ്സിൽ നിന്നേ ദൃഷ്ടി ദൃഢമാകുകയുള്ളു. നമ്മുടെ നാട്ടിൽ പാതി മരിച്ച കണക്കു കിടക്കുന്ന സർക്കാർ സമ്പ്രദായങ്ങളാണ് ഇത്തിരിമിടുക്കൻമാർക്ക് ഇങ്ങനെ ഷൈൻ ചെയ്യാൻ അവസരമുണ്ടാക്കിക്കൊടുക്കുന്നത്. തീർച്ചയായും നമ്മുടെ സമൂഹത്തിന്റെ പോരായ്മകളും തൽഫലമായി അത് ജനായത്ത സംവിധാനത്തിൽ പ്രതിഫലിക്കുന്നതുമാണ് ഇതിനു കാരണം. എന്നിരുന്നാലും ആ അവസ്ഥയിലും നേതൃനിരയിലുള്ള ഉദ്യോഗസ്ഥർ ക്രിയാത്മകമാകാൻ ശ്രമിച്ചാൽ ഒട്ടേറെ ഗുണപരമായ മാറ്റം വരുത്താൻ കഴിയും.

alexander jacob

 

അത്തരത്തിൽ ഗുണപരമായ മാറ്റം വരുത്തിയിട്ടുള്ള ധാരാളം ഉദ്യോഗസ്ഥർ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്. അവർക്കൊന്നും സുരേഷ് ഗോപി പരിവേഷം ഇല്ലാത്തതിനാൽ മാദ്ധ്യമങ്ങൾ പാണൻ പണി നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ അവർ അജ്ഞാതനായകരായി പരിണമിക്കുകയാണുണ്ടായത്. യഥാർഥത്തിൽ അത്തരത്തിലുള്ളവരെ സമൂഹത്തിൽ ഉയർത്തിക്കാട്ടുമ്പോഴാണ് അവരുടെ പ്രവൃത്തിപഥത്തിലേക്ക് പിന്നാലെ വരുന്നവരും വരികയുള്ളു. ഋഷിരാജ് സിംഗിന്റെ മാതൃക, തന്റെ കീഴിലുള്ള ഓഫീസുകളിൽ തന്റെ ജന്മദിനം ആഘോഷിപ്പിച്ച ടോമിൻ ജെ. തച്ചങ്കരിമാരെ മാത്രമേ സൃഷ്ടിക്കുകയുള്ളു.

 

കേരളത്തിന്റെ പോലീസ് സേനയിൽ നിന്ന് സാധാരണ ജനം ഇന്നനുഭവിക്കുന്ന ഒട്ടേറെ നല്ല സമീപനങ്ങൾക്ക് കാരണമായിട്ടുള്ളതിൽ മുഖ്യസംഭാവന ചെയ്ത വ്യക്തിയായിരുന്നു ഡി.ജി.പിയായി സർവ്വീസിൽ നിന്നും വിരമിച്ച അലക്‌സാണ്ടർ ജേക്കബ്. പക്ഷേ, അദ്ദേഹത്തെ കേരളത്തിലെ മാദ്ധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ഏതാണ്ട് അപമാനിച്ച വിധത്തിലായിരുന്നു സർവ്വീസിൽ നിന്നും പറഞ്ഞയച്ചത്. ഇന്ന് കേരളത്തിലെ പോലീസ് സേനയിലെ ഏറ്റവും വലിയ സാംസ്‌കാരിക സാന്നിദ്ധ്യമാണ് വനിതാ പോലീസുകാർ . അത് അലക്‌സാണ്ടർ ജേക്കബ്ബിന്റെ കേരള പോലീസ് അക്കാദമി മേധാവിയായിരുന്നുകൊണ്ടുള്ള പരിശീലനത്തിന്റെ ഫലമാണ്. വനിതാ പോലീസുകാരെല്ലാം അദ്ദേഹത്തെ അങ്കിൾ എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നതു പോലും. അതുപോലെ പോലീസ് സ്‌റ്റേഷനുകളിലെ പുരുഷ പോലീസുദ്യോഗസ്ഥരുടെ അസഭ്യ വർഷവും കുറയ്ക്കുന്നതിൽ സ്‌നേഹത്തിന്റെ ഭാഷയിലൂടെയുള്ള അദ്ദേഹത്തിന്റെ സംവിധാനവും പ്രശംസനീയമാണ്. ഇതിനെല്ലാമുപരി ഒരു വിപ്ലവം തന്നെയാണ് ജയിൽപ്പുള്ളികളിൽ പരിവർത്തനം വരുത്തിയ അദ്ദേഹത്തിന്റെ നടപടികൾ. അതിൽ, കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്കു നൽകുന്ന ജയിൽ ഭക്ഷണം ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റം ചെറുതല്ല. ഇന്നതൊരു പ്രസ്ഥാനമായി തുടരുന്നു. ഒരു വ്യക്തിയുടെ വൈഭവം അദ്ദേഹത്തിന്‍റെ അഭാവത്തിലാണ് വിലയിരുത്തപ്പെടുന്നതെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമാണത്. അദ്ദേഹത്തെ മികച്ച വ്യക്തിയായി കാണുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകൾ പുറംലോകം അറിയുന്ന വിധം അവതരിപ്പിക്കുന്നതിലും മുഖ്യധാരാ മാദ്ധ്യമങ്ങൾ അലംഭാവം കാണിക്കുകയുണ്ടായി. അദ്ദേഹത്തിന്റേതാണ് ബൗദ്ധികവും നേതൃത്വപരവുമായ പ്രവൃത്തി. ഇതാണ് ഈ നിലവാരത്തിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും പ്രതീക്ഷിക്കുന്നത്. അല്ലാതെ മറ്റുള്ളവരെ മോശമാക്കിക്കൊണ്ട് ആളു ചമയുന്ന വിധമുള്ള നടപടികളല്ല.

 

ഇന്ന്‍, പൊതുപരിപാടി നടത്തുന്നവരും സംഘടനകളുമെല്ലാം ശ്രദ്ധിക്കുന്നത് പരിപാടി കൊണ്ട് എന്ത് പ്രയോജനമാണ് ലഭ്യമാകേണ്ടത് എന്നല്ല. മറിച്ച് എങ്ങനെ കൂടുതൽ മാദ്ധ്യമശ്രദ്ധ നേടാനും ആളെക്കൂട്ടാനും പറ്റും എന്നാണ്. അത്തരം ചിന്തയിൽ നിന്നാണ് ഇതുപോലുളള ഒറ്റയാൻ മാദ്ധ്യമ സിംഹങ്ങളെ അതിഥികളായി വിളിക്കുന്നത്. സാമൂഹികമായി എന്തെങ്കിലും കാഴ്ചപ്പാടുള്ളവരെയാണ് പൊതുവേദികളിൽ സംഘാടകർ വിളിക്കാൻ നോക്കേണ്ടത്.  ഇപ്പോൾ ഋഷിരാജ് സിംഗിന്റെ പ്രസംഗം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ചിലപ്പോൾ ആ പരിപാടിയുടെ സംഘടകർ ഊറ്റം കൊള്ളുന്നുണ്ടാകും. ഇത്തരമൊരു സാമൂഹിക പശ്ചാത്തലത്തിന്റെ കുമിളകളാണ് ഋഷിരാജ് സിംഗിനെപ്പോലുള്ളവർ. ഇതിനർഥം അദ്ദേഹം മോശക്കാരനോ അഴിമതിക്കാരനോ എന്നല്ല. അദ്ദേഹത്തിന് അത്രയേ സാധിക്കുന്നുള്ളു. അതുപോലെ മാദ്ധ്യമശ്രദ്ധ കിട്ടുന്നതും ഒരു നായകപരിവേഷം കിട്ടുന്നതും ആസ്വദിക്കുകയും ചെയ്യുന്ന ഒരു പാവം മനുഷ്യൻ.

Tags: