സുരേഷ് ഗോപി രാഷ്ട്രീയം പറയാതിരിക്കുന്നത് നന്ന്

Glint Staff
Fri, 22-04-2016 04:16:32 PM ;

suresh gopi

 

ബി.ജെ.പിയുടെ കടാക്ഷത്താൽ സുരേഷ് ഗോപി പാർലമെന്റിലെ വല്യേട്ടന്മാർ അഥവാ എൽഡേഴ്‌സ് എന്നറിയപ്പെടുന്നവരുടെ രാജ്യസഭയിലെത്തി. നല്ല കാര്യം. രാഷ്ട്രീയം പ്രമേയമായ സിനിമകളിൽ തിരക്കഥാകൃത്ത്, വിശേഷിച്ചും രൺജി പണിക്കർ, എഴുതിക്കൊടുത്ത ഡയലോഗുകൾ ശരീരം മുഴുവൻ ഉപയോഗിച്ച് പ്രയോഗിച്ചതാണ് സുരേഷ്‌ഗോപിക്ക് ലഭിച്ചിട്ടുള്ള രാഷ്ട്രീയ വിദ്യാഭ്യാസം. കുഴപ്പമില്ല, അദ്ദേഹം സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കുകയായിരുന്നെങ്കിൽ. ഇന്നിപ്പോൾ രാജ്യത്തെ പാർലമെന്റിന്റെ ഉപരിസഭയിൽ അദ്ദേഹം എത്തിയിരിക്കുകയാണ്. ഇനി ഭാഷണം നടത്തുമ്പോൾ അൽപ്പം ശ്രദ്ധിക്കുന്നത് നന്ന്. സിനിമയും രാഷ്ട്രീയത്തിന്റെ ഭാഗമാണ്. എന്നാൽ സിനിമയല്ല രാഷ്ട്രീയം. സിനിമയിലെ ഡയലോഗുകൾക്ക് പഞ്ച് ആവശ്യമാണ്. പഞ്ച് മാത്രം പോരാ, സ്റ്റണ്ട് തുടങ്ങിയ കലാപരിപാടികളും വേണം. അതേപോലെ രാഷ്ട്രീയ രംഗത്ത് പറയുന്നത് ഉചിതമല്ല.

 

നാമനിർദ്ദേശം ചെയ്യപ്പെട്ടതിനെ തുടർന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി പുറത്തിറങ്ങി ആദ്യമേ പറഞ്ഞത് പക്ഷേ പഞ്ച് ഡയലോഗായിപ്പോയി. രാഷ്ട്രീയമല്ല വേണ്ടത് രാഷ്ട്രമാണ്. കേൾക്കാൻ പഞ്ചുണ്ട്. അതോടൊപ്പം സുരേഷ് ഗോപിയെന്ന മനുഷ്യന്റെ ബോധമണ്ഡലത്തിന്റെ ആഴവും പരപ്പും എത്രയുണ്ടെന്ന് ശരത്കാല മധ്യാഹ്നത്തിലെ നിശ്ചല തടാകങ്ങളുടെ അടിത്തട്ടുപോലെ വെളിവാക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയമില്ലെങ്കിൽ രാഷ്ട്രമില്ല. രാഷ്ട്രമെന്ന് പറയുമ്പോൾ സുരേഷ് ഗോപിയുടെ മനസ്സിൽ തെളിയുന്ന രൂപമെന്താണെന്ന് വ്യക്തമാണ്. 'വികസന'മായിരിക്കും അദ്ദേഹം കാണുന്ന ചിത്രം. അതിലും കുഴപ്പമില്ല. സുരേഷ് ഗോപി സിനിമാതാരമാണ്. അതുകൊണ്ട് ആ താരപരിവേഷത്തോടൊപ്പം അദ്ദേഹം പറയുന്നതും നാടാകെ പറക്കുകയും പരക്കുകയും ചെയ്യും. ഇരുപത്തിനാലു മണിക്കൂറും ചാനലുകളിലൂടെ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിലും നല്ല വാക്കുകൾ വളരെ ദുർലഭമായിട്ടേ കേൾക്കാറുള്ളു. എന്താണ് രാഷ്ട്രീയമെന്നും രാഷ്ട്രമെന്നും അറിയാത്തതും അറിയാൻ താൽപ്പര്യമില്ലാത്തതുമായ കുട്ടികൾ എക്കാലവും എല്ലായിടത്തുമുണ്ടാവും. നിഷ്കളങ്കരായ അവരുടെയുള്ളിലേക്ക് ഇത്തരം വാചകങ്ങൾ പോയി വീഴും. അതൊക്കെയാണ് അവരുടെ വ്യക്തിത്വ രൂപീകരണത്തിൽ സ്വാധീന ശക്തിയായി മാറുക.

 

ജനാധിപത്യത്തിന്റെ ജീവവായുവാണ് രാഷ്ട്രീയം. രാഷ്ട്രീയത്തിലെ ച്യുതിയാണ് ഇന്ന് രാഷ്ട്രം നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും ദുരിതങ്ങൾക്കും കാരണം. നരേന്ദ്ര മോദിയിലൂടെ രാഷ്ട്രീയം രസതന്ത്രം നടത്തിയതിന്റെ ഫലമാണ് സുരേഷ്  ഗോപി വ്യാഴാഴ്ച പദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാനുള്ള നിമിത്തമായതും. അതെങ്കിലും സുരേഷ് ഗോപി ആലോചിക്കേണ്ടതായിരുന്നു. ഇന്ന് രാജ്യം നേരിടുന്ന പ്രശ്നങ്ങൾ രാഷ്ട്രീയത്തിന്റേതാണെങ്കിൽ ഗുണപരമായ മാറ്റത്തിന്റെ ആവശ്യവും രാഷ്ട്രീയത്തിലാണ്. ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന ഗുരുതര പ്രശ്നമെന്ന് പറയുന്നതും രാഷ്ട്രീയത്തിലെ അരാഷ്ട്രീയ പ്രവണതകളാണ്. അവ്വിധം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന തിരക്കഥകൾ ഉണ്ടാവുക പ്രയാസമാണ്. അതിനാൽ സുരേഷ് ഗോപിക്ക് അത്തരമൊരു സിനിമയിൽ അഭിനയിക്കാൻ അവസരവും കിട്ടുക പ്രയാസം.

 

കലാകാരൻ എന്ന നിലയിലാണ് സുരേഷ് ഗോപി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഓർക്കുന്നത് നന്ന്. ആ രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ അനുഭവസമ്പത്ത് സുരേഷ് ഗോപിക്കുണ്ടാവും. ആ നിലയ്ക്ക് വിലപ്പെട്ട സംഭാവനകൾ രാജ്യസഭയിലൂടെ സുരേഷ് ഗോപിക്കു നൽകാനാകും.  അതാണ് വേണ്ടതും നല്ലതും. ഒരു വിഷയം അറിയാതെ വരുമ്പോൾ അവലംബിക്കാവുന്ന മൂന്നു കാര്യങ്ങളുണ്ട്. ഒന്ന്, പഠിക്കുക. രണ്ട്, ശ്രദ്ധിക്കുക. മൂന്ന്, മിണ്ടാതിരിക്കുക. സുരേഷ് ഗോപിക്ക് രാഷ്ട്രീയം എന്താണെന്ന് അറിയില്ല. അതൊരു കുറവായി കാണേണ്ടതുമില്ല. എന്നാൽ രാഷ്ട്രീയമല്ല രാഷ്ട്രമാണ് വേണ്ടത് എന്നൊക്കെ പറയുമ്പോൾ അത് സുരേഷ് ഗോപി മനസ്സിലാക്കിയിട്ടുള്ള രാഷ്ട്രീയം പറച്ചിലാവുകയും അതിനാൽ അത് രാഷ്ട്രീയമായിപ്പോവുകയും ചെയ്യുന്നു. അത്തരം സമീപനങ്ങളിൽ നിന്നാണ് രാഷ്ട്രീയത്തിൽ അരാഷ്ട്രീയം കടന്നുവരുന്നത്. ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടിയിൽ സുരേഷ് ഗോപിയിലൂടെ അരാഷ്ട്രീയം കടന്നു വന്നിരിക്കുന്നു എന്ന് കാണാൻ പ്രയാസമില്ല. ഇവ്വിധമാണ് ഇന്ത്യയുടെ ഗുരുതര പ്രശ്നമായ രാഷ്ട്രീയത്തിലെ അരാഷ്ട്രീയത വ്യാപിക്കുന്നതും.

Tags: