പേടി രാഷ്ട്രീയ മൂലധനമാകുമ്പോള്‍

Glint Staff
Tue, 01-03-2016 12:39:00 PM ;

B.S. Bassiരാജ്യദ്രോഹം എന്താണെന്നറിയാമോ എന്ന് ദില്ലി ഹൈക്കോടതി ദില്ലി പോലീസിനോട് ചോദിച്ചിരിക്കുന്നു. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെ.എൻ.യു വിദ്യാർഥി കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതി ഈ ചോദ്യമുന്നയിച്ചത്. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടാകുമ്പോഴാണ് രാജ്യതലസ്ഥാന പോലീസിനോട് കോടതിയുടെ ഈ ചോദ്യം.

 

ഈ ചോദ്യത്തിനുള്ള സർക്കാർ അഭിഭാഷകരുടെ ഉത്തരം മാധ്യമങ്ങളിലൂടെ വ്യക്തമായിട്ടില്ല. എന്തു തന്നെയായാലും രാജ്യദ്രോഹക്കുറ്റം ചുമത്താൻ മതിയായ തെളിവുകൾ കനയ്യ കുമാറിനെതിരെ പ്രഥമദൃഷ്ട്യാ കാണാഞ്ഞതിലാവണം ഹൈക്കോടതി ഈ ചോദ്യമുന്നയിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ രാജ്യദ്രോഹക്കുറ്റത്തില്‍ ഏർപ്പെട്ടിരിക്കുന്നത് ദില്ലി പോലീസാണ്. സംശയമില്ല. രാജ്യദ്രോഹത്തിലേർപ്പെടാത്ത, വിശേഷിച്ചും ഇരുപതുകളിലുള്ള ഒരു യുവാവിനെ അറസ്റ്റു ചെയ്യുകയും അതിന്റെ പേരിൽ രാജ്യത്താകമാനം അസ്വസ്ഥതയും ജനമനസ്സുകളിൽ അരക്ഷിതാവസ്ഥയും സൃഷ്ടിച്ച ദില്ലി പോലീസിനെതിരെ മാതൃകാപരമായ ശിക്ഷണ നടപടികളുണ്ടാവേണ്ടതാണ്. അല്ലാത്ത പക്ഷം അത് ജനമനസ്സുകളിൽ അവശേഷിപ്പിക്കുന്ന വികാരവും ധാരണയും രാജ്യത്തിന് ദോഷകരമായിത്തീരുന്നവയാണ്.

 

ഹൈക്കോടതിയുടെ ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. എന്തായിരുന്നു കനയ്യ കുമാറിനെ അറസ്റ്റു ചെയ്യാനുള്ള പ്രാഥമിക പ്രേരണ? അതിനും ദില്ലി പോലീസിനും കേന്ദ്ര മന്ത്രിസഭയ്ക്കും ഉത്തരവാദിത്വമുണ്ട്. എന്തിലും ഏതിലും രാഷ്ട്രീയ നേട്ടം കാണുന്ന രാഷ്ട്രീയ പാർട്ടികളുള്ള ഇന്ത്യയിൽ കേന്ദ്ര സർക്കാരിനേയും ബി.ജെ.പിയേയും രാഷ്ടീയമായി ആക്രമിക്കാനുള്ള അവസരമായി മാത്രമേ പ്രതിപക്ഷ പാർട്ടികൾ ഈ സാഹചര്യത്തെ ഉപയോഗിക്കുകയുള്ളു. മറിച്ച്, ഈ വിഷയത്തെ വെറും മറ്റൊരു ചാനൽ ചർച്ചാ വിഷയമാക്കി മാറ്റാതെ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇത്തരത്തിലൊരു സംഭവം ആവർത്തിക്കപ്പെടാതിരിക്കാനുള്ള വിധമുള്ള നടപടികൾ ഉണ്ടാവുന്നതിലേക്ക് കാര്യങ്ങൾ നീക്കേണ്ടതാണ്.

Kanhaiya Kumar

 

ബോധപൂർവ്വം രാജ്യത്ത് പേടി സൃഷ്ടിക്കുക എന്നതാണ് ഈ അറസ്റ്റും തുടർന്നു കോടതിമുറിക്കകത്തുൾപ്പടെയുണ്ടായ അക്രമ സംഭവങ്ങളും സൂചിപ്പിക്കുന്നത്. ലോക്കപ്പിനകത്ത് കനയ്യ കുമാർ പുറമേ ഉളളവരാൽ മർദ്ദിക്കപ്പെടുകയും ഒടുവിൽ മർദ്ദനമേറ്റ് മൂത്രമൊഴിക്കുകയുമൊക്കെ ചെയ്തെന്നുമുള്ളതും പേടി ജനിപ്പിക്കാനും പരത്താനും ശ്രമിക്കുന്നവർ ബോധപൂർവ്വം പുറത്തു വിട്ടതാകേനേ വഴിയുളളു. ഇങ്ങനെ, പേടി ജനിപ്പിക്കാനുള്ള തൽപ്പര കക്ഷികളുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതിന് പകരം ഈ നടപടികള്‍ക്ക് പിന്നിലെ താല്‍പ്പര്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയാണ് രാജ്യത്തെ ജനായത്ത സ്ഥാപനങ്ങളില്‍ വിശ്വസിക്കുന്നുവെങ്കില്‍ പ്രതിപക്ഷം ചെയ്യേണ്ടത്.

 

കേന്ദ്ര സർക്കാർ ഫാസിസം നടപ്പാക്കുന്നു എന്ന് പ്രതിപക്ഷ പാർട്ടികൾ ഈ പശ്ചാത്തലത്തിൽ ആവർത്തിക്കുക കൂടി ചെയ്യുമ്പോൾ ഇത്തരം ഫാസിസ്റ്റ് നടപടികൾ ഉണ്ടാകാൻ അവസരം വർധിക്കുകയാണ്. കാരണം സര്‍ക്കാറിനെതിരെ പേടി തന്നെയാണ് പ്രതിപക്ഷം ജനങ്ങളിലേക്ക് പ്രവഹിപ്പിക്കാൻ ശ്രമിക്കുന്നത്. അതേസമയം, പേടിയുള്ള സമൂഹത്തിൽ മാത്രമേ ഫാസിസം നിലനിൽക്കുകയുളളു. പേടിയിൽ നിന്ന് മൂലധനമുണ്ടാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ, വിശേഷിച്ചും ഇടതുപക്ഷ പാർട്ടികളുടെ, സമീപനം അടിയന്തരമായി മാറേണ്ടതാണ്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് പോലും ജനസാമാന്യത്തില്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുന്ന തരത്തിലാണ് താല്‍പ്പര കക്ഷികള്‍ ഈ സംഭവത്തെ ഉപയോഗിക്കുന്നതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ കാണാന്‍ സാധിക്കും.

 

ഇതിന് പിന്നില്‍ സംഘടിതമായ ശ്രമം നടന്നിട്ടുണ്ട് എങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന് വ്യക്തതയോടെ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതുണ്ട്. കോടതിയിലെ വിചാരണയ്ക്കും അപ്പുറം, സംയുക്ത പാര്‍ലിമെന്ററി സമിതി പോലുള്ള ഉഭയകക്ഷി സംവിധാനങ്ങള്‍ ഈ അവസരത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടതാണ്. ഒരേസമയം, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ജനായത്ത സ്ഥാപനങ്ങളെ ഉത്തരവാദിത്വപൂര്‍ണ്ണമാക്കാനും ഉതകുന്ന തരത്തിലുള്ള നടപടികള്‍ ആണ് ഇവിടെ ആവശ്യം.

Tags: