മാണി മാത്രം രാജി വെയ്ക്കേണ്ട ആവശ്യമില്ല

Glint Staff
Sat, 24-01-2015 02:33:00 PM ;

km maniസംസ്ഥാന ധനകാര്യ വകുപ്പു മന്ത്രി കെ.എം മാണി രാജി വെയ്ക്കണോ വേണ്ടയോ എന്നുള്ളതാണ് വർത്തമാന കേരളത്തിലെ മുഖ്യ പ്രശ്നം. അദ്ദേഹത്തിനെതിരെ ബാറുടമകളുടെ സംഘടനയുടെ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച അഴിമതി ആരോപണമാണ് രാജി ആവശ്യത്തിന്റെ അടിസ്ഥാനം. തന്റെ സംഘടനയിലെ സഹപ്രവർത്തകർ മാണിയ്ക്ക് ബാർ ലൈസന്‍സ് പ്രശ്നം തങ്ങൾക്കനുകൂലമായി പരിഹരിക്കുന്നതിന് കോഴ കൊടുത്തുവെന്നാണ് ആരോപണം. അദ്ദേഹത്തിന്റെ രാജിക്ക് വേണ്ടി ബി.ജെ.പി ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും, ആ ഹർത്താൽ പ്രഖ്യാപന ചമ്മലിൽ നിന്ന് പുറത്തു കടക്കാനെന്നവണ്ണം ജനുവരി 23-ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഡി.വൈ.എഫ്.ഐക്കാർ കരിങ്കൊടി പ്രതിഷേധം നടത്തിയെങ്കിലും, മാണിയുടെ രാജിയില്‍ ഇവരേക്കാള്‍ കൂടുതൽ വ്യഗ്രത കേരളാ കോൺഗ്രസ്സിന് ഉള്ളിലുള്ളവർക്കാണെന്നുള്ളതാണ് വസ്തുത. അതിന്റെ പ്രതിഫലനങ്ങൾ പ്രകടമായി കണ്ടുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മാണിയുടെ മകൻ ജോസ് കെ. മാണി മന്ത്രിയാകേണ്ട ആവശ്യമില്ല, മറിച്ച് സി.എഫ് തോമസ് മന്ത്രിയായാൽ എന്താ കുഴപ്പമെന്നുമൊക്കെ നിർദോഷമെന്ന് തോന്നുന്ന വിധം ചീഫ് വിപ്പ് പി.സി ജോർജ് ചോദിച്ചിരിക്കുന്നത്.

 

വിഷയം വളരെ ലളിതവും കൃത്യവുമാണ്. കെ.എം മാണി രാജി വെയ്ക്കേണ്ടതിന്റെ ആവശ്യകത എന്താണ്. ധാർമ്മികത എന്ന ഒറ്റ ഘടകം മാത്രമേ നോക്കേണ്ടതുള്ളു. അതിന്റെ പേരിലാണെങ്കിൽ ഒരു കാരണവശാലും മാണി രാജി വെയ്ക്കേണ്ട ആവശ്യമില്ല. സോളാർ കേസ് സമയത്ത് വന്ന മന്ത്രിമാരുടെ ശബ്ദരേഖയും അല്ലാത്ത രേഖകളും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും സലിം രാജ് കേസിൽ ഹൈക്കോടതിയിൽ നിന്ന് വളരെ വ്യക്തമായ രീതിയിൽ മുഖ്യമന്ത്രിയ്‌ക്കെതിരെയുണ്ടായ പരാമർശങ്ങളും തുടങ്ങി ഒട്ടനവധി സന്ദർഭങ്ങളും ഏറ്റവുമൊടുവില്‍ മദ്യനയം സംബന്ധിച്ചുള്ള സുപ്രീം കോടതി നിരീക്ഷണവും ഒക്കെ വരികയുണ്ടായി. മദിരാക്ഷി, മദ്യം, ധനം എന്നിവയൊക്കെ കൂടിക്കുഴഞ്ഞ് അതിന്റെ പാരമ്യത്തിലെത്തിയ സ്ഥിതിയാണ് സോളാർ കേസ് മുതൽ കേരള രാഷ്ട്രീയത്തിന്റെ ഗതി. ധാർമ്മികതയുടെ എന്തെങ്കിലും അവശേഷിക്കുന്ന കുളിരുണ്ടായിരുന്നെങ്കിൽ അതെല്ലാം ഇല്ലാതായിപ്പോയ മുങ്ങലായിരുന്നു സരിത ഉൾപ്പെട്ട സോളാർ കേസ്. ധാർമ്മികതയെ അവഗണിക്കുക മാത്രമല്ല, ഇല്ലായ്മ ചെയ്യാനുള്ള വാശി പോലെയൊരു ധാർഷ്ട്യമാണ് അപ്പോൾ കേരള രാഷ്ട്രീയത്തിൽ പ്രകടമായത്. അതിൽ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തിനും കൂട്ടുപങ്കുണ്ട്. പ്രതിപക്ഷത്തിന്റെ ഒത്താശ കൂടിക്കൊണ്ടാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും അങ്ങനെയൊരു നിലപാടെടുത്തു മുന്നോട്ടു നീങ്ങാനായത്.

 

oommen chandyബാർ കോഴക്കേസ്സിൽ ബിജു രമേശ് ഇപ്പോൾ അഴിമതിക്കെതിരെയുള്ള അപ്പോസ്തലൻ എന്ന നിലയിലാണ് മാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്. കേരള രാഷ്ട്രീയത്തിൽ നമ്മെ ഭരിക്കുന്നവരും ഭരിക്കാൻ പോകുന്നവരുമായ അത്യുന്നതങ്ങളിൽ പെട്ട ചിലർ ചേർന്നു നടത്തിയ അതിവിദഗ്ധമായ ഗുഢാലോചനയുടെ ഫലമാണ് ബിജു രമേശിന്റെ അഴിമതി ആരോപണം. അതിന്റെ ലക്ഷ്യങ്ങൾ പലതാണ്. കേരളത്തിൽ നിലനിൽക്കുന്ന മാദ്ധ്യമ സംസ്കാരത്തിലെ ധാർമ്മിക പാപ്പരത്വത്തിന്റെ പ്രതിഫലനം കൂടിയാണ് രാഷ്ട്രീയത്തിലൂടെ മദിരാക്ഷിമാരും മദ്യക്കാരും എല്ലാം കൂടിക്കലർന്ന് സംസ്ഥാനത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നത്. മാദ്ധ്യമങ്ങളെ പശ്ചാത്തലമാക്കി നടക്കുന്ന ഗൂഢാലോചനകളാണ് ഇവിടെ ഇപ്പോൾ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. ബാറുകാരുടെ പക്കൽ നിന്ന് കോഴ വാങ്ങിയിട്ടുള്ളത് കെ.എം മാണി മാത്രമല്ലെന്നും ബിജു രമേശ് ഉൾപ്പടെയുള്ളവർ പറയുന്നുണ്ട്. എന്നാൽ എല്ലാവരുടേയും പേര് പണം കൊടുത്തവർ തന്നെ പറയുന്നില്ല. അതുകൊണ്ട് തന്നെ മാണി രാജി വെയ്ക്കുകയാണെങ്കിൽ അത് അഴിമതിയുടെ പേരിലുള്ള രാജിയാവില്ല. മറിച്ച് ഗൂഢാലോചനാ വിജയത്തിന്റെ ഭാഗമായുള്ള രാജിയായിരിക്കുമത്. കാരണം ധാർമ്മികതയുടെ അൽപ്പമെങ്കിലും കണിക അവശേഷിക്കുന്നുണ്ടായിരുന്നെങ്കിൽ പലകുറി രാജി വെയ്‌ക്കേണ്ടിയിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നഗ്നരായവരുടെ സമൂഹത്തിൽ മാണിയെ വസ്ത്രമുടുപ്പിക്കാനുള്ള ശ്രമം പോലെയാണ് ധാർമ്മികതയുടെ പേരിൽ മാണി രാജി വെയ്ക്കണമെന്ന് പറയുന്നത്. മാണി രാജി വെയ്ക്കുകയാണെങ്കിൽ ഇതുവരെ സംസ്ഥാന ഭരണനേതൃത്വം ഉൾപ്പെട്ട അധാർമ്മിക നടപടികളൊക്കെ അതല്ലാതായി മാറുന്ന അവസ്ഥാവിശേഷവും ഉണ്ടാവും. അത് അധാർമ്മികതയുടെ സ്ഥാപനവത്ക്കരണത്തെ അരക്കിട്ടുറപ്പിക്കുന്നതിന് തുല്യമാകും.

 

കെ.എം മാണി രാജി വെച്ചതുകൊണ്ട് അഴിമതിയില്ലാതാകുന്നതിലേക്ക് ഒരു ചെറുപാദം മുന്നേറ്റം പോലും ഉണ്ടാകുന്നില്ല. അങ്ങനെ നടക്കുന്ന പക്ഷം ഗൂഢാലോചനയുടെ വിജയത്തെ അഴിമതിക്കെതിരെയുള്ള മുന്നേറ്റമായി ചിത്രീകരിക്കപ്പെടും. സമൂഹ മനസ്സാക്ഷിയിലേക്ക് അവരറിയാതെ അഴിമതി കൊടികുത്തി വാഴുന്നതിന് അനുകൂലമായ താത്വകമായ നിക്ഷേപമായിരിക്കുമത്. കാരണം വൻ ഗൂഢാലോചനയുടെ അകമ്പടിയോടുള്ള അഴിമതി മൂടിവയ്ക്കപ്പെടുകയും വെള്ളപൂശപ്പെടുകയും ചെയ്യുന്നതിലേക്ക് അത് പരിണമിക്കും. ജനം അഴിമതിക്കെതിരായ ജനായത്ത ധാർമ്മികത നടന്നുവെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. ഇത് കൈക്കൂലി വാങ്ങുന്നതുപോലെയുള്ള പ്രത്യക്ഷ അഴിമതിയേക്കാൾ ഭീതിദവും ഭീകരവുമായ അവസ്ഥയെ സൃഷ്ടിക്കും. കേരളത്തിൽ ഇപ്പോൾ രണ്ട് സാധ്യതകളാണുള്ളത്. മുഖ്യമന്ത്രിയും കൂട്ടരും പറയുന്നു, ഒരഴിമതിയും നടന്നിട്ടില്ല എന്ന്. കോടതികളും ജനങ്ങളും മറിച്ചും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ മാണിയുടെ രാജികൊണ്ട് മാത്രം ധാർമ്മികത രക്ഷപ്പെടില്ല. കാലം സൃഷ്ടിക്കുന്ന പല ഇന്ദ്രജാലങ്ങളുമുണ്ട്. അതിലൂടെ നാമും കടന്നുപോകുന്നു. അതിലെ രാഷ്ട്രീയ ഏടാണ് കേരളീയർ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിനാൽ മാണി കൂടി ഈ മന്ത്രിസഭയ്ക്കൊപ്പം നിൽക്കുന്നതാണ് മന്ത്രിസഭയുടെ പൊതു ധാർമ്മികതയ്ക്കുതകുന്നത്.

Tags: