മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കറിയാം അടുത്ത തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി വൻ ഭൂരിപക്ഷത്തിൽ ജയിച്ചാലും താനായിരിക്കില്ല മുഖ്യമന്ത്രിയെന്ന്. അതോടൊപ്പം താൻ എന്തുവന്നാലും ആ കസേരയിൽ അഞ്ചുവർഷം പൂർത്തിയാക്കുമെന്നും അദ്ദേഹത്തിന് നന്നായി ഉറപ്പുണ്ട്. ഏത് പ്രതിസന്ധി വന്നാലും താൻ തരണം ചെയ്ത പ്രതിസന്ധിയേക്കാൾ വലുതാവില്ല ഒന്നും. കാരണം ഒരു പൊതുസമൂഹം എന്തിന്റെയൊക്കെപ്പേരിലാണോ ചില മൂല്യങ്ങൾ ചൂണ്ടിക്കാട്ടി അത് ലംഘിക്കപ്പെടുമ്പോൾ അസ്വസ്ഥമാകുന്നത് അതിന്റെയെല്ലാം അങ്ങേയറ്റം വരെ ഉമ്മൻ ചാണ്ടി കാണുകയും അതിജീവിക്കുകയും ചെയ്തു. അത് കേരളത്തിന്റെയല്ല, രാജ്യത്തിന്റെയും ലോകത്തിന്റെയും തന്നെ ചരിത്രത്തിലെ മൂല്യവും സ്റ്റേറ്റും തമ്മിലുള്ള പഠനത്തിന് വിഷയമാകാവുന്നതാണ്. സരിത എന്ന യുവതി ഉൾപ്പെട്ട സോളാർ പ്രശ്നത്തിൽ സാമാന്യചിട്ടകളനുസരിച്ച് പൊതുവായി അംഗീകരിക്കുന്ന എല്ലാ മൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുകയുണ്ടായി. നഗ്നത ഫാഷനാവുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തിൽ വസ്ത്രത്തിന്റെ പ്രസക്തി നഗ്നതയെ എങ്ങനെ ഉള്ളതിനേക്കാൾ പെരുപ്പിച്ചുകാണിക്കാം എന്നതിനായിരിക്കും. അല്ലാതെ നഗ്നത മറയ്ക്കുക എന്നതാകില്ല. സ്വാഭാവികമായും നഗ്നതയും അത് മറയ്ക്കലും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട മാനങ്ങൾക്ക് മാനമില്ലാതാവും. മാനം തന്നെ ഇല്ലാത്ത അവസ്ഥയിലേക്ക് അത് വഴുതിവീഴുകയും ചെയ്യും. ഈ അവസ്ഥ അനുഭവിക്കുന്നവർക്കും അനുഭവിച്ചവർക്കുമുണ്ടാകുന്ന ആത്മവിശ്വാസം ആർക്കും തകർക്കാനാകാത്തതാണ്.
ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ കയറിയ നാൾ മുതൽ തുടങ്ങിയതാണ് അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച തർക്കങ്ങളും അതിനെത്തുടർന്നുണ്ടാവുന്ന അനിശ്ചിതത്വങ്ങളും. ഘടകകക്ഷിയായ ലീഗിൽ നിന്നു തുടങ്ങി, ന്യൂനപക്ഷ-ഭൂരിപക്ഷ അസന്തുലിതാവസ്ഥ, നായരീഴവ അനുപാതം, കോൺഗ്രസ്സിനകത്തെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ- എന്നുവേണ്ട ഇടവേളയില്ലാതെ തന്നെ ആ തർക്കങ്ങൾ തുടർന്നുപോയി. അധികാരം പങ്കിടൽ സംബന്ധിച്ച പോരാട്ടത്തിന്റെ ഫലമായാണ് സരിത പ്രശ്നം തന്നെ പൊന്തിവന്നത്. സരിത പ്രശ്നം ഒമ്പതു മാസത്തോളം സംസ്ഥാനഭരണത്തെ നിശ്ചലമാക്കി. കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധമുള്ള സംഗതികളാണ് അരക്ഷിതാവസ്ഥയുടെ ആ കാലഘട്ടത്തിൽ സംഭവിച്ചത്. അതിനുശേഷം ചില അധികാര വീതം വയ്ക്കലിലൂടെ ആ പ്രശ്നം താൽക്കാലികമായി കെട്ടടങ്ങി. പ്രതിപക്ഷത്തിന്റെ വൈരുദ്ധ്യാത്മക സഹായവും ഭരണത്തിലിരുന്നവർക്ക് സഹായകമായി. എന്നാല്‍, അതിന്റെ അവസാനത്തിൽ ഉമ്മൻചാണ്ടിയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി വി.എം സുധീരൻ കെ.പി.സി.സി അദ്ധ്യക്ഷനായതു മുതല്‍ ഉമ്മൻ ചാണ്ടി അടുത്ത അധ്യായത്തിലേക്ക് സംസ്ഥാനത്തെ ചലിപ്പിച്ചു തുടങ്ങി. തെരഞ്ഞെടുപ്പുവേളയിൽ പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം പ്രഖ്യാപിച്ചു, തെരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിനുള്ള വിധിയെഴുത്തായിരിക്കും. അതു കഴിഞ്ഞാൽ മന്ത്രിസഭാ പുന:സംഘടന ഉണ്ടാകും.
അദ്ദേഹത്തിന്റെ ധൈര്യവും കേരളത്തിലെ ജനങ്ങളേക്കുറിച്ചുള്ള തെറ്റാത്ത കണക്കുകൂട്ടലുമാണ് ഇതിൽനിന്ന് വ്യക്തമായത്. സരിത പ്രശ്നത്തിന്റെ തൊട്ടുപിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനഭരണത്തിനുള്ള വിധിയെഴുത്തായിരിക്കും എന്ന് മുൻകൂട്ടി പറയാനുള്ള ചങ്കുറപ്പ് അദ്ദേഹത്തിനു നൽകിയത് സരിത വിഷയകാലത്ത് അദ്ദേഹം മനസ്സിലാക്കിയ കാര്യങ്ങളുടെ ധാതുലവണങ്ങളിൽ നിന്നായിരിക്കും. ഇപ്പോൾ സ്പീക്കർ ജി. കാർത്തികേയന്റെ രാജിപ്രഖ്യാപനത്തോടെ ഇനിയുള്ള ദിവസങ്ങൾ വീണ്ടും സംസ്ഥാനം അധികാര വടംവലിയുടെ കാഴ്ചകളിലേക്ക്. തത്സമയം അത് കണ്ട് ആസ്വദിക്കുന്ന മനസ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഉമ്മൻ ചാണ്ടിക്കറിയാം. വിനോദത്തിനുള്ള ഉപാധി ലഭിച്ചാൽ ജനം അതു ആസ്വദിക്കുമെന്ന് ടെലിവിഷൻ ചാനലുകളുടെ റേറ്റിംഗ് പഠനത്തിൽ നിന്നും അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാകും.
ലോകസഭാ തെരഞ്ഞെടുപ്പുവേള മാത്രമായിരുന്നു കേരളത്തിൽ അധികാരത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടാകാതിരുന്നത്. മൂന്നുവർഷം കഴിഞ്ഞു ഈ സർക്കാർ അധികാരത്തിലേറിയിട്ട്. ഒരു വർഷം, ഒരു മാസം ഭരണത്തിന് മാത്രമായി നീക്കിവച്ചിരുന്നെങ്കിലും കേരളം ഭരണത്തിന്റെ ഗുണങ്ങൾ അനുഭവിക്കുമായിരുന്നു. കാലാവധിയുടെ അവസാന നാളുകളിലേക്ക് നീങ്ങുന്ന വേളയിലും ഭരണത്തെ വിസ്മരിക്കുന്ന ഈ സർക്കാരിൽ നിന്ന് പ്രതീക്ഷയ്ക്കുള്ള സാധ്യത മങ്ങുന്നു. ഒരുപക്ഷെ, കെ.ബി ഗണേഷ് കുമാര്‍ വീണ്ടും മന്ത്രിയായേക്കാം. സരിത വിഷയ കാലഘട്ടത്തിലേയും, ഗണേഷ് മന്ത്രിസ്ഥാനം രാജിവെച്ച കാലത്തേയും വീഡിയോ ക്ലിപ്പിംഗുകളിട്ടു കണ്ടാൽ ഒരു കാര്യം മനസ്സിലാകും. ആർക്കും, അതായത് ആർക്കും ഇവിടെ മന്ത്രിയാകാം.