ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്ന നാൾ മുതൽ പ്രതിസന്ധി നേരിടുകയാണ്. നേരിയ ഭൂരിപക്ഷവും വൻ നേട്ടം നേടിയ ഘടകകക്ഷി മുസ്ലിം ലീഗിന്റെ ധാർഷ്ട്യത്തിനും വഴങ്ങിക്കൊണ്ട് നീങ്ങുന്ന മുഖ്യമന്ത്രിയെയാണ് തുടക്കം മുതൽ കണ്ടത്. അതോടൊപ്പം കോൺഗ്രസ്സിലെ ചില നേതാക്കാളുടെ അധികാരമോഹവും മോഹഭംഗവും എല്ലാം കൂടിയായപ്പോൾ ജൂഗുപ്സാവഹമായ ജാതി-മത വൈകൃത ചിന്തകളുടെ മൂർധന്യത്തിലേക്ക് കാര്യങ്ങൾ നീങ്ങി. നൂറ്റി ഇരുപത്തിയൊന്നു കോടി ജനസംഖ്യയുളള ഇന്ത്യയിലെ ഇന്നത്തെ നരേന്ദ്ര മോദി മന്ത്രിസഭയുടെ അംഗസംഖ്യ നാൽപ്പത്തിയഞ്ചാണ്. കഷ്ടിച്ച് മൂന്നുകോടി മുപ്പതു ലക്ഷത്തില്‍ പരം ജനമുളള കേരളത്തിലെ ചാണ്ടി സാർക്കാരിന്റെ അംഗസംഖ്യ ഇരുപത്തിയൊന്ന്. നാട്ടിൽ നിലവിലുളള തദ്ദേശസ്വയംഭരണ സംവിധാനത്തിന്റെ പശ്ചാത്തലത്തിൽ വെറും അഞ്ച് മന്ത്രിമാരുടെ ആവശ്യമേ ഉള്ളു.
തുടക്കം മുതൽ അധികാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അതേക്കുറിച്ചുള്ള ചർച്ചകളും ഭരണത്തെ കവച്ചുനിന്നു. അതിനുശേഷം കോൺഗ്രസ്സിനകത്തെ ഗ്രൂപ്പുകാർ രംഗത്തെത്തി. യഥാർഥത്തിൽ സോളാര്‍ തട്ടിപ്പ് കേസുപോലും പൊന്തി വന്നത് ഈ അധികാരമത്സരത്തിന്റെ ഭാഗമായാണ്.സരിത എസ്. നായരുടെ വരവ് ഏകദേശം ഒമ്പതു മാസത്തോളം കേരളത്തിന്റെ ഭരണത്തെ സ്തംഭിപ്പിച്ചു. പോയ വർഷത്തേക്കാൾ നികുതി പിരിവും റവന്യൂ വരവും കുറഞ്ഞതായി സർക്കാർ തന്നെ തുറന്നു സമ്മതിച്ചു. കേരളചരിത്രത്തിൽ എക്കാലത്തേയും ഏറ്റവും വൻതോതിൽ നടന്ന വ്യാജമദ്യക്കടത്ത് ഈ സ്തംഭനകാലത്തുകൂടി കടന്നുപോയ കഴിഞ്ഞ ഓണക്കാലത്തായിരുന്നു. അതാണ് സർക്കാർ കണക്കനുസരിച്ച് മദ്യവിൽപ്പനയിൽ കുറവ് രേഖപ്പെടുത്തിയതുപോലും. അതു കഴിഞ്ഞ് ലോകസഭാ തെരഞ്ഞെടുപ്പ് വന്നു. തെരഞ്ഞെടുപ്പിനു ശേഷം പൂട്ടിയ നാന്നൂറ്റിപ്പതിനെട്ട് ബാറുകളുടേതായി വിഷയം. ആ വിഷയത്തിന്റെ ലഹരി ഏതാണ്ട് വിടാറായപ്പോൾ മന്ത്രിസഭാ പുന:സംഘടനയും അതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങളിലേക്കും വീണ്ടും സംസ്ഥാനം വഴിമാറിയിരിക്കുന്ന ദയനീയമായ കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇനി കഷ്ടിച്ച് രണ്ടു വർഷമില്ല ഈ മന്ത്രിസഭയ്ക്ക് കാലാവധി പൂർത്തിയാക്കാൻ. ഏതാനും ചില വ്യക്തികളുടെ അധികാരമോഹങ്ങളും താൽപ്പര്യങ്ങളുമായി കൂടിക്കുഴഞ്ഞ് ഒരു മന്ത്രിസഭയുടെ കാലം പൂർത്തിയാക്കുന്ന ചിത്രമാണ് മൊത്തത്തിൽ ചാണ്ടി സർക്കാർ നൽകുന്ന ചിത്രം.
ഈ സർക്കാരിന്റെ മുൻഗണനകൾ എന്താണ്? വികസനം എന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്നെങ്കിലും എന്താണ് മുന്നോട്ടു വയ്ക്കുന്ന വികസന സങ്കൽപ്പം? ആരോഗ്യകാര്യത്തിൽ സംസ്ഥാനത്തിന്റെ സമീപനമെന്ത്? സംസ്ഥാനത്തിന്റെ മെന്ററായി അവരോധിക്കപ്പെട്ട സാം പിട്രോഡ മുന്നോട്ടു വച്ച ഏതെല്ലാം കാര്യങ്ങൾ മന്ത്രിസഭയ്ക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു? ഇതൊന്നും ചിന്തിക്കാൻ പോലും ഉമ്മൻ ചാണ്ടിക്കോ മന്ത്രിസഭാ അംഗങ്ങൾക്കോ അവർക്ക് നേതൃത്വം നൽകുന്ന രാഷ്ട്രീയ നേതൃത്വത്തിനോ സാധിക്കുന്നില്ല. അധികാരമോഹികൾക്ക് തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ഭരണസ്തംഭനത്തിലേക്കു നയിക്കും വിധം ഇടവേളകളില്ലാതെ പ്രശ്നങ്ങളെ സൃഷ്ടിച്ച് എരിച്ചു നിർത്താനും അത് ആളിപ്പടർത്തിക്കാനും കഴിയുന്നത് സംസ്ഥാനത്തേയും അവിടെ അധിവസിക്കുന്ന ജനങ്ങളേയും നോക്കി അതിനെ കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവർത്തനത്തിന്റെ അഭാവം മൂലമാണ്. ചാനലുകളാൽ നിയന്ത്രിക്കപ്പെടുന്ന സാമൂഹ്യാന്തരീക്ഷത്തിൽ നിസ്സാര പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ച് അതാണ് മുഖ്യവിഷയമെന്ന് പ്രഖ്യാപിച്ച് മാധ്യമപ്രവർത്തനം നീങ്ങുന്നതിനാലാണത് സംഭവിക്കുന്നത്. കുറുക്കുവഴി മാധ്യമപ്രവർത്തനം എന്നുവേണമെങ്കിൽ അതിനെ വിളിക്കാം. ഈ കുറുക്കുവഴി മാധ്യമപ്രവർത്തനത്തിന്റെ അതിപ്രസരമാണ് ഇത്തരം നിസ്സാരരുടെ സ്ഥാപിത താൽപ്പര്യങ്ങൾക്കകത്ത് കേരളഭരണം തളയ്ക്കപ്പെടാൻ കാരണം. ഇനിയെങ്കിലും, ലഭ്യമായ സമയത്ത് കുറഞ്ഞപക്ഷം ഭരണസംവിധാനം തളർച്ചയിലേക്ക് ആണ്ടുവീഴാതിരിക്കാനെങ്കിലുമുള്ള അവസരമൊരുക്കാൻ മുഖ്യമന്ത്രി നിഷ്കര്‍ഷ പാലിക്കേണ്ടതാണ്. പക്ഷേ, അദ്ദേഹം തന്നെ അടുത്ത സമയംകൊല്ലി ഭരണസ്തംഭന പ്രക്രിയയിലേക്കു നയിക്കുന്ന നാടകങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്കിപ്പോൾ സംസ്ഥാനത്തിന്റെ ആഭ്യന്തര വിഷയങ്ങളേക്കാൾ പ്രധാനം തന്റെ ഗ്രൂപ്പിന്റെ ആഭ്യന്തര പ്രശ്നമായിക്കഴിഞ്ഞിരിക്കുന്നു.