മണ്ണിനടിയിലൂടെ തുരന്ന് കേബിളുകളിടുന്ന സംവിധാനം ഇന്ന് പുതുമയല്ല. എന്നാല്‍, സാങ്കേതികമായി പുരോഗമിക്കുന്തോറും സാംസ്കാരികമായി പിന്നോട്ടുപോകുന്ന അവസ്ഥയും പ്രകടമാണ്. അതിനുദാഹരണമാണ് ഏതാനും ദിവസം മുൻപ് കൊച്ചിയിൽ മരിച്ച രണ്ട് തമിഴ്‌നാട് സ്വദേശികൾ. നഗരമദ്ധ്യത്തിൽ ജനറലാശുപത്രിക്ക് സമീപം മാൻഹോൾ വൃത്തിയാക്കുന്നതിനിടെയാണ് ഈ തമിഴ്‌നാട് സ്വദേശികൾ മരിച്ചത്. മാൻഹോൾ വൃത്തിയാക്കുന്നതിനിടെ രണ്ട് മരണം എന്ന വാർത്താ തലവാചകം ടെലിവിഷനിൽ കാണുമ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പായിരുന്നു, മരിച്ചത് മലയാളിയാകില്ല, അന്യസംസ്ഥാന തൊഴിലാളികളായിരിക്കുമെന്ന്. പോസ്റ്റ്‌മോർട്ടത്തിനു കൊണ്ടുപോയ ആശുപത്രി വരാന്തയിൽ അവരുടെ ഉറ്റവര്‍ അലമുറയിടുന്ന ദൃശ്യം വാർത്തയ്‌ക്കൊപ്പം ടെലിവിഷനിൽ കണ്ടു. പിറ്റേദിവസം ആചാരം പോലെ പത്രങ്ങളിലും ഇവരുടെ മരണവാർത്ത വന്നു. ഇവരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയോ, അവരുടെ മൃതദേഹങ്ങൾ ആചാരപ്രകാരം സംസ്കരിക്കാൻ അവസരം ലഭിച്ചോ എന്നൊന്നും വ്യക്തമല്ല. മലയാളിയും മലയാള മാദ്ധ്യമങ്ങളും അതിലൊന്നും ഒട്ടും തൽപ്പരരുമല്ല. അന്യസംസ്ഥാനക്കാരും തങ്ങളെപ്പോലെ ആയാൽ ദേഹം വിയർക്കുന്ന, ശരീരത്തിൽ അഴുക്കു പറ്റുന്ന പണി ചെയ്യാൻ പിന്നെ ആരുണ്ടാവും എന്നുളള തോന്നലാവും മലയാളിയെ ബാധിക്കുക.
ലോകത്തിന്റെ ഏതു കോണിലും കുടിയേറി, അവിടെയൊക്കെ അവകാശവും അധികാരവും സ്ഥാപിക്കാൻ മലയാളിക്ക് മടിയില്ല. അതൊക്കെ മലയാളിയുടെ ശേഷിയായി കൊട്ടിഘോഷിക്കാനും മടിയില്ല. എന്നാൽ സായിപ്പിനെയൊഴികെ അന്യപ്രദേശക്കാരെ ഒരാളെപ്പോലും സ്വീകരിക്കാൻ മലയാളി തയ്യാറല്ല. സായിപ്പാണെങ്കിൽ, ഏത് അടിമപ്പണി ചെയ്യാനും മലയാളി മടിയും കാണിക്കാറില്ല. കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ ഗൾഫാണെന്നാണ് അറിയപ്പെടുന്നത്. കേരളത്തിന്റെ ഭാഗമാണ് ഫലത്തിൽ ഗൾഫ് രാജ്യങ്ങൾ. അവിടങ്ങളിൽ പഞ്ചപുച്ഛവുമടക്കിയാണ് മലയാളിയുൾപ്പടെയുള്ളവർ തൊഴിലെടുക്കുന്നത്. ഭൗതികമായ എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഈ ഗൾഫ് രാജ്യങ്ങളിൽ പൗരൻ എന്ന നിലയിലുള്ള സ്വാതന്ത്ര്യത്തേക്കുറിച്ച് മനസ്സിൽ ചിന്തിക്കാൻ പോലും കഴിയില്ല. ആ സമീപനം കണ്ട് പരിചയിച്ചതിന്റെ പേരിലാവണം ഗൾഫ് രാജ്യങ്ങളിലെ സർക്കാറുകളെപ്പോലെയാണ് കേരളം അന്യസംസ്ഥാന തൊഴിലാളികളോട് പെരുമാറുന്നത്. ഗൾഫിലെ ലേബർ ക്യാമ്പിനെപ്പോലും ലജ്ജിപ്പിക്കുന്ന ജീവിത സാഹചര്യങ്ങളിലാണ് അവർ ഇവിടെ ജീവിക്കുന്നത്. അവർക്ക് പ്രത്യേക പാസ്സ് തുടങ്ങി മെഡിക്കൽ ടെസ്റ്റ് വരെയാണ് കേരളാ ഗൾഫിൽ ജോലിചെയ്യാൻ ആവശ്യം.
ഗൾഫ് രാജ്യങ്ങളിൽ പോലും മനുഷ്യമാലിന്യം മനുഷ്യനെക്കൊണ്ട് നേരിട്ട് വൃത്തിയാക്കുന്ന നടപടി ഇല്ലെന്നാണ് തോന്നുന്നത്. മനുഷ്യമാലിന്യത്തേക്കാൾ വൃത്തിഹീനമാണ് മാൻഹോളുകൾ. അത് യന്ത്രസംവിധാനത്തോടെ വൃത്തിയാക്കുന്നതിന് ജി.പി.എസ് സംവിധാനം പ്രവർത്തിപ്പിക്കുന്നതിന്റെ അത്രയൊന്നും സാങ്കേതികവിദ്യ ആവശ്യമില്ല. അൽപ്പം വിപുലീകരിച്ചതും കുറച്ച് മികവുവരുത്തിയതുമായ വാക്വം ക്ലീനറിനെപ്പോലുള്ള ഉപകരണത്തിന്റെ ആവശ്യകതയേയുള്ളു. മനുഷ്യൻ മനുഷ്യനെ ഇത്രയും മാലിന്യത്തിലേക്ക് തൊഴിലിന്റെ പേരിൽ ഇറങ്ങാൻ ആവശ്യപ്പെടുന്നത് സ്വയം ബഹുമാനമില്ലാത്തതു കൊണ്ടാണ്. സ്വയം ബഹുമാനമാണ് ഒരു മനുഷ്യന്റെ സാംസ്കാരികതയുടെ അളവുകോൽ. ഗൾഫ് സംസ്കാരം സൗന്ദര്യബോധത്തേയും രുചിയേയും കീഴടക്കിയ കേരളത്തിൽ മരുഭൂമികൾ ഉണ്ടാവുന്നത് നാം കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നു. അത്യുഷ്ണം കൂടിയപ്പോൾ ഉച്ചനേരത്ത് ഗൾഫിലെപ്പോലെ അവധി നൽകിയതിൽ ചിലർ വളരെ അഭിമാനം കൊള്ളുന്നതു കാണാമായിരുന്നു. ഗൾഫിലെ പല നിയമങ്ങളും അനുകരണീയമാണെന്ന് പറയുന്നവരാണ് അക്കൂട്ടർ. ശരിയാണ് ഇപ്പോൾ ഉച്ചയവധി ആവശ്യമാണെന്നു മാത്രമല്ല അത്യന്താപേക്ഷിതം തന്നെ. അതോടൊപ്പം കേരളം മരുഭൂമിയാകുന്നു എന്ന തിരിച്ചറിവും അത് നാം തന്നെ സൃഷ്ടിക്കുന്നതാണെന്നുമുള്ള അറിവ് ഉണ്ടാകുന്നില്ല. അതാണ് സാംസ്കാരികമായും സംഭവിക്കുന്ന ഗൾഫ് സ്വാധീനം. സ്വയം ബഹുമാനമില്ലാത്ത, സ്വയം നശിപ്പിക്കുന്ന സമീപനങ്ങൾ അതുകൊണ്ടാണ് മലയാളി എപ്പോഴും ആവേശപൂർവ്വം എടുക്കാറുള്ളത്. ചിലപ്പോൾ അതിനൊക്കെ പുരോഗമനതയുടെ പരിവേഷവും ചാർത്തിയെന്നിരിക്കും. ഗാഡ്ഗിൽ റിപ്പോർട്ടിനെ തുരങ്കം വച്ച് പശ്ചിമഘട്ടത്തെ ഇല്ലായ്മ ചെയ്യുന്നതിലും ദൈവത്തിന്റെ സ്വന്തം നാടെന്നുപറയുന്ന കേരളത്തിൽ ചെകുത്താനു പോലും മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത വിധം വേസ്റ്റ് കൂനകൾകൊണ്ട് നിറയ്ക്കുന്നതുമൊക്കെ അതിനാലാണ്. സ്വയം ബഹുമാനിക്കുമ്പോൾ മാത്രമേ മറ്റുള്ളവരേയും പ്രകൃതിയേയുമൊക്കെ ബഹുമാനിക്കാൻ കഴിയുകയുള്ളു. കുറഞ്ഞപക്ഷം മാൻഹോളിൽ മനുഷ്യനെ ഇറക്കുന്ന നടപടിയെങ്കിലും ഒഴിവാക്കുന്നതിൽ സാങ്കേതികവിദ്യ പ്രയോഗിച്ച് അൽപ്പം പരിഷ്കൃത സ്വഭാവം കാട്ടാൻ നാം ബാധ്യസ്ഥരാണ്. മാൻഹോളിൽ വീണു മരിച്ച തമിഴരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകേണ്ടതും ഏറ്റവും ചുരുങ്ങിയ മര്യാദയാണ്.