സലിംരാജും സ്ഥിതിവിവരവും

Glint Staff
Sat, 29-03-2014 03:49:00 PM ;

oommen chandyവാർത്ത- മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാനായിരുന്ന സലിം രാജ് ഉൾപ്പെട്ട ഭൂമിതട്ടിപ്പ് കേസ്സ് സി.ബി.ഐയ്ക്ക് വിടാൻ ഹൈക്കോടതി തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റാരോപിതരുടെ കൂടാരമായതെങ്ങിനെയെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്നും അങ്ങനെ ആയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും വിധിന്യായത്തിൽ പരാമർശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട കുറ്റകൃത്യം കോടതിക്ക് ബോധ്യമായെന്ന് വിധിന്യായം വ്യക്തമാക്കുന്നു.

 

മുഖ്യമന്ത്രി- രാജിവെയ്ക്കില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജനകീയ കോടതിക്ക് വിടുന്നു.

 

ചരിത്രം- ഏറ്റവും രൂക്ഷമായ വിമർശനം, ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും.

 

കീഴ്വഴക്കം- കേരളത്തിൽ ഇനി എന്തിന്റെ പേരിലാണെങ്കിലും ഭാവിയിൽ കീഴ്വഴക്കങ്ങളുടേയും ഔചിത്യത്തിന്റേയും സാമാന്യ മര്യാദയുടേയും പേരിൽ ഒരു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രാജിവെയ്‌ക്കേണ്ടിവരില്ല.

 

പ്രതിപക്ഷം- മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാനുള്ള ധാർമ്മികതയും ശക്തിയും നഷ്ടമായ അവസ്ഥയിൽ. ഇത്തരമൊരു കോടതിവിധിയെ ക്രിയാത്മകമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ.

 

സുധീരൻ- ആദർശം സ്ഥാനം ലഭിക്കാനുള്ള വഴിയോ അതോ അതനുസരിച്ച് പ്രവർത്തിക്കാനുള്ള അവസരമോ എന്ന് തെളിയിക്കേണ്ടി വരുന്ന സാഹചര്യം.

 

ഭരണഘടന- ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുന്നു. തനിക്കെതിരായ കോടതിവിധിയെ രാഷ്ട്രീയ പ്രസ്താവന പോലെ തള്ളിക്കൊണ്ട് താൻ ജനങ്ങളുടെ കോടതിയിൽ വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു. അതിനർഥം  ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്ന്. തിരഞ്ഞെടുപ്പിലൂടെ കോടതി വിധിയെ അസാധുവാക്കാനും തെറ്റാണെന്ന്  സ്ഥാപിക്കാനുമുള്ള ശ്രമം. ഗുരുതരമായ ഭരണഘടനാ ലംഘനം.

 

ജനം- തെരഞ്ഞെടുത്തേ പറ്റൂ.

 

ലോകസഭ- പതിനഞ്ചാം ലോകസഭയിലേക്ക് ജനകീയ കോടതി വിധി പ്രഖ്യാപിച്ച് അയച്ച ക്രിമിനൽ കേസ്സിൽ പെട്ടവർ 29.83 ശതമാനം. അതിൽ കൊലപാതകം ഉൾപ്പടെയുള്ള ഗുരുതരമായ കേസ്സുകളിൽ പെട്ടവർ 14 ശതമാനം.

Tags: