വി.എസ്സിന്റെ രണ്ടു വികാരങ്ങളും നിസ്സഹായകേരളവും

Glint Staff
Fri, 21-03-2014 05:21:00 PM ;

vs achuthanandan

 

വി.എസ് അച്യുതാനന്ദനെ അത്യാവശ്യം സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാവുന്ന രണ്ടു കാര്യങ്ങളുണ്ട്. അവയാണ് അദ്ദേഹത്തെ നയിക്കുന്ന വികാരങ്ങൾ. അതിന്റെ മുൻപിൽ മറ്റ് വികാരങ്ങൾക്കോ ബന്ധങ്ങൾക്കോ സ്ഥാനമില്ല.  പകയും അധികാരകാമവുമാണ് ആ വികാരങ്ങൾ.

 

ഓരോ സന്ദർഭങ്ങളിലും ഉണ്ടാകുന്ന സംഭവങ്ങളെ മാധ്യമങ്ങളെ അതിവിദഗ്ദ്ധമായി ഉപയോഗിച്ച് തനിക്കനുകൂലമാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ വിരുതിന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കേരളം സാക്ഷ്യം വഹിക്കുന്നു. ടി.പി ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ടപ്പോൾ അദ്ദേഹം പ്രസ്താവിച്ചു. ചന്ദ്രശേഖരൻ ധീരനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു എന്ന്. തന്റെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ചന്ദ്രശേഖരന്റെ മരണത്തിനു പിന്നിൽ തന്റെ തന്നെ പാർട്ടിയാണെന്ന് പൊതുജനം വിശ്വസിക്കുന്ന സമയത്താണ് വി.എസ് ഈ പ്രസ്താവന നടത്തിയത്. ചന്ദ്രശേഖരന്റെ ശവസംസ്കാരം നടക്കുന്നതിനു മുൻപ് തന്നെ ആ വധത്തിലൂടെ വീണുകിട്ടിയ അവസരം തന്റെ പാർട്ടി നേതൃത്വത്തിനെതിരെ ഉപയോഗിക്കുകയായിരുന്നു, വി.എസ്. പിന്നീട്, ചന്ദ്രശേഖരന്റെ വീട്ടിൽ പോയതിനെ ഒരു വിധവയേയും ചന്ദ്രശേഖരന്റെ അമ്മയേയും ആശ്വസിപ്പിക്കാനാണെന്നും വി.എസ്. പറഞ്ഞു. എന്നാൽ, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസമുള്ള ആ സന്ദര്‍ശനവും പാർട്ടി നേതൃത്വവുമായുള്ള തന്റെ യുദ്ധത്തിൽ എതിരാളിയെ അടിക്കാനുള്ള ആയുധമാക്കി ഉപയോഗിക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹമിരുന്നപ്പോൾ പാർട്ടി വിലക്ക് പരിഗണിക്കാതെ മുഖ്യമന്ത്രിക്ക് കത്തെഴുതി അതിശക്തമായ ആയുധപ്രയോഗം അദ്ദേഹം പാർട്ടി നേതൃത്വത്തിനെതിരെ നടത്തി. സ്വര്‍ണ്ണ കള്ളക്കടത്തു കേസ്സിൽ അറസ്റ്റിലായ ഫയാസിന് അന്താരാഷ്ട്ര മതമൗലികവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ ഫയാസ് ചന്ദ്രശേഖരൻ വധക്കേസ്സിലെ പ്രതികളെ കോഴിക്കോട് ജയിലിൽ സന്ദർശിച്ചപ്പോൾ സി.പി.ഐ.എം നേതാക്കളേയും കണ്ടെന്നുള്ള വാർത്ത പുറത്തുവന്നത് രമയുടെ സത്യാഗ്രഹ നാളുകളോടുത്താണ്. അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഫയാസ് ചന്ദ്രശേഖരൻ വധക്കേസ്സിലെ പ്രതികളെ കണ്ടതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വി.എസ്. മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കേരളത്തിലെ സി.പി.ഐ.എം നേതൃത്വവുമായി ഫയാസിനുള്ള ബന്ധത്തെക്കുറിച്ചന്വേഷിക്കണമെന്ന്‍ പരോക്ഷ ആവശ്യം. അതോടനുബന്ധിച്ച് ആം ആദ്മി പാർട്ടി നേതാവ് പ്രശാന്ത് ഭൂഷണെ തിരുവനന്തപുരത്തും ദില്ലിയിലുമൊക്കെ കാണുകയുമുണ്ടായി.

 

ഓരോ വിഷയത്തിലും കാണാവുന്ന കാര്യം വ്യക്തം. എല്ലാം പൊതുജന താൽപ്പര്യമുള്ള വിഷയങ്ങൾ. എന്നാൽ ആ വിഷയങ്ങളിലുള്ള താൽപ്പര്യമല്ല, മറിച്ച് ആ വിഷയങ്ങളെ തന്റെ പകപോക്കലിനുവേണ്ടി കൃത്യമായി ഉപയോഗിക്കുകയായിരുന്നു വി.എസ്. കഴിഞ്ഞ പത്തുവർഷത്തോളമായി സി.പി.ഐ.എം സംസ്ഥാന നേതൃത്വം വി.എസ്സിന്റെ ഈ നിലപാടിൽ പെട്ടുകിടക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കുന്നതിനു പകരം വി.എസ് കൃത്യമായ ഇടവേളകളിൽ സൃഷ്ടിച്ചുകൊണ്ടിരുന്ന കെണികളിൽ വീണ് പുളയുന്ന നേതാക്കളുടേയും നേതൃത്വത്തിന്റേയും മുഴുവൻ ശ്രദ്ധയും കരുനീക്കങ്ങളും ആ പുളച്ചിലിൽ നിന്ന് പുറത്തു വരുന്നതിനുമാണ്. ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയിൽ വി.എസ്സിനെപ്പോലെ ഇത്രയധികം പൊതുജനസമ്മതിയോടെ അധികാരത്തിലേറിയ മുഖ്യമന്ത്രി വേറെ ഇല്ല. പക്ഷേ, തന്റെ മുഖ്യമന്ത്രി സ്ഥാനം സംസ്ഥാനത്തിന്റെ ഭരണത്തിനായി ഉപയോഗിക്കുന്നതിനേക്കാൾ അദ്ദേഹം തന്റെ പകപോക്കലിനാണ് ഉപയോഗിച്ചത്. വി.എസ് തന്റെ പാർട്ടിക്കുള്ളിൽ സ്വയം ഉയരത്തിൽ നിൽക്കാൻ വേണ്ടി സ്വീകരിച്ച ഈ സമീപനം കേരളത്തിന്റെ വികസനത്തെയും സാംസ്കാരികാന്തരീക്ഷത്തേയും വളരെയധികം ദോഷകരമായി ബാധിക്കുകയുണ്ടായി. ആ അപചയം ഇപ്പോഴും പലരീതിയിൽ തുടർന്നു കൊണ്ടിരിക്കുന്നു.

 

കേരളത്തിന്റെ യഥാർഥ പ്രശ്നങ്ങളിൽ നിന്നകന്ന് മാധ്യമങ്ങളിലൂടെ കേരളത്തിന്റെ അജണ്ട നിശ്ചയിക്കുന്നതിലേക്കു പോലും വി.എസ്സിന്റെ ഈ സ്ഥാപിതമായ വ്യക്തിതാൽപ്പര്യം കാര്യങ്ങളെ കൊണ്ടെത്തിച്ചു. പാർട്ടിക്കുള്ളിലെ വിമതസ്വരങ്ങളേയും വിഭാഗീയതയേയും ഒരേസമയം വി.എസ് പ്രോത്സാഹിപ്പിക്കുകയും അവരെ കൂടെ നിർത്തി മാധ്യമവിനിയോഗത്തിലൂടെ കൈയ്യടി കിട്ടുന്ന വിഷയങ്ങൾ ഉന്നയിച്ച് ഒടുവിൽ നടപടിയുടെ വക്കെത്തുമ്പോൾ കൂടെ നിന്നവരെ അവഗണിച്ച് അച്ചടക്കത്തിന്റെ പാതയിലേക്കു വന്ന് സ്വയം രക്ഷിച്ച് കൂടെ നിന്നവരെ കുരുതിക്കു കൊടുക്കുന്ന കാഴ്ചയും കേരളം കാണുകയായിരുന്നു. മാധ്യമങ്ങളേയും പൊതുജന പിന്തുണയേയും ഉപയോഗിച്ച് കഴിഞ്ഞ രണ്ട് നിയമസഭാതെരഞ്ഞെടുപ്പുകളിലും പുതിയ കീഴ്വഴക്കങ്ങൾ സൃഷ്ടിച്ചുകൊണ്ട് സീറ്റ് തരപ്പെടുത്തി ജയിച്ച് അധികാരസ്ഥാനങ്ങളിലെത്തിയതും കേരളം കണ്ടു.

 

ഇപ്പോൾ 2014 പൊതു തിരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ട ഏറ്റവും പ്രധാന സംഭവവികാസം ആർ.എസ്.പി ഇടതുമുന്നണിവിട്ട് യു.ഡി.എഫിൽ ചേർന്നതല്ല. വി.എസ്സ് ടി.പി ചന്ദ്രശേഖരൻ വധക്കേസ്സിൽ സ്വീകരിച്ച നിലപാടും നേതൃത്വത്തെ അംഗീകരിച്ചുകൊണ്ട് അതിശക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന കാഴ്ചയാണ്. ബംഗാളിൽ നിന്ന് കാര്യമായ സീറ്റ് പ്രതീക്ഷിക്കാൻ കഴിയാത്ത സി.പി.ഐ.എമ്മിന്റെ ദേശീയ തലത്തിലുള്ള നിലനിൽപ്പ് കേരളത്തിൽ നിന്ന് ലഭിച്ചേക്കാവുന്ന ലോകസഭാ സീറ്റുകളാണ്. ആ നിലയ്ക്ക് അഖിലേന്ത്യാ നേതൃത്വത്തിന് വി.എസ്സിന്റെ സഹായം ആവശ്യം.  അഖിലേന്ത്യാ നേതൃത്വവുമായി അതിനിഗൂഢമായ ധാരണ വി.എസ്സ് ഉണ്ടാക്കിയതിന്റെ ഫലമാണ് ഇപ്പോൾ  ഉണ്ടായിരിക്കുന്ന അമിതാവേശവും മലക്കം മറിച്ചിലും. ഒരു കാര്യം ഉറപ്പിക്കാം. വി.എസ് ഉന്നം വച്ചിരിക്കുന്ന എതിരാളി അല്ലെങ്കിൽ എതിരാളികളുടെ പതനം, തന്നിലേക്ക് കൂടുതൽ അധികാരം വന്നെത്തുന്ന അവസ്ഥ - ഇതിൽ രണ്ടിലേതെങ്കിലുമൊന്നോ രണ്ടും കൂടിയോ തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടായേക്കാം. അതോ അഖിലേന്ത്യാ നേതൃത്വത്തെ തന്നെ വെട്ടിലാക്കുന്ന എന്തെങ്കിലും പദ്ധതികൾ വി.എസ്. ഉള്ളിൽ കണ്ടിട്ടുണ്ടോ എന്നും ഊഹിക്കാവുന്നതേ ഉള്ളു. ഒരു വാചകത്തിലും ഒരു നടപടിയിലും ഒറ്റയടിക്ക് ഒട്ടേറെ കാര്യങ്ങൾ, മറ്റുളളവരെ വെട്ടിലാക്കി, സാധ്യമാക്കി തനിക്കനുകൂലമാക്കുക എന്നതാണ് വി.എസ്സിന്റെ തന്ത്രം. അതിനാൽ താൻ ആർക്കെതിരെയാണോ ഉള്ളിൽ പക കൊണ്ടുനടന്നിരുന്നത് അവരെ കൊടിയ അപകടത്തിലേക്കു വീഴ്ത്താനുള്ള തന്ത്രവും ഇപ്പോഴത്തെ നിലപാടിൽ ഒളിഞ്ഞിരിപ്പുണ്ടോ എന്നും വ്യക്തമല്ല.

 

അഴിമതിക്കും അനീതിക്കും എതിരെ പോരാടി അധികാരികളെ തെറിവിളിച്ചും കരണത്തടിച്ചും സുരേഷ്‌ ഗോപിയുടെ സിനികൾ ഹിറ്റായിത്തുടങ്ങിയ സമയത്താണ് വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാൻ മാധ്യമങ്ങളെ ഉപയോഗിച്ച് വി.എസ്സിലൂടെ രാഷ്ട്രീയ റിയാലിറ്റി ഷോ നടത്തിയത്. സി.പി.ഐ.എമ്മിനുള്ളിലെ വി.എസ്സ് എന്ന ആം ആദ്മി. ആം ആദ്മിയുടേയും പ്രവർത്തന മൂലധനം പകയുപയോഗിച്ച് എങ്ങിനെ അധികാരത്തിലേറാമെന്നുള്ളതാണ്. സരിതാ വിഷയത്തിൽ ഇടതുമുന്നണിയുടെ സമരപ്പന്തലിൽ ഉറക്കമൊഴിഞ്ഞിരുന്നത് ചൂണ്ടിക്കാട്ടി വി.എസ്സ് ആർ.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രനെ പുഛിക്കുന്നു. പ്രേമചന്ദ്രനും അദ്ദേഹത്തിന്റെ പാർട്ടിയും ഇടതുമുന്നണി വിട്ടതിൽ നിലപാടുപരമായ യുക്തിയില്ലായ്മയുണ്ട്. എന്നിരുന്നാലും നിന്ന മുന്നണിവിട്ട് എതിർമുന്നണിയിൽ അഭയം പ്രാപിച്ചതിനും അതിനവർ ഉന്നയിച്ച വിഷയത്തിലുമെല്ലാം ഗതികേടിനൊപ്പം സത്യസന്ധതയുണ്ട്. സരിതാവിഷയത്തിലെ സമരത്തിനു ശേഷമായിരുന്നു കെ.കെ രമ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തിയത്. അതിനോടനുബന്ധിച്ച് സ്വീകരിച്ച നിലപാടിൽ നിന്ന് അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന വിധമുള്ള ഒരു കാരണവും ഇല്ലാതെയുള്ള നിലപാടാണ് വി.എസ് ഇപ്പോഴെടുത്തിരിക്കുന്നത്. ആം ആദ്മിയുടെ അരാഷ്ട്രീയത്തെ കാണാൻ എളുപ്പമാണ്. എന്നാൽ കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്തു നിന്നുകൊണ്ട് വ്യക്തിതാൽപ്പര്യങ്ങൾക്കുവേണ്ടി അരാഷ്ട്രീയതയെ ഉപയോഗിക്കുന്നത് ഇപ്പോൾ തന്നെ അതിസങ്കീർണ്ണമായ സാംസ്കാരികാന്തരീക്ഷത്തിൽ കൂടി കടന്നുപോകുന്ന കേരളത്തിന്റെ അവസ്ഥയെ കൂടുതൽ മലീമസമാക്കും.

Tags: