Skip to main content

ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ വേണം. ആ വ്യക്തത അണികള്‍ക്ക് വ്യക്തിജീവിതത്തിലും അതിന്റെ സ്വാഭാവിക വികാസമായ സാമൂഹ്യജീവിതത്തിനും വഴികാട്ടിയാകണം. അത് ക്രമേണ വീക്ഷണമാകുന്നു. ആ വീക്ഷണമനുസരിച്ച് തീരുമാനങ്ങളില്‍ എത്തിച്ചേരുന്നു. ആ വീക്ഷണത്തെ വ്യക്തതയോടെ അനുദിനം വ്യാഖ്യാനിച്ച് ദിശാബോധം നല്‍കിക്കൊണ്ട് മുന്നില്‍ നിന്ന് നയിക്കുന്നവര്‍ ആ പാര്‍ട്ടിയുടെ നേതാക്കളായി മാറുന്നു. ആം ആദ്മി പാര്‍ട്ടി തുടക്കത്തില്‍ തന്നെ നേരിടുന്ന വെല്ലുവിളിയിതാണ്. പാര്‍ട്ടിക്ക് നേതാവും നേതാക്കളുമുണ്ട്. രാഷ്ട്രീയമായ വീക്ഷണം മുന്നോട്ട് വയ്ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയും അതിനെ അരവിന്ദ് കേജ്രിവാള്‍ നിരാകരിച്ചതും. കാശ്മീരില്‍ നടത്തുന്ന സേനാവിന്യാസത്തിന് തദ്ദേശവാസികളുടെ ഹിതപരിശോധന നടത്തണമെന്നാണ് പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവന. മുന്‍പും ഇതേ പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത നയവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ഭൂഷണിന്റെ പ്രസ്താവന. കാരണം ദില്ലിയില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ തത്വത്തില്‍ ജനങ്ങളുടെയിടയില്‍ ഹിതപരിശോധന നടത്തി അനുമതി വാങ്ങിയതിനു ശേഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചത്. അതേ മാനദണ്ഡം വച്ചാണ് പ്രശാന്ത് ഭൂഷണ്‍ സേനാവിന്യാസ കാര്യത്തില്‍ തദ്ദേശവാസികളുടെയിടയില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്.

 

എന്നാല്‍ ഭൂഷണിന്റെ പരസ്യപ്രസ്താവനയിലെ അപകടം മനസ്സിലാക്കി ഉടന്‍ തന്നെ കേജ്രിവാള്‍ രംഗത്തെത്തി. പ്രശാന്ത് ഭൂഷണിന്റേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അത് പാര്‍ട്ടിയുടേതല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. മറ്റ് പാര്‍ട്ടികളുടെ പോരായ്മകള്‍ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തില്‍ കുമിഞ്ഞുകൂടിയ വിപരീതാത്മകതയെ വിദഗ്ധമായി സ്വരൂപിക്കാന്‍ കഴിഞ്ഞു എന്നതാണ് കേജ്രിവാളിന്റെ  അഥവാ ആം ആദ്മി പാര്‍ട്ടിയുടെ വിജയം. ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും, ആം ആദ്മി പാര്‍ട്ടി ജനത്തിനൊപ്പമാണെന്ന് പറയുമ്പോഴും എല്ലാറ്റിനും ജനങ്ങളുടെ അഭിപ്രായം തേടിയേ ചെയ്യുകയുള്ളു എന്നു പറയുമ്പോഴും നടപ്പിലാവുന്നത് അരവിന്ദ് കേജ്രിവാളിന്റെ അഭിപ്രായങ്ങളാണ്. വളരെ പരോക്ഷമായ ഒരു ഏകാധിപത്യ പ്രവണതയും കേജ്രിവാളിന്റെ നിലപാടിലും സ്വരത്തിലും ദര്‍ശിക്കാന്‍ കഴിയും. തങ്ങള്‍ മാത്രമാണ് ശരി, മറ്റുള്ളവരെല്ലാം തെറ്റ് എന്ന സമവാക്യമാണ് ഓരോ നിമിഷവും കേജ്രിവാളും പാര്‍ട്ടിയും പ്രചരിപ്പിക്കുന്നത്. മറ്റുള്ളവര്‍ സഹജീവികളാണെന്ന് അംഗീകരിക്കാന്‍ പോലും ഇവര്‍ക്ക് പലപ്പോഴും കഴിയുന്നില്ല. അഴിമതി ഇല്ലാതാകേണ്ടതാണ്. എന്നാല്‍, വ്യക്തമായ രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തില്‍ അതനുസരിച്ചുള്ള നടപടികള്‍ കാര്യക്ഷമമായി നടത്തപ്പെടുമ്പോള്‍ സംഭവിക്കുന്നതാണ് അഴിമതി രാഹിത്യം. അതേസമയം ചികിത്സയെന്നോണം അഴിമതി തടയാന്‍ നിയമങ്ങളും നിരീക്ഷണ, ശിക്ഷാ സംവിധാനങ്ങളും ആവശ്യമാണ്. അല്ലാതെ അത്തരം നടപടിയിലൂടെ സാമൂഹികമായി നടപ്പാവേണ്ടത് സാധ്യമാക്കാന്‍ ശ്രമിക്കുന്നത് ചികിത്സയിലൂടെ ആരോഗ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതുപോലെയാകും. ചിട്ടയായ ജീവിതവും മനസ്സിനും ശരീരത്തിനും യോജ്യമായ വ്യായാമവും ലഭ്യമാകുമ്പോഴാണ് വ്യക്തി ആരോഗ്യത്തിലേക്കു നീങ്ങുന്നത്. രോഗം വരുമ്പോള്‍ ചികിത്സയും. ഇതു സമൂഹത്തിനും ബാധകമാണ്.

 

ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ നേതാവും മുഖ്യമുഖവുമാണ് പ്രശാന്ത് ഭൂഷണ്‍. അദ്ദേഹം പറയുന്നത് ഇപ്പോള്‍ രാജ്യം ശ്രവിക്കുക പാര്‍ട്ടിയുടെ അഭിപ്രായമായിട്ടായിരിക്കും. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പാര്‍ട്ടിക്ക് യോജിപ്പില്ലെങ്കില്‍ ആദ്യം ചെയ്യേണ്ടത് തന്റെ അഭിപ്രായം പാര്‍ട്ടിക്ക് സ്വീകര്യമാണോ എന്ന് അറിയാനുള്ള ശ്രമം അദ്ദേഹം നടത്തുക എന്നതായിരുന്നു. അല്ലെങ്കില്‍ ആ വിഷയത്തില്‍ പാര്‍ട്ടിയുടെ വ്യക്തമായ നിലപാട് എന്താണെന്ന് എടുപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കണം. അരവിന്ദ് കേജ്രിവാളും പ്രശാന്ത് ഭൂഷണും ഒരേ പാര്‍ട്ടിയുടെ ഉന്നത നേതാക്കളാണ്. പാര്‍ട്ടിക്ക് ജന്മം നല്‍കിയവര്‍. അതില്‍ ഒരാളുടെ അഭിപ്രായത്തെ പാര്‍ട്ടിയുടേതല്ല എന്നു പറയുമ്പോള്‍ അരവിന്ദ് കേജ്രിവാള്‍ ഫലത്തില്‍ ചെയ്തിരിക്കുന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്വം സ്വയം നിശ്ചയിച്ച് ഏറ്റെടുത്ത് മറ്റേ നേതാവിനെ തള്ളിപ്പറഞ്ഞിരിക്കുന്നു.  ഇത് വൈരുദ്ധ്യം. ഈ വൈരുദ്ധ്യം സ്വാഭാവികം. ഇതാണ് അരാഷ്ട്രീയതയിലൂന്നിയ സാമൂഹിക സംഘടനയുടെ ഗതി. എത്ര തന്നെ പ്രശംസനീയ മാതൃകകള്‍ മുന്നോട്ട് വയ്ക്കുമ്പോഴും നേരിടുന്ന വൈരുദ്ധ്യം. ഇതിന്നര്‍ഥം ആം ആദ്മി പാര്‍ട്ടി തെറ്റോ ശരിയോ എന്നല്ല. അവരുടെ സാന്നിദ്ധ്യം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ജീര്‍ണത സൃഷ്ടിച്ച വളക്കൂറില്‍ നിന്നുണ്ടായതാണ്. ഇത്തരം ഒരു പ്രതിഭാസത്തേയും ഉള്‍ക്കൊള്ളുന്നു എന്നിടത്താണ് ഇന്ത്യയിലെ ജനായത്ത സംവിധാനത്തിന്റെ ശക്തിയും സൗന്ദര്യവും. ആ ജനായത്ത ശക്തിയും സൗന്ദര്യവുമാണ് ആം ആദ്മി പാര്‍ട്ടിയുടെ ബാഹ്യപ്രകടനങ്ങളിലും പിടിവാശികളിലും കാണാന്‍ കഴിയാതെ വരുന്നത്. അതില്‍ നിന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് പഠിക്കാനും ശക്തിയാര്‍ജിക്കാനുമുണ്ട്.

 

അധികാരത്തിന്റെ അപ്രമാദിത്വത്തില്‍ അമര്‍ന്നുപോയ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളേയും അവയുടെ നേതാക്കളേയും സംബന്ധിച്ചിടത്തോളം അരവിന്ദ് കേജ്രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഓര്‍മ്മപ്പെടുത്തലുമാണ്. അതേസമയം ഒരു രാഷ്ട്രീയ കക്ഷിയായി ഇന്ത്യയിലെ ജനായത്ത പരിസ്ഥിതിയില്‍ നിലനില്‍ക്കണമെങ്കില്‍ വ്യക്തമായ രാഷ്ട്രീയ വീക്ഷണവും ജനായത്തം, ജന ആധിപത്യമല്ലെന്ന അറിവുണ്ടാവുകയും അതവര്‍ സ്വാംശീകരിക്കുകയും പ്രയോഗത്തില്‍ കൊണ്ടുവരേണ്ടിയുമിരിക്കുന്നു. വ്യക്തമായ വീക്ഷണമുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് ഏത് സന്ദിഗ്ധ സന്ദര്‍ഭത്തിലും യുക്തമായ തീരുമാനമെടുത്ത് മുന്നോട്ട് പോകാനാകും. അല്ലാതെ എപ്പോഴും ജനങ്ങളെ സമീപിക്കേണ്ട ആവശ്യം വരുന്നില്ല. ആ വീക്ഷണ വ്യക്തതയില്ലാത്തതാണ് ആം ആദ്മി പാര്‍ട്ടിയെന്ന അരാഷ്ട്രീയ രാഷ്ട്രീയ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി. ജനക്കൂട്ടത്തിന്റെ അഭിപ്രായത്തെ ജനായത്തമെന്ന് തെറ്റിദ്ധരിക്കാന്‍ ഇടവരുന്നതും അതുകൊണ്ടാണ്. ഒരേ പാര്‍ട്ടിയിലെ രണ്ട് നേതാക്കള്‍ ഒരേ വിഷയത്തില്‍ ഭിന്നാഭിപ്രായം ജനസമക്ഷം പ്രകടിപ്പിക്കുന്നതും.