Skip to main content

മംഗല്‍യാന്‍ ചൊവ്വയുടെ നേര്‍ക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. മുന്നൂറ് ദിവസം കഴിയുമ്പോള്‍ ആയിരത്തിമുന്നൂറ്റമ്പത് കിലോഗ്രാം ഭാരമുള്ള ആ ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. അന്തര്‍ഗ്രഹഉപഗ്രഹം വിടുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. നാനൂറ്റമ്പതുകോടി രൂപയാണ് ഈ ഉദ്യമത്തിന്റെ ചിലവ്. ഇന്ത്യയെപ്പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം  ഇതൊരു വലിയ തുകയേ അല്ല. രാജ്യത്തെ നമ്മുടെ നേതാക്കള്‍ക്ക് ലഭ്യമാക്കുന്ന സുരക്ഷാചെലവുമായൊക്കെ തട്ടിച്ചുനോക്കുമ്പോള്‍ പ്രത്യേകിച്ചും.

 

പത്തുനിലയുടെ ഉയരത്തില്‍ ഭദ്രമായി ഒരു വ്യക്തി കയറണമെങ്കില്‍ പോലും അതിന് ഉതകുന്ന സാങ്കേതികസൗകര്യം അനിവാര്യമാണ്. ആ സാങ്കേതികത്വത്തിലുണ്ടാവുന്ന മികവാണ് ആ ഉയരത്തില്‍ കയറിയാല്‍ എന്തു കിട്ടും എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്നത്. മംഗല്‍യാന്‍ ഇന്ത്യന്‍ ജനതയില്‍ പ്രത്യേകിച്ചും യുവാക്കളില്‍ സൃഷ്ടിച്ചിരിക്കുന്ന ആത്മവീര്യം അതാണ്. നമ്മുടെ  ഉപഗ്രഹം ചൊവ്വയിലേക്കു യാത്രതിരിച്ചിരിക്കുന്നു. ആ അറിവുപോലും രാജ്യത്തെ ഓരോ വ്യക്തിയേയും ആകാശത്തിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നു. അതായത്  ഉയര്‍ന്ന ചിന്തകളിലേക്കും സ്വപ്നങ്ങളിലേക്കും മനുഷ്യനെ കൊണ്ടുപോകാന്‍ ഇത് സഹായിക്കുന്നത് ചൊവ്വയില്‍ നിന്ന്‍ എന്തറിയാന്‍ എന്നുള്ളതിനേക്കാള്‍ പ്രധാനമാണ്. ഉപഗ്രഹങ്ങള്‍ ലഭ്യമാക്കുന്ന സൗകര്യം ഇന്ന് ദൈനംദിനജീവിതത്തില്‍ ഓരോ വ്യക്തിയും  അറിയുന്നുണ്ട്. ഫോണ്‍ ഉപയോഗത്തിലും കാലാവസ്ഥാ നിരീക്ഷണങ്ങളും  തുടങ്ങി സമസ്തമേഖലകളിലും. ആ നിലയ്ക്ക്  സ്പേസ് സയന്‍സില്‍ മുന്നത്തേതിന്‍റെ ആവശ്യകത എന്നത്തേക്കാളും കൂടുതലാണ്. കാരണം നാം ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിച്ചതിനാലും കൂടി. ഏത് വിവരവും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശേഖരിക്കാനും മനുഷ്യോപയോഗത്തിനായി അതിവേഗം അതിനെ വിനിയോഗിക്കാനും കഴിയുന്നതിന്റെ പേരില്‍. അവിടെയാണ്  ഉപയോഗത്തിനല്ലാത്ത ശാസ്ത്രജ്ഞാനശേഖരണത്തിനായി മംഗല്‍യാന്‍ വിക്ഷേപിച്ചതിന്റെ പ്രസക്തി ഉയര്‍ന്നു വരുന്നത്. അവസാനഘട്ടത്തില്‍ മംഗല്‍യാന്‍ ദൗത്യം പരാജയപ്പെട്ടെന്നിരിക്കട്ടെ. അതുപോലും  രാജ്യത്തെ സംബന്ധിച്ച് വിജയം തന്നെയാണ്. കാരണം ഇന്നത്തെ രാജ്യത്തിന്‍റെ സ്‌പേസ് സയന്‍സിലുള്ള നേട്ടങ്ങളെല്ലാം തന്നെ അത്തരം പരാജയങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.

 

സ്പേസ് സയന്‍സിനെക്കുറിച്ച് വലിയ അറിവില്ലാത്തവരില്‍പോലും ചൊവ്വാ പര്യവേഷണത്തിനായി തിരിച്ച മംഗല്‍യാന്‍ കൗതുകവും ജിജ്ഞാസയും ജനിപ്പിച്ചിട്ടുണ്ട്. ജോത്സ്യ-ജാതക സംബന്ധമായി മാത്രം ഈ ഗ്രഹനാമങ്ങള്‍ ഉച്ചരിച്ചിരുന്നവരില്‍പോലും.  ഈ സാഹചര്യത്തില്‍ ഐ.എസ്.ആര്‍.ഒ മുന്‍ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ നടത്തിയ പ്രസ്താവന അനുചിതവും അപ്രസക്തവുമായി. നാനൂറ്റമ്പതുകോടി  അനാവശ്യമായി ചെലവിടുകയാണെന്നാണ് അദ്ദേഹം മംഗല്‍യാന്‍ ദൗത്യത്തെപ്പറ്റി പറഞ്ഞത്. തന്റെ പഴയ സഹപ്രവര്‍ത്തകരും ഇപ്പോഴത്തെ ഐ.എസ്.ആര്‍.ഒയുടെ തലപ്പത്തുള്ളവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍  മാധവന്‍നായരെപ്പോലെയുള്ള ഒരു ശാസ്ത്രജ്ഞന്റെ വിലയിരുത്തലുകള്‍ക്ക് നിദാനമാകാന്‍ പാടില്ല. അദ്ദേഹത്തേയും  ആദരവോടെ കാണുന്ന വിദ്യാര്‍ഥിസമൂഹം ഇന്ത്യയിലും വിശേഷിച്ച് കേരളത്തിലുമുണ്ട്. പത്താംതരത്തില്‍ മികച്ച വിജയം നേടിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ഒരു ചടങ്ങില്‍ സമ്മാനം സ്വീകരിച്ച പതിനൊന്നാം ക്ലാസ്സുകാരന്‍ സംശയിക്കുന്നു, എന്താണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്ന്. അവിടെ കാണുന്നത് മംഗല്‍യാന്‍ ആ വിദ്യാര്‍ഥിയില്‍ ഉണ്ടാക്കിയ ഉണര്‍വും താന്‍ ആദരവോടെ കാണുന്ന മാധവന്‍ നായര്‍ നടത്തിയ പ്രസ്താവനയും ആ വിദ്യാര്‍ഥിയിലുണ്ടാക്കിയ പൊരുത്തക്കേടാണ്. ആ കുട്ടിക്ക് മാധവന്‍നായര്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന്‍ വിരമിച്ചതിനു ശേഷമുണ്ടായ ചരിത്രത്തേക്കുറിച്ചൊന്നും വലിയ പിടിയില്ല. ഉത്തരവാദിത്വമുള്ള ഉയര്‍ന്നവര്‍ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും അതു വെളിപ്പെടുത്തുമ്പോഴും സങ്കുചിതമായ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കപ്പുറത്തേക്ക് ഉയരണമെന്ന ബോധ്യപ്പെടുത്തലാണ് ഇപ്പോള്‍ മംഗള്‍യാന്റെ ചൊവ്വയിലേക്കുള്ള യാത്രയ്‌ക്കൊപ്പം ഓര്‍ക്കേണ്ടത്. അപ്പോള്‍ മാത്രമേ സാങ്കേതികമയായ ഉയര്‍ച്ചകള്‍ക്കൊപ്പം ചിന്താപരമായും മനുഷ്യസമുദായത്തിന് ഉയര്‍ന്ന ചിന്തകളിലേക്കും അതുവഴി  സമഗ്രമായ ഉയര്‍ച്ചയിലേക്കും നീങ്ങാന്‍ കഴിയു. ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധികള്‍ക്കു കാരണവും അതാണ്. സാങ്കേതികമായുണ്ടായ ഉയര്‍ച്ചയ്ക്കനുസരിച്ച് മാനുഷിക ഗുണങ്ങളുടെ കാര്യത്തില്‍ മനുഷ്യന് ഉയരാന്‍ കഴിഞ്ഞില്ല. അതിന്റെ ഫലമാണ് വെറും അര നൂറ്റാണ്ട് കൊണ്ട് എല്ലാ അര്‍ഥത്തിലും ശാസ്ത്രജ്ഞാനം കൊണ്ടും സാങ്കേതിക വൈഭവം കൊണ്ടും ഈ ഭൂമിയെ ഒരു ജീവിക്കും സ്വൈരമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നാം മാറ്റിയത്. ഭക്ഷണംപോലും നാം ശാസ്ത്രം കൊണ്ട് വിഷലിപ്തമാക്കി. ചിന്തയില്‍ നിന്ന് വിഷചിന്തകള്‍ ഒഴിയുമ്പോഴാണ് മനുഷ്യന്‍ ഉയരുന്നത്.  അപ്പോഴാണ് മനുഷ്യന്റെ ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞുനില്‍ക്കുന്നത്. മംഗല്‍യാന്‍  എല്ലാവിധ ഗ്രഹപ്പിഴകളേയും അതിജീവിക്കട്ടെ.