അഭ്യൂഹബോംബുകളേയും കണക്കിലെടുക്കണം

Mon, 14-10-2013 12:45:00 PM ;

മധ്യപ്രദേശിലെ ദത്തിയ ജില്ലയ്ക്ക് സമീപം വനപ്രദേശത്തോടു ചേർന്നുകിടക്കുന്ന രത്തൻഗഢ് വാലി ക്ഷേത്രത്തിലെ നവരാത്രിപൂജയില്‍ പങ്കെടുക്കാനെത്തിയ നൂറിലേറെപ്പേരാണ് ഞായറാഴ്ചയുണ്ടായ ചവിട്ടിപ്പാച്ചിലിനിടയില്‍ മരിച്ചത്. മരിച്ചവരുടെ ഔദ്യോഗിക കണക്ക് 105 ആണെങ്കിലും മരണസംഖ്യ അതിലും കൂടാനാണ് സാധ്യത. ഒട്ടേറെപ്പേർ ഗുരുതരാവസ്ഥയിലും തുടരുന്നുണ്ട്. രണ്ടരലക്ഷം പേരാണ് ഈ ഉൾപ്രദേശത്ത് ഞായറാഴ്ച എത്തിയത്. ചവിട്ടിപ്പാച്ചില്‍ ഉണ്ടാവാനുള്ള യഥാർഥ കാരണം ഇതുവരെ വ്യക്തമായി അറിവായിട്ടില്ല. എന്നിരുന്നാലും ക്ഷേത്രസമീപം സിന്ധ് നദിക്കുകുറുകെയുള്ള പാലം തകർന്നുവെന്ന  അഭ്യൂഹമാണ് ചവിട്ടിപ്പാച്ചിലിന് കാരണമായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ  അത്യാഹിതം സംഭവിക്കുമ്പോൾ പാലത്തിലും സമീപത്തുമായി മാത്രം 35000-ലേറെപ്പേർ ഉണ്ടായിരുന്നുവെന്നതാണ് ഔദ്യോഗിക ഭാഷ്യം. മരിച്ചവരിലും ഗുരുതരമായി പരിക്കുപറ്റി ഗുരുതരാവസ്ഥയില്‍ തുടരുന്നതിലും കൂടുതല്‍ പേർ സ്ത്രീകളും കുട്ടികളുമാണ്.

 

2006-ല്‍ ഈ ക്ഷേത്രത്തിനടുത്ത് സമാനമായ രീതിയില്‍ ഉണ്ടായ ചവിട്ടിപ്പാച്ചില്‍ അത്യാഹിതത്തില്‍ 49  പേർ മരിക്കുകയുണ്ടായി. ആ സംഭവത്തെത്തുടർന്ന് ഭാവിയില്‍ ഇത്തരം അത്യാഹിതങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നദിക്കുകുറുകെ  പാലം നിർമ്മിച്ചത്. ആ പാലം തന്നെ അന്ന് മരിച്ചതിന്റെ മൂന്നിരട്ടിയോളം ആൾക്കാരുടെ മരണത്തിന് പശ്ചാത്തലമായിരിക്കുന്നു. തീർഥാടനകേന്ദ്രങ്ങളില്‍ വിശേഷദിവസങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അപകടം ഏതാനും വർഷങ്ങളായി പതിവായിരിക്കുന്നു. തിരക്കുണ്ടാവുന്ന ആരാധനാലയങ്ങൾ മുൻകൂട്ടി അറിയാൻ കഴിയുന്നതാണ്. അവിടേക്കൊഴുകിയെത്തുന്ന ജനങ്ങളെ വരിവരിയായി സ്വഭാവികമായി നീങ്ങുന്നതിന് സഹായകമായ രീതിയിലുള്ള അടിസ്ഥാനസൗകര്യം ഉണ്ടായിരിക്കണം. അതുമല്ലെങ്കില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ആവശ്യമായ പോലീസ് സേനയെ വിന്യസിക്കണം. അല്ലെങ്കില്‍ ഇത്തരത്തിലുള്ള അപകടങ്ങൾ എപ്പോൾ എവിടെവേണമെങ്കിലും സംഭവിക്കാവുന്നതേയുള്ളു. രത്തൻഗഢ് ക്ഷേത്രപരിസരത്ത് ഞായറാഴ്ച ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലേക്കായി വെറും ഒമ്പത് പോലീസുകാരാണ് നിയോഗിക്കപ്പെട്ടിരുന്നത്. രണ്ടരലക്ഷം ജനങ്ങൾ എത്തുന്ന സ്ഥലത്ത് ഒമ്പതു കോസ്റ്റബിൾമരല്ല തൊണ്ണൂറായാല്‍ പോലും പര്യാപ്തമല്ല.

 

ആരാധനാലയാ കേന്ദ്രങ്ങളില്‍ വിശേഷദിവസങ്ങളില്‍ അഭൂതപൂർവ്വമായ ജനത്തിരക്ക് ഏതാനും വർഷങ്ങളായുള്ള  പ്രതിഭാസമാണ്. ശരിയാണ് ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നവരില്‍ സ്വയം ഏറ്റെടുക്കുല്‍ അച്ചടക്കം മുന്‍പുണ്ടായിരുന്നു. വ്യക്തികളിലെ വർധിച്ചുവരുന്ന പലവിധ അസ്വസ്ഥതകളും അസ്വാരസ്യങ്ങളുമാണ് ശാന്തിതേടി ഇവ്വിധം ആരാധനാകേന്ദ്രങ്ങളിലേക്ക് നയിക്കുന്നത്. അതേ അശാന്തിയുടെ  തീവ്രമുഖങ്ങളാണ് തീവ്രവാദ പ്രവർത്തനങ്ങളും. ഇവിടെ ഏതെങ്കിലുമൊരു നാവില്‍ നിന്ന് പാലം തകരുന്നു എന്ന് ഉച്ചരിക്കാതെ ആ സന്ദേശം പടരാൻ സാധ്യതയില്ല. ഒന്നുകില്‍ ആ വ്യക്തിയുടെ  വിഭ്രാത്മകമായ തോന്നലില്‍ നിന്ന് ഉണ്ടായതാകാം. അല്ലെങ്കില്‍ ബോധപൂർവ്വം ആ സന്ദേശത്തെ ഒരു അഭ്യൂഹബോംബായി പ്രയോഗിച്ചതായിരിക്കാം. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് എന്നുകാണുമ്പോൾ അഭ്യൂഹബോംബിന്റെ സാധ്യതയേയും തള്ളിക്കളയാൻ പറ്റില്ല. തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മിക്ക ആരാധനാലയാ കേന്ദ്രങ്ങളിലും ബോംബും സ്‌ക്വാഡും അതുപോലെ തോക്കുധാരികളായ സേനാവിന്യാസവുമൊക്കെ പതിവ് കാഴ്ചയാണ്. തീവ്രവാദികളടെ ലക്ഷ്യം എന്നതും നിരപരാധികളുടെ കൂടിയ എണ്ണമാണ്. അത് ഒട്ടും ചിലവില്ലാതെ നടപ്പാക്കാൻ കഴിയുമെങ്കില്‍ അവർ അതിനും മുതിരാതിരിക്കില്ല. ഇവിടെ ഒരു കാര്യം വ്യക്തമാണ് ഏതോ അപകടസന്ദേശത്തെത്തുടർന്ന് സ്വന്തം ജീവൻ രക്ഷിക്കാനുണ്ടായ പാച്ചിലാണ് നൂറിലേറപ്പേരുടെ മരണത്തില്‍ കലാശിച്ചത്. ആ സന്ദേശം വ്യാജമാണെന്നത് വ്യക്തവും.

 

ബോംബുവിരുദ്ധസ്‌ക്വാഡിനേയും തോക്കുധാരികളായ സേനയേയും വിന്യസിച്ച് അപകടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനേക്കാൾ ജാഗ്രത ഇനിമുതല്‍ ജനസഞ്ചയം ഉണ്ടാവുന്ന സന്ദർഭങ്ങളില്‍ ചവിട്ടിപ്പാച്ചില്‍ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണ്. യാഥാർഥ്യങ്ങളെ അംഗീകരിച്ചു മുന്നോട്ട്നീങ്ങുക എന്നുള്ളത് ഏറ്റവും അത്യാവശ്യമാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നടത്തിയ സമരം ആവശ്യമോ അനാവശ്യമോ എന്നത് പ്രസക്തമല്ല.  ഒരുലക്ഷം പേർ ഒരുമിച്ച് കൂടുമെന്ന  പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കേന്ദ്രസേനയെ  സജ്ജമാക്കി. അത് തികച്ചും അനിവാര്യമായ ഭരണനടപടി തന്നെയായിരുന്നു. ക്ഷമയുടെ കുറവും സാമൂഹികമായി  സ്വാസ്ഥ്യം കുറഞ്ഞുകൊണ്ടുമിരിക്കുന്ന വർത്തമാനകാലത്തില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ അഭ്യൂഹബോംബുകൾ പൊട്ടിച്ച് ഏത്രവലിയ അപകടങ്ങൾ വേണമെങ്കിലും ഉണ്ടാക്കാമെന്ന തിരിച്ചറിവ് കാലഘട്ടത്തിന്റെ യാഥാർഥ്യങ്ങളിലൊന്നാണ്. അത് കണ്ട് പ്രവർത്തിക്കുക എന്നത് അവശ്യം യുക്തിസഹവും മനുഷ്യസ്‌നേഹാധിഷ്ടവും. ഒപ്പം ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്വവും.

Tags: