Skip to main content

പരാജയപ്പെട്ട അമേരിക്കൻ സാമ്പത്തികശാസ്ത്ര തത്വങ്ങളുടെ തടവറയിലാണ് പ്രധാനമന്ത്രിയും കേന്ദ്ര നേതൃത്വവും. എന്താണോ പ്രതിസന്ധി സൃഷ്ടിക്കുന്നത്, അതുകൊണ്ടുതന്നെ അതിനെ മറികടക്കാനാണ് അദ്ദേഹത്തിന്റേയും ധനമന്ത്രി പളനിയപ്പന്‍ ചിദംബരത്തിന്റെയും ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ്ങ് അലുവാലിയയുടേയും ശ്രമം. ഡോളറിനെതിരെ രൂപ നേരിടുന്ന മൂല്യത്തകർച്ച കൊണ്ട്, മന്‍മോഹന്‍ സിങ്ങ് 67-ാം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞതുപോലെ, ഇന്ത്യക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.  എന്നാല്‍, അതിന്റെ കാരണം അദ്ദേഹം വിചാരിക്കുന്നതു പോലെ തങ്ങൾ നടപ്പിലാക്കി വരുന്ന സാമ്പത്തിക നടപടികളുടെ വിജയം കൊണ്ടല്ല. മറിച്ച് ഏതു കാരണങ്ങളാലാണോ ആഗോളതലത്തില്‍ ഉണ്ടായ സാമ്പത്തികമാന്ദ്യം  ഇന്ത്യയെ ബാധിക്കാതിരുന്നത് അതേ കാരണങ്ങളാണ് ഇന്ത്യയെ ഇപ്പോഴും ശക്തമാക്കാൻ സഹായിക്കുന്നത്. അതാണ് ഡോ. മൻമോഹൻ സിങ്ങിനും കേന്ദ്ര നേതൃത്വത്തിനും ഇതുവരെ മനസ്സിലാകാത്തത്. അതു മനസ്സിലാക്കണെമെങ്കില്‍    ലോകബാങ്കിന്റേയും ഐ.എം.എഫിന്റേയും സാമ്പത്തിക മാനദണ്ഡത്തില്‍ ഇന്ത്യയെ നോക്കിക്കണ്ടിട്ടു കാര്യമില്ല. ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം നേരിടുന്ന നേതൃത്വ പ്രതിസന്ധിയാണ് യഥാർഥത്തില്‍ ഇന്ന്‍ നാം നേരിടുന്ന രൂപയുടെ മൂല്യത്തകർച്ചയുൾപ്പടെയുള്ള പ്രതിസന്ധിക്കു ഹേതുവായിട്ടുള്ളത്.

 

ഡോളറിനു കൂടുതല്‍ ആവശ്യം. എന്നാല്‍ ലഭ്യത കുറവ്. സാധാരണ കമ്പോള സമവാക്യമായ ആവശ്യവും വിതരണവും തമ്മിലുള്ള അന്തരമാണ് രൂപയെ മൂല്യക്കുറവിലേക്ക് നയിച്ചത്. ഒറ്റയടിക്കു നോക്കിയാല്‍ അതിനുള്ള കാരണം കാണാൻ സാമ്പത്തിക വിദഗ്ധരൊന്നും ആകേണ്ട കാര്യമില്ല. കല്‍ക്കരിപ്പാടങ്ങൾ ഖനനത്തിന് അനുവദിച്ചതിലെ അഴിമതിയെത്തുടർന്ന്‍ സുപ്രീംകോടതി നിർദേശപ്രകാരം ഖനനം നിർത്തേണ്ടി വന്നു. തുടർന്ന്‍ ആഭ്യന്തര ആവശ്യങ്ങൾക്കായി തൊണ്ണൂറായിരം കോടി രൂപയുടെ കല്‍ക്കരിയാണ് രാജ്യത്തിന് ഇറക്കുമതി ചെയ്യേണ്ടി വന്നത്. അതുപോലെ ഇരുമ്പയിരും  ഇതേ കാരണത്താല്‍ ഇറക്കുമതി ചെയ്യേണ്ടി വന്നു. ഈ അഴിമതിസംഭവങ്ങൾ ഉണ്ടായില്ലായിരുന്നെങ്കില്‍ ഇവ രണ്ടും ഇറക്കുമതി ചെയ്യേണ്ടി വരില്ലായിരുന്നു. ഡോളര്‍ ലഭ്യത കുറക്കുന്ന രീതിയില്‍ വ്യാപരക്കമ്മി ഇവ്വിധം ഉണ്ടാവുകയുമില്ലായിരുന്നു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മന്ത്രാലയമാണ് കല്‍ക്കരിപ്പാടങ്ങളുടെ ഖനനത്തിന് അനുമതി നല്‍കിയത്. ചൊവ്വാഴ്ച പുറത്തുവന്ന വിവരമനുസരിച്ച് ഈ  കുംഭകോണമന്വേഷിക്കുന്ന സി.ബി.ഐക്ക് ഖനനവുമായി ബന്ധപ്പട്ട ഫയലുകൾ കണ്ടെത്താനായില്ല. അതാകട്ടെ, എല്ലാം ഒന്നുകില്‍ കോണ്‍ഗ്രസ്സ് നേതാക്കൾക്കോ അല്ലെങ്കില്‍ അവരുമായി അടുപ്പമുള്ളവർക്കോ നല്‍കപ്പെട്ട കല്‍ക്കരിപ്പാടങ്ങളുടെ വിവരമടങ്ങുന്ന ഫയലുകൾ. ഇങ്ങനെയുള്ള അവസ്ഥയില്‍ മൂല്യമുയർത്താനായി റിസർവ് ബാങ്കിനെക്കൊണ്ട് നടപ്പാക്കുന്ന ചെപ്പടിവിദ്യ ചികിത്സകൾ എത്രകണ്ട് ഫലപ്രദമാകുമെന്ന്‍ മനസ്സിലാക്കാവുന്നതേയുള്ളു.

 

ഇന്ത്യയെപ്പോലൊരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാമ്പത്തികശാസ്ത്രത്തിന്റെ  പരിമിത വൃത്തം കൊണ്ട് ഘടനാപരമായി  ശരിയാക്കി രാജ്യപുരോഗതി  കൈവരിക്കാൻ കഴിയും എന്നുള്ളത് ഏററവും വലിയം മൗഢ്യമാണ്. ഇന്ത്യൻ സാമൂഹ്യപശ്ചാത്തല നിർമിതിയിലൂടെ ഉരുത്തുരിയേണ്ട ഒന്നാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. അല്ലാതെ  ലോകബാങ്ക് സാമ്പത്തികസമീപന പ്രയോഗങ്ങളിലൂടെ സാമൂഹ്യമാറ്റം വരുത്താമെന്നുള്ള ചിന്ത അപ്രായോഗികവും അപകടകരവുമാണ്. ഡിജിറ്റല്‍ യുഗത്തിലെ മാറ്റങ്ങളുടെ നേർക്ക് കണ്ണടയ്ക്കുകയോ അതില്‍ നിന്ന്‍ മാറിനില്‍ക്കുകയോ സാധ്യവുമല്ല, എന്നാല്‍ ഇന്ത്യയ്ക്കനുയോജ്യമായ രീതിയില്‍ അത് പ്രാവർത്തികമാക്കാൻ കഴിയണം. നാടിന്റെ എല്ലാവിധ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും അറിവിന്റെ തലത്തില്‍ തെളിഞ്ഞുവന്നാലേ അതിനു സാധ്യമാകൂ. അവിടെയാണ് ധിഷണാശാലികളായ നേതാക്കളുടെ സാന്നിദ്ധ്യം വേണ്ടത്. മാറുന്ന യുഗത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക പശ്ചാത്തലം തിരിച്ചറിയാതെ പോയതിന്റെ ഫലമായാണ് പാശ്ചാത്യലോകവും യു.എസ്സും സാമ്പത്തികമാന്ദ്യം എന്ന  പ്രതിസന്ധി നേരിട്ടതും ഇപ്പോഴും അതില്‍ നിന്ന്‍ കരകയറാൻ കഴിയാതെ ഉഴലുന്നതും. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ എന്തെങ്കിലും എളുപ്പവിദ്യകൾ കേന്ദ്രസർക്കാർ  സ്വീകരിച്ചെന്നിരിക്കും. അതുപോലും  അവർ ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ഉണ്ടാവണമെങ്കില്‍  ഇന്ത്യയുടെ സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രയോഗിക്കേണ്ടി വരും. ചുരുങ്ങിയപക്ഷം ആ സവിശേഷതകളാണ് ഇന്ത്യൻ സമ്പദ്ഘടനയെ ടെക്സ്റ്റ്ബുക്ക് പ്രതിസന്ധികളില്‍  പെടാതെ നിലനിർത്തുന്നതെന്നുള്ള ബോധ്യം ഉണ്ടാവണം. അതോടൊപ്പം അഴിമതി കുംഭകോണങ്ങളില്‍ പെട്ട്  കല്‍ക്കരി ഖനനം നിലച്ചതു പോലെയുള്ള സ്തംഭനാവസ്ഥകളുണ്ടാകാതെ കാര്യങ്ങളെ കൊണ്ടുപോകാനും കഴിയണം. കുറഞ്ഞപക്ഷം സ്തംഭനാവസ്ഥകളെ മറികടക്കാനുള്ള ശേഷിയെങ്കിലും  ഉണ്ടാവണം.

Tags