ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 64 കടന്നു. ഡോളറിന് 63.75 എന്ന നിരക്കില്‍ ചൊവാഴ്ച വ്യാപാരം ആരംഭിച്ച് വൈകാതെ തന്നെ വില 64.15 രൂപയിലെത്തി. ഓഹരി വിപണികളിലും തകര്‍ച്ച തുടരുകയാണ്.
രൂപയുടെ വിനിമയ നിരക്കില്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ച തകര്‍ച്ച ഈയാഴ്ചയും സര്‍വകാല റെക്കോഡുകളും ഭേദിക്കുകയാണ്. തിങ്കളാഴ്ച 148 പൈസയുടെ കുറവാണ് ഉണ്ടായത്. ബോംബെ ഓഹരി വിപണിയുടെ സൂചികയായ സെന്‍സെക്സ് 291 പോയന്റ് താഴ്ന്ന്‍ 18,307.52-ലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നാലുമാസത്തിനിടയിലെ താഴ്ന്ന നിരക്കാണിത്. ദേശീയ ഓഹരി വിപണിയുടെ നിഫ്ടിയും 93 പോയന്റ് താഴ്ന്ന്‍ 5414.75-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2012 സെപ്തംബറിന് ശേഷമാണ് സൂചിക ഇത്രയും താഴ്ന്ന നിലയില്‍ എത്തുന്നത്.
രാജ്യത്ത് നിന്ന് മൂലധനം പുറത്തേക്ക് പ്രവഹിക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ ബുധനാഴ്ച കൈക്കൊണ്ട നടപടികള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിനിമയ നിരക്കിലെ ചാഞ്ചാട്ടത്തിന്റേയും വിദേശവ്യാപാര കമ്മി വര്‍ദ്ധിക്കുന്നതിന്റേയും പശ്ചാത്തലത്തിലാണ് കേന്ദ്രബാങ്ക് ഈ നടപടികള്‍ സ്വീകരിച്ചത്.