Skip to main content

സോളാര്‍ തട്ടിപ്പ് കേസില്‍ സംശയത്തിന്റെ നിഴലിലായതിനാല്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണം എന്നാവശ്യപ്പെട്ട് ഇടത് ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) ആഗസ്ത് 12 തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധം സര്‍ക്കാറും പ്രതിപക്ഷവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി മാറുകയാണ്‌. സമരത്തെ നേരിടാന്‍ കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളെ വിളിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് സമരം അക്രമത്തിലേക്ക് വഴിതിരിയുമോ എന്ന ആശങ്കക്ക് പ്രേരകമായിരിക്കുന്നത്. രണ്ടുകൂട്ടരും സമരത്തെ അഭിമാനപ്രശ്നമായി കാണുന്നു എന്ന തോന്നലാണ് ഇത് ഉളവാക്കുന്നത്. എന്നാല്‍, അതിലേറെ ഈ സമരത്തിന്റെ ജയപരാജയങ്ങള്‍ നിലനില്‍പ്പിന്റേയും അതിജീവനത്തിന്റേയും പ്രശ്നമായി മാറുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിയുന്നത്.

 

ഒരു വിപ്ലവസംഘടന എന്ന നിലയില്‍ സി.പി.ഐ.എം നടത്തുന്ന അതിജീവന ശ്രമമാണ് ഈ സമരം. സമരത്തിന്റെ മുന്നൊരുക്കങ്ങളില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെ, അറബ് വസന്തം എന്ന്‍ വിശേഷിപ്പിക്കപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങളുടെയും യു.എസ്സില്‍ നടന്ന ഒക്കുപ്യ വാള്‍ സ്ട്രീറ്റ് സമരത്തിന്റെയും മാതൃകകള്‍ അനുവര്‍ത്തിക്കുമെന്ന സൂചനകള്‍ പാര്‍ട്ടി നല്‍കിയിരുന്നു. പാര്‍ട്ടി പിന്തുടര്‍ന്ന് വന്ന പരമ്പരാഗത സമരരൂപങ്ങള്‍ യാന്ത്രികവും അനുഷ്ഠാനപരവുമാകുന്നു എന്ന തിരിച്ചറിവ് തന്നെയാകണം ഇത്തരത്തില്‍ ഒരു ഭാവമാറ്റത്തിന് പാര്‍ട്ടിയെ പ്രേരിപ്പിച്ചിരിക്കുന്നത്. നേരത്തെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച രാപ്പകല്‍ സമരം ഇത്തരത്തിലുള്ള മാറ്റത്തിന്റെ ആദ്യസൂചനകള്‍ നല്‍കിയിരുന്നു. ഇതേ സമരം സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന കാലയളവില്‍ ജില്ലാകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചതിന് ശേഷമാണ് രാപ്പകല്‍ ഉപരോധത്തിലേക്ക് പാര്‍ട്ടി കടക്കുന്നത്.

 

ജില്ലാ കേന്ദ്രങ്ങളിലെ രാപ്പകല്‍ സമരവേദികളില്‍ സമരാവേശം ഉണര്‍ത്തിയത് അഭിവാദ്യ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും മാത്രമല്ല, വിപ്ലവഗാനങ്ങളും ചലച്ചിത്ര പ്രദര്‍ശനങ്ങളും മറ്റ് കലാപരിപാടികളും റംസാന്‍ നോമ്പ് തുറയും എല്ലാം ചേര്‍ന്നാണ്. പൂര്‍ണ്ണമായും ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായി മാറിയ പാര്‍ട്ടിയുടെ കാലികമായ മാറ്റങ്ങള്‍ക്ക് മേല്‍ കാല്‍പ്പനികമായ ഒരു ആവരണം പണിത് അണിയുടെ വിപ്ലവബോധത്തെ സംതൃപ്തിപ്പെടുത്തുകയാണ് ഇതിലൂടെ പാര്‍ട്ടി. ഒരു കമ്യൂണിസ്റ്റ് സംഘടന എന്ന നിലയില്‍ തങ്ങളുടെ പ്രസക്തി അണികളുടെ ഇടയില്‍ പ്രത്യേകിച്ചും, ചെങ്കൊടിയും അരിവാള്‍ ചുറ്റികയും പരിചിതമായ മലയാളിയുടെ ഇടയില്‍ പൊതുവേയും, ഉറപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശം. രൂപഭാവങ്ങളില്‍ സാര്‍വ്വദേശീയമായ ജനകീയ പ്രക്ഷോഭങ്ങളുടെ മാതൃകകളെ പിന്‍പറ്റുന്നതിലൂടെ തങ്ങളുടെ വ്യവസ്ഥാപിത സ്വഭാവത്തെ മറച്ചുവെക്കാനും നേര്‍വിപരീതമായി വ്യവസ്ഥയെ എതിര്‍ക്കുന്നു എന്ന പരിവേഷം സൃഷ്ടിക്കാനും കഴിയുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. വ്യവസ്ഥയുടെ ഭാഗമായി നില്‍ക്കുമ്പോഴും ജനാധിപത്യം അനുവദിക്കുന്ന സമരരൂപങ്ങളില്‍ തങ്ങള് ഒതുങ്ങിനില്‍ക്കില്ല എന്ന സൂചന, സൂചന മാത്രം നല്‍കുകയാണ് ജനകീയ ജനാധിപത്യം  വിപ്ലവലക്ഷ്യമായി പരിപാടിയില്‍ എഴുതിവെച്ചിരിക്കുന്ന പാര്‍ട്ടി.

 

എന്നാല്‍, ഈ സമരത്തെ സര്‍ക്കാര്‍ അതിന്റെ നിലനില്‍പ്പിന്റെ പ്രശ്നമായി കാണുകയും അതിനെതിരെ ഭരണകൂടത്തിന്റെ മര്‍ദ്ദക സംവിധാനങ്ങളെ വിന്യസിക്കുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവും ജനാധിപത്യപരമായ പ്രതികരണമല്ല നടത്തുന്നത്. സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം ഈ സമരത്തിലൂടെ പാര്‍ട്ടി അണികള്‍ക്ക് പകരാന്‍ ലക്ഷ്യമിട്ടിരുന്ന കാല്‍പ്പനികമായ വിപ്ലവ ആവരണം സര്‍ക്കാറിന്റെ പ്രതികരണം ഇതിനകം സൃഷ്ടിച്ചിരിക്കുന്നു. ഒരുപക്ഷെ, തങ്ങളുടെ ആന്തരിക ലക്ഷ്യം നേടിയ പാര്‍ട്ടി ബാഹ്യമായ സമര ലക്ഷ്യത്തില്‍, അതായത് ഉമ്മന്‍ ചാണ്ടിയുടെ രാജിയില്‍, ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിയേക്കും എന്ന പ്രതീക്ഷയാകാം സര്‍ക്കാറിനെ ഇതിന് പ്രേരിപ്പിച്ചിരിക്കുക. എന്നാല്‍, ജനാധിപത്യം ആവശ്യപ്പെടുന്ന, സുതാര്യമായി അനുരഞ്ജനത്തിന്റേയും മധ്യസ്ഥതയുടേയും മാര്‍ഗങ്ങളിലൂടെ പ്രശ്നപരിഹാരം  വിഭാവനം ചെയ്യുന്ന രീതി ഒഴിവാക്കുന്ന സര്‍ക്കാര്‍ അനുകരണീയമായ മാതൃകയല്ല സൃഷ്ടിക്കുന്നത്.

 

ചുരുക്കത്തില്‍, പാര്‍ട്ടിയും സര്‍ക്കാറും അകം പുറങ്ങളില്‍ വ്യത്യസ്ത ലക്ഷ്യങ്ങളുമായാണ് ഈ സമരത്തെ സമീപിക്കുന്നതെങ്കിലും ഇവ പരസ്പരം പൂരകമാണ്. മര്‍ദ്ദക ഭരണകൂടമെന്ന സര്‍ക്കാറിന്റെ പുറം വിപ്ലവസംഘടനയായുള്ള അതിജീവനം എന്ന പാര്‍ട്ടിയുടെ അകത്തെ പൂരിപ്പിക്കുന്നു. നിലനില്‍പ്പ്‌ എന്ന സര്‍ക്കാറിന്റെ അകത്തെ പാര്‍ട്ടിയുടെ വ്യവസ്ഥാപിത പുറം ഇനി പൂരിപ്പിക്കണം. എന്നാല്‍, ഈ പൂരിപ്പിക്കലുകള്‍ വിപ്ലവത്തെയും ജനാധിപത്യത്തെയും ഒരുപോലെ വ്യാജമാക്കുന്നു എന്ന വസ്തുത മാത്രം ബാക്കിയാകുന്നു.