Skip to main content

തമിഴ് നാട് സര്‍ക്കാറിന്റെ ഒരു ഉദ്യോഗസ്ഥന്‍ കേരളത്തിന്റെ സെക്രട്ടറിയേറ്റില്‍ നിന്ന്‍ ഔദ്യോഗിക (രഹസ്യ) വിവരങ്ങള്‍ ശേഖരിക്കുന്നതായി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി വന്ന വാര്‍ത്ത ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ മുന്നിലാണ്. രണ്ട് മന്ത്രിമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നു എന്നതിനൊപ്പം കേരളത്തിലെ മൂന്ന്‍ പ്രമുഖ പത്രങ്ങളിലെ ജേണലിസ്റ്റുകള്‍ക്ക് അവിഹിത രീതിയില്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കേരള കൌമുദി, മാതൃഭൂമി, മലയാള മനോരമ എന്നീ പത്രങ്ങളുടെ ബന്ധപ്പെട്ട പത്രാധിപന്മാര്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും അത് തങ്ങളുടെ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രി വിഷയത്തില്‍ മൂന്ന്‍ ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

മലയാള മുഖ്യധാരാ മാധ്യമലോകത്ത് നിലവിലുള്ള ചില രീതികള്‍ അറിയാവുന്നവര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനത്തിന് പ്രഥമദൃഷ്ട്യാ സാധ്യതകള്‍ ഉണ്ട് എന്നേ പറയുകയുള്ളൂ. മുല്ലപ്പെരിയാര്‍ പോലെ കേരളവും തമിഴ് നാടും തമ്മിലുള്ള നദീജല തര്‍ക്കങ്ങളില്‍  കേരളത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ചേ വാര്‍ത്ത നല്‍കിയിട്ടുള്ളൂ എന്ന് കത്തില്‍ ആണയിടുന്ന പത്രാധിപന്മാര്‍ അപ്പോള്‍ വസ്തുനിഷ്ഠ മാധ്യമപ്രവര്‍ത്തനം എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് മനസ്സിലാകുന്നില്ല. മൂന്ന്‍ ദിവസം കൊണ്ട് ചീഫ് സെക്രട്ടറി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ലെവസണ്‍ കമ്മീഷന്റേതു പോലെയൊന്നും ആവില്ല എന്ന്‍ ഈ പത്രാധിപന്മാര്‍ക്ക് ആശ്വസിക്കാം. എന്നാല്‍, ബ്രിട്ടിഷ് മാധ്യമരീതികള്‍ അന്വേഷിച്ച ജസ്റ്റിസ് ലെവസണ്‍ കമ്മീഷന്‍ പോലൊന്ന് ഇവിടെയും ആവശ്യം ആവശ്യമായിട്ടുണ്ട്.

 

അതിലും ഖേദകരവും അപകടകരവുമായ മറ്റൊരു വസ്തുതയിലേക്കും ഈ വാര്‍ത്ത വിരല്‍ ചൂണ്ടുന്നുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ നദീജലത്തിന്റെ പേരില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പരസ്പര വിദ്വേഷത്തിന്റെ തീവ്രത. തമിഴ് നാട് ഉദ്യോഗസ്ഥന്‍ ചാരപ്പണി നടത്തുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷെ, അയല്‍ രാജ്യങ്ങളല്ല, അയല്‍സംസ്ഥാനങ്ങളാണ് കേരളവും തമിഴ് നാടും. തമിഴ് നാടിനോ മറ്റേതെങ്കിലും ഇന്ത്യന്‍ സംസ്ഥാനത്തിനോ കേരളത്തില്‍ ചാരപ്പണി നടത്തേണ്ടതില്ല. തിരിച്ചും. കേരളത്തിന്റെ വിഭവങ്ങളെ തമിഴ് നാടും തമിഴ് നാടിന്റെ ഉല്‍പ്പന്നങ്ങളെ കേരളവും ആശ്രയിക്കുന്നുണ്ട്. ഈ കൊള്ളകൊടുക്കല്‍ അനിവാര്യവുമാണ്‌. കേരളം ഓര്‍ക്കേണ്ട ഒന്നുണ്ട്. സംസ്ഥാനത്തെ നദികളുടെയെല്ലാം ഉറവിടമായ, മണ്‍സൂണ്‍ കാറ്റുകളെ തടഞ്ഞുനിര്‍ത്തി ഇടവപ്പാതി പെയ്യിക്കുന്ന സഹ്യപര്‍വ്വതം തമിഴ് നാടിനെ വരണ്ട ഭൂമിയാക്കി മാറ്റുകയാണ്. ഇന്ന്‍ കേരളത്തില്‍ മഴ വേണ്ടത്ര പെയ്യുന്നില്ലെങ്കില്‍, വേനല്‍ക്കാലത്ത് നദികള്‍ വരളുകയാണെങ്കില്‍ നമ്മള്‍ പരിസ്ഥിതിയില്‍ നടത്തുന്ന കയ്യേറ്റമാണ് ഉത്തരവാദി. അതിന് തമിഴ് നാടിന് വിഭവങ്ങളിലെ പങ്കാളിത്തം നിഷേധിച്ചത് കൊണ്ട് ദൂരവ്യാപകമായ ദുരന്തം ഒഴിവാക്കാന്‍ ആകില്ല എന്ന് തിരിച്ചറിഞ്ഞാല്‍ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ അര്‍ത്ഥരഹിതമാണെന്നും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലേക്ക് മുന്നേറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും കാണാം.

 

ഭൂമിയിലും ആകാശത്തും ജലത്തിലും എല്ലാം അതിര്‍ത്തി വരച്ചു മനുഷ്യരെ ആ കള്ളികളില്‍ ഒതുക്കി വിഭവങ്ങളെ ചൂഷണം ചെയ്യുന്ന വെസ്റ്റ്ഫാലിയന്‍ രാഷ്ട്രം ഇന്ത്യക്ക് ആവശ്യത്തിലേറെ ചോരപ്പുഴകള്‍ സമ്മാനിച്ചിട്ടുണ്ട്. ഉപഭൂഖണ്ഡത്തെ ആദ്യം ഒറ്റ രാഷ്ട്രമാക്കുകയും പിന്നീട് രണ്ട് തവണയായി മൂന്നായി മുറിച്ചപ്പോഴും ജീവിതം മുറിഞ്ഞുപോയത് നിരപരാധികളുടെയാണ്. അതിന് ഇന്നും അവസാനമായിട്ടില്ലെന്ന് സരബ് ജിത്ത് സിങ്ങിന്റേയും സനാവുള്ള ഹഖിന്റേയും അനുഭവങ്ങള്‍ സാക്ഷ്യം പറയുന്നു. കേരളത്തിനും തമിഴ് നാടിനും ഇടയില്‍ വരച്ചിരിക്കുന്നത് ഭരണപരമായ അതിര്‍ത്തിയാണ്. പൊതുവായ ചരിത്രവും സാംസ്കാരിക സവിശേഷതകളും അവകാശപ്പെടാന്‍ കഴിയുന്നവരാണ് ഇരുപ്രദേശങ്ങളിലേയും ജനത. അതേസമയം, ഭിന്നമായ ചരിത്രവും സാംസ്കാരിക സവിശേഷതകളും ഈ ജനതയുടെ ഭാഗമാണ്. ഈ ഭിന്നതകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന അതിര്‍ത്തിയുടെ യൂറോപ്യന്‍ ആശയങ്ങളില്‍ നിന്ന് നാം പുറത്തു കടക്കേണ്ടിയിരിക്കുന്നു. ആസേതുഹിമാചലത്തിലെ ഭിന്നതകളേയും എകത്വത്തേയും തനിമയോടെ കാണാന്‍ കഴിയുന്ന ഈ നാടിന്റെ മൗലികമായ ചിന്ത വീണ്ടെടുക്കുകയും വേണം.

Tags