Skip to main content

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നാല്പതാമത് വാര്‍ഷിക സമ്മേളനം കൊച്ചിയില്‍ വെള്ളിയാഴ്ച ആരംഭിച്ചു. സമരമാണ് ജീവിതം എന്ന മുദ്രാവാക്യം ഏതാനും മാസങ്ങളായി നഗരത്തിലെ ചുവരുകളില്‍ നിറഞ്ഞിരുന്നു. സമ്മേളനത്തിനു മുന്നോടിയായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തീവ്രവും ആകര്‍ഷകവുമായിരുന്നു. പതാകാകേന്ദ്രങ്ങളും സമര മരങ്ങളും റീഡിംഗ് പോയന്റുകളും പ്രധാന ഭാഗങ്ങളില്‍ ഉയര്‍ന്നു. ഏതു കോര്‍പ്പറേറ്റ് പരിപാടികളോടും കിടപിടിക്കുന്ന ബ്രാന്‍ഡിംഗ് ആയിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല.

 

കേരളത്തിലെ മുസ്ലീം സമുദായത്തില്‍ മതപരമായും അല്ലാതെയുമുള്ള ആശയ സമരങ്ങള്‍ സജീവമാണ്. എന്നാല്‍, ഇവ നടക്കുന്നത് മതത്തിന്റെ ചട്ടക്കൂടിനകത്തും ഇവയുടെ ഭാഷ പൊതുസമൂഹത്തിന് പൊതുവേ ദുര്‍ഗ്രഹവുമാണ്. അപൂര്‍വ്വമായേ ഇസ്ലാം വിഷയമായ ചര്‍ച്ച പൊതുമണ്ഡലത്തിന്റെ ഭാഗമായി നടക്കാറുള്ളൂ. ഇ.എം.എസ്സിന്റെ ഷരിയ സംബന്ധിച്ച പ്രസ്താവനയും ചേകന്നൂര്‍ മൌലവിയുടെ തിരോധാനവും പോലെ. ആ അളവിലല്ലെങ്കിലും സമീപ കാലത്ത് പൊതുസമൂഹത്തില്‍ ഇസ്ലാം സംബന്ധിച്ച് ഉയര്‍ന്ന ഒരു ചര്‍ച്ചയായിരുന്നു തിരുകേശപ്പള്ളി സംബന്ധിച്ചുണ്ടായത്. അഖിലേന്ത്യാ സുന്നി ജംഅയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ പ്രവാചകനായ മുഹമ്മദിന്റേതെന്ന് അവകാശപ്പെട്ട മുടിച്ചുരുള്‍ സ്ഥാപിക്കാന്‍ നിര്‍മ്മിക്കുന്ന പള്ളിയെച്ചൊല്ലിയായിരുന്നു വിവാദം. സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയാണ് ഈ വിഷയത്തെ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതെങ്കിലും മുസ്ലീം സമുദായത്തിനകത്തും രൂക്ഷമായ വിവാദം ഇത് സംബന്ധിച്ച് ഉയര്‍ന്നിരുന്നു.

 

ഈ പശ്ചാത്തലത്തില്‍ കാന്തപുരത്തോട് ആഭിമുഖ്യമുള്ള എസ്സ്.എസ്സ്.എഫിന്റെ സമ്മേളനം അവരുടെ ശക്തിപ്രകടനം കൂടിയായി മാറിയത് സ്വാഭാവികമാണ്. തീര്‍ച്ചയായും മുസ്ലീം സമുദായ നേതാക്കളില്‍  ഏറ്റവും ജനസ്വാധീനമുള്ള വ്യക്തിയുമാണ് കാന്തപുരം മുസലിയാര്‍. പക്ഷെ, സമുദായത്തിനകത്തെ  കിടമത്സരങ്ങളുടെ ഭാഗമായി ചെയ്യുന്ന ഈ പ്രകടനങ്ങള്‍, എന്താണ് പൊതു സമൂഹത്തോട് വിനിമയം ചെയ്യുന്നത്? രണ്ടു കാര്യങ്ങള്‍ പ്രകടമാണ്. ഇസ്ലാമിനകത്തെ ഉള്‍പ്പിരിവുകളെ കുറിച്ച് സാമാന്യധാരണ പോലും പൊതു സമൂഹത്തില്‍ കുറവായിരിക്കെ, ഈ സമ്മേളനം പൊതു സമൂഹത്തില്‍ ഇസ്ലാമിന്റെ ഒരു പ്രതിബിംബമായാണ് കാണപ്പെടുക. ഖേദകരമായ വസ്തുത, കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചതും ഇസ്ലാമിന്റെ മറ്റൊരു പ്രതിബിംബമായി തന്നെയാണ് പൊതുസമൂഹത്തില്‍ എത്തുന്നതും. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇസ്ലാം മത സങ്കല്‍പ്പത്തോട് ഒട്ടും യോജിക്കുന്നവരാവില്ല കാന്തപുരത്തിന്റെ അനുയായികള്‍. എന്നാല്‍ മതത്തിന് പുറത്തെ സമൂഹത്തില്‍ ഈ വിയോജിപ്പ്‌ എത്തുന്നില്ല എന്നതാണ് രണ്ടാമത്തെ കാര്യത്തിലേക്ക് നമ്മളെ എത്തിക്കുന്നത്.

 

കേരളീയ സമൂഹത്തില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന മതപരമായ ധ്രുവീകരണത്തിന്റെ പ്രശ്നമാണിത്. 2011 സെപ്തബറില്‍ യു.എസ്സില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം അവിടെയും ലോകമെങ്ങും വ്യാപിച്ച ഇസ്ലാം ഭീതി ഇതില്‍ ഒരു ഘടകമാണ്. എന്നാല്‍, മുസ്ലീം സമുദായം സ്വീകരിക്കുന്ന സ്വയം ഒറ്റപ്പെടുത്തല്‍ നയവും ഈ ഭീതിയെ ഇല്ലാതാക്കുന്നതില്‍ വിഘാതമായി നില്‍ക്കുന്ന ഒന്നാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇസ്ലാമിനെ കേന്ദ്രീകരിച്ചുണ്ടായിരിക്കുന്ന ധ്രുവീകരണമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവൃത്തി എസ്സ്.എസ്സ്.എഫിന്റെ അക്കൌണ്ടിലും പൊതുമനസ്സ് വരവ് വെക്കാന്‍ കാരണം. എന്നാല്‍ ഏകശിലാത്മകമായ മതം എന്ന സെമിറ്റിക് പ്രലോഭനത്തിന്റെ പേരില്‍ വൈജാത്യങ്ങളെ പൊതിഞ്ഞു വെക്കുന്നത് ഇവിടെ ഇസ്ലാമിനെ ഒട്ടും സഹായിക്കുന്നില്ല. വൈവിധ്യങ്ങളെ അതിന്റെ തനിമയില്‍ കാണാന്‍ കഴിയുന്ന ഈ രാജ്യത്ത് പ്രത്യേകിച്ചും. കേരളീയ സമൂഹത്തില്‍ സമ്പന്നമായ ഒരു ചരിത്രം അവകാശപ്പെടാന്‍ കഴിയുന്ന മുസ്ലീം സമുദായം ഇസ്ലാമിനെ തുറന്ന, ജനാധിപത്യ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാന്‍ ഇനിയും മടി കാണിക്കരുത്.