Skip to main content

'മോശം പബ്ലിസിറ്റി എന്നൊന്നില്ല' എന്നാണ് പരസ്യ രംഗത്തെ ചൊല്ല്. അതുകൊണ്ടുതന്നെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഫോര്‍ഡ് കാര്‍ കമ്പനിയുടെ പരസ്യവും ഒരു വിജയമാണ് എന്ന് പറയാം. സ്ത്രീത്വത്തെ പരസ്യമായി അവഹേളിക്കുകയായിരുന്നു ഫിഗോ കാറിനു വേണ്ടി തയ്യാറാക്കിയ പരസ്യം ചെയ്തത്. അല്‍പവസ്ത്ര ധാരികളായ മൂന്ന്‍ സ്ത്രീകളെ കെട്ടിയിട്ട നിലയില്‍ ഡിക്കിയിലിട്ട പരസ്യം (ലൈംഗിക സൂചനകള്‍ മാറ്റിവച്ചാല്‍ പോലും) സ്ത്രീയെ ചരക്കായി തുറന്നവതരിപ്പിക്കുകയായിരുന്നു. സത്യത്തില്‍ വിമര്‍ശനം ഈ പരസ്യം ക്ഷണിച്ചു തന്നെ വരുത്തിയതാണ്. പിന്നെ 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന് പരസ്യക്കമ്പനി പറയില്ല എന്നതിനാല്‍ വിമര്‍ശനം അപകടരഹിതവുമാണ്.

 

അപകടം സ്ഥിതി ചെയ്യുന്നത്, ഏതു പരസ്യത്തിലാണ് സ്ത്രീയുടെ ശരീരം ചരക്കായി ഉപയോഗിക്കപ്പെടാത്തത് എന്ന് ചോദിച്ചാലാണ്. ഇവിടെ ഇറങ്ങുന്ന ആരോഗ്യമാസികകളുടെ കവര്‍ ചിത്രം ഓര്‍ത്തു നോക്കൂ. പ്രമേയം പ്രമേഹമാണെങ്കിലും അഴകളവുകള്‍ കൃത്യമായ ഒരു സ്ത്രീയായിരിക്കും കവറില്‍. ഉല്‍പ്പന്നം ഏതുമാകട്ടെ, സ്ത്രീയുടെ ശരീരമാണ് വില്‍പ്പന നടത്തേണ്ടതും വില്‍ക്കപ്പെടുന്നതും. ഇവയിലെല്ലാം സ്ത്രീയുടെ ശരീരം ഉല്‍പ്പന്നത്തെ പോലെതന്നെ ഒരു ചരക്കാണ് എന്ന ആശയം പരോക്ഷമായി വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെ ഭോഗവസ്തുവായി രൂപാന്തരപ്പെട്ട സ്ത്രീശരീരമാണ്, പ്രായഭേദമന്യേ, സമകാലീന സമൂഹത്തില്‍ ആക്രമിക്കപ്പെടുന്നത്. പ്രത്യക്ഷത്തില്‍ ആരോഗ്യം എന്ന പ്രഖ്യാപനം കണ്ട് അത്തരം പ്രസിദ്ധീകരണങ്ങള്‍ വാങ്ങുന്നവര്‍ അവരറിയാതെ അവരിലേക്ക്‌ ശാരീരികമായും മാനസികമായും അനാരോഗ്യത്തെ ആകര്‍ഷിക്കുന്നു. മലയാളത്തില്‍ എല്ലാ ആരോഗ്യ - വനിതാ മാഗസിനുകളും ഇക്കാര്യത്തില്‍  മത്സരത്തിലാണ്.

 

എന്നാല്‍, സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളെ ചൊല്ലി ആശങ്കപ്പെടുമ്പോഴും അവക്കൊരു പരിഹാരം വേണമെന്ന് മുറവിളി കൂട്ടുമ്പോഴും ശിക്ഷകള്‍ കടുപ്പമാക്കുകയാണ്, അതിനി മധ്യകാല രീതികളെ നാണിപ്പിക്കുന്നതായാല്‍ പോലും, നമ്മുടെ പ്രക്ഷോഭകാരികളും നിയമനിര്‍മ്മാതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നത്. പ്രശ്നത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് പരിഹാരത്തിനുള്ള ആദ്യപടി. പക്ഷെ, എങ്ങിനെയാണ് സ്ത്രീയുടെ ശരീരം ഭോഗവസ്തുവായത് എന്ന് നാം ഇപ്പോഴും ചോദിക്കുന്നില്ല. ട്രോജന്‍ കുതിരകളെപ്പോലെ പ്രവര്‍ത്തിക്കുന്ന പരസ്യങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും (ഉദാഹരണത്തിന് ആരോഗ്യമാസികകളുടെ കവര്‍ മാത്രമല്ല, ഉള്ളടക്കവും ഓര്‍ത്തെടുക്കുക) ഇതിലുള്ള ഉത്തരവാദിത്വം തിരിച്ചറിയാതെ പരിഹാരം സാധ്യവുമല്ല. അപ്പോള്‍ ഫോര്‍ഡ് കമ്പനി പരസ്യമായി പറഞ്ഞ കാര്യം പരോക്ഷമായി  പറയുന്ന ഓരോരുത്തരുടെയും നേരെ നാം ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടി വരും. അങ്ങിനെയുള്ളവരാണ് മഹാഭൂരിപക്ഷവും എന്നതിനാല്‍ കാര്യം നേരിട്ട് പറയുന്ന ഫോര്‍ഡ് പരസ്യം താരതമ്യേന അപകടരഹിതമാണ് എന്നും അപ്പോള്‍ കാണാം. കാരണം പ്രത്യക്ഷാക്രമണത്തില്‍ പ്രതിരോധത്തിന് അവസരമുണ്ട്. എന്നാല്‍ പരോക്ഷമായ, സ്നേഹപൂര്‍വകമായ ആക്രമണത്തില്‍ അപകടം തിരിച്ചറിയുമ്പോഴേക്കും കഥ കഴിഞ്ഞിരിക്കും. അപകടം സംഭവിക്കുന്നതുവരെ അതിനെ ആവേശപൂര്‍വം സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

 

ഡല്‍ഹി കൂട്ടബലാത്സംഗത്തിനു ശേഷമുള്ള പരിസ്ഥിതിയില്‍ ഇത്തരമൊരു പരസ്യം തയാറാക്കാന്‍ ശ്രമിച്ചതിനു പിന്നിലുള്ള ചേതോവികാരം എന്തെന്നറിയില്ല. പരോക്ഷമായി വ്യക്തമായിത്തന്നെ പരസ്യങ്ങളിലായാലും ഉള്ളടക്കത്തിലായാലും അവതരിപ്പിക്കപ്പെടുകയും അതേപടി സ്വീകരിക്കപ്പെടുകയും ചെയ്യുന്ന കാര്യങ്ങള്‍ ഫോര്‍ഡിന്റെ പരസ്യത്തില്‍ പ്രത്യക്ഷത്തില്‍ പറഞ്ഞു. പക്ഷെ, ഒരു കാര്യം ഒരിക്കല്‍ കൂടി വ്യക്തമാകുന്നുണ്ട്. തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍ കൊണ്ട് രോഗാതുരമായ മനസ്സിനെ ചികിത്സിക്കാനാവില്ല. ക്രിസ്തു മത വിശ്വാസികള്‍ക്ക് മനസ്താപത്തിന്റെ വേളയാണ് പീഡാനുഭവ വാരം. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന ഏതൊരു സമൂഹത്തിന്റെ മനസും തപിക്കേണ്ടിയിരിക്കുന്നു. തപം ചെയ്ത് പ്രായശ്ചിത്തം അന്വേഷിക്കേണ്ടിയിരിക്കുന്നു.