ലവ് ജിഹാദ്:പാളയം ഇമാം ഇവ്വിധത്തില്‍ പ്രസ്താവന നടത്തരുതായിരുന്നു

Glint Staff
Fri, 01-09-2017 01:34:33 PM ;

 

ഒരു ഇമാം മതപണ്ഡിതനാണ്. പാളയം ഇമാമിനെ കേരള സമൂഹം അത്തരത്തിലാണ് ഇതുവരെ കണ്ടുപോന്നത്. എന്നാല്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലൂടെ അദ്ദേഹത്തിന്റെ പാണ്ഡിത്യമല്ല പ്രകടമായത്.മാത്രമല്ല കേരളത്തിന്റെ മതസൗഹാര്‍ദ്ദപരമായ സൈ്വരജീവിതത്തിന് അനുകൂലമായ സ്വരവുമായില്ല. ഈദ് നമസ്‌കാരത്തിനെത്തിയവരെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം നടത്തിയ പ്രസ്താവന.കേളത്തിലെ മതപണ്ഡിതന്മാരില്‍ പുരോഗമനത്തിന്റെ പക്ഷത്തു നില്‍ക്കുന്ന വ്യക്തികൂടിയാണ് പാളയം ഇമാമെന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെകൂടുതല്‍ ഗൗരവമാക്കുന്നത്.
      സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരെ ലൗജീഹാദ് എന്ന് വിളിച്ച് ആക്ഷേപിക്കരുതെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഇത്തരത്തിലൊരു പ്രതികരണം പാളയം ഇമാമിന്റെ ഭാഗത്തു നിന്നുണ്ടായത് ദൗര്‍ഭാഗ്യകരമായിപ്പോയി. എല്ലാ മതങ്ങളും പരിവര്‍ത്തനത്തിനുവേണ്ടിയാണ് ആവിര്‍ഭവിച്ചതും നിലനിന്നതും നിലനില്‍ക്കുന്നതും. ആ പരിവര്‍ത്തനമാകട്ടെ ഒരു മതത്തില്‍ മറ്റൊരു മതത്തിലേക്ക് മാറുന്നതല്ല. മതത്തിലേക്ക് ആളെക്കൂട്ടുന്നതല്ല.അജ്ഞതയുടെ ലോകത്തു നിന്നു ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുയരുന്നതാണ് ആ പരിവര്‍ത്തനം. ഹസ്രത്ത് ഇബ്രാഹിം മകന്‍ ഇസ്മായലിനെ ബലികൊടുക്കാനായി കുന്നില്‍ മുകളിലേക്കു പോകുന്നു.ഇതിനിടെ മകന്‍ പിതാവിനോടു പറയുന്ന ചില നിര്‍ദ്ദേശങ്ങളുണ്ട്. തന്നെ കൈകാലുകള്‍ കെട്ടിയിട്ട് വേണം ബലി നല്‍കാന്‍. അതേ പോലെ കമഴ്ത്തിക്കിടത്തി വേണം ബലി അര്‍പ്പിക്കാനെന്നും. എന്തുകൊണ്ടാണ് കമഴ്ത്തിക്കിടത്തി ബലി അര്‍പ്പിക്കണമെന്ന് ഇസ്മായില്‍ പറഞ്ഞതെന്നു കാണണം. മലര്‍ത്തി കിടത്തി ബലി അര്‍പ്പിച്ചാല്‍ തന്റെ മുഖത്ത് പ്രകടമാകുന്ന മരണവെപ്രാളത്തിന്റെ ഭാവഹാവാദികള്‍ ബാപ്പയുടെ മനസ്സില്‍ മായാതെ അവശേഷിക്കും. അത് അദ്ദേഹത്തിന് സ്വസ്തത നല്‍കാതെ അലട്ടിക്കൊണ്ടിരിക്കും. ഒരു മകന്‍ തന്റെ പിതാവിന്റെ വാക്കു പാലിക്കാന്‍ വേണ്ടിയും അതേ സമയം തന്റെ പിതാവിനെ മനസ്സിലാക്കി അദ്ദേഹത്തിന്റെ ശിഷ്ടജീവിതത്തില്‍ വേദനകളുണ്ടാകരുതെന്നുള്ള കരുതലുമാണ് ആ നിര്‍ദ്ദേശത്തിലൂടെ പ്രകടമാകുന്നത്.അത് സ്‌നേഹത്തിന്റെ സൂക്ഷ്മ തലങ്ങളാണ്. ഈ സന്ദര്‍ഭം മനസ്സില്‍ കാണുന്ന ഏത് മനുഷ്യനിലും അവന്റെ മാനുഷിക വശം ഉണര്‍ന്നു പോകും. എത്ര നിഷ്ടൂരനാണെങ്കിലും . ഇത്തരത്തിലുള്ള മാനവിക പരിവര്‍ത്തനമാണ് മതത്തിലൂടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
      ഇവ്വിധത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട മനുഷ്യന്‍ ഏതു മതത്തില്‍ പെട്ടയാളാണെങ്കിലും മതത്തിന്റെയും ജാതിയുടെയും ബാഹ്യ ചട്ടക്കൂടുകളില്‍ നിന്നും കെട്ടുപാടുകളില്‍ നിന്നും ആന്തരികമായി മുക്തി നേടും. അതാണ് സ്വാതന്ത്ര്യം അഥവാ പരിവര്‍ത്തനം.അങ്ങനെ സ്വതന്ത്രമാകുന്ന മനുഷ്യസ്‌നേഹികള്‍ ബാഹ്യമായതിനെ ഉപേക്ഷിക്കാതെ തങ്ങളുടെ അനുയായികള്‍ക്ക് മനസ്സിലാകുന്ന വിധം അവരെയും തന്റെ അനുഭവത്തിലേക്കുയര്‍ത്താന്‍ നോക്കും. ഒരു മതത്തിനെ ഉപേക്ഷിച്ചു വരുന്നവരുടെ അടുത്ത് പുതിയ ഭാഷ പഠിച്ച് അറിവു നേടുന്നതിനേക്കാള്‍ നല്ലത് മാതൃഭാഷയിലൂടെ നേടുന്നതാണ് നല്ലതെന്ന് ഉപദേശിച്ചു തിരിച്ചയയ്ക്കു. അതെല്ലാം മാറി പൗരോഹിത്യത്തിന്റെ അജ്ഞതയിലൂടെ ആധിപത്യത്തിലമര്‍ന്ന മതം ബാഹ്യമായ ചിഹ്‌നങ്ങളിലൂടെ മതത്തെ നിലനിര്‍ത്താനും വലുതാക്കാനും ശ്രമിച്ചു. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ .ഈ നിക്ഷിപ്ത താല്‍പ്പര്യമാണ് ഓരോ മതങ്ങളിലേക്ക് ആളെക്കൂട്ടുന്ന വിധമുള്ള മതപരിവര്‍ത്തനം തുടങ്ങുന്നത്.
       എല്ലാ മതത്തിലും അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്കുയരാനുള്ള വഴിയുണ്ട്. ജനിച്ചുവളര്‍ന്ന മതത്തിലാണ് ഏതു വ്യക്തിക്കും അതിനു സാധ്യത.മാതൃഭാഷയിലൂടെ സംവേദനം കൂടുതല്‍ നടക്കുന്നതുപോലെ. സ്വന്തം അമ്മയെ സ്‌നേഹിക്കുന്നതിലൂടെ മാതൃത്വം എന്ന സാര്‍വ്വലൗകികതയുടെ അനുഭൂതി അറിയുന്നതുപോലെ. അതിന് ത്രാണിയില്ലാതെ വരുന്നവര്‍ അജ്ഞതയുടെ അടിത്തട്ടില്‍ കഴിയുന്നവരാണ്. അങ്ങനെ അജ്ഞതയുടെ അടിത്തട്ടില്‍ കഴിയുന്നവര്‍ സ്വന്തം മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിലേക്ക് ചേക്കേറുന്നത് അജ്ഞതയില്‍ നിന്ന് അജ്ഞതയുടെ പടുകുഴിയിലേക്കുള്ള കൂപ്പുകുത്തലാണ്. അജ്ഞതിയില്‍ നിന്ന് അജ്ഞതയിലേക്കുള്ള പ്രവേശം കൂടുതല്‍ പ്രദേശത്തേക്ക് ഇരുട്ടു പകരാനേ സഹായകമാവുകയുളളു. സ്വന്തം അമ്മയെ ഉപേക്ഷിച്ച് മാതൃത്വത്തിന്റെ സ്‌നേഹം അറിയാന്‍ അതുവരെ കണ്ടിട്ടില്ലാത്ത വിദൂരതയിലുള്ള സ്ത്രീയെ സ്വീകരിക്കുന്നതുപോലെയാണ് ഒരു മതത്തില്‍ നിന്നു മറ്റൊരു മതത്തിലേക്കുള്ള മതം മാറ്റം. അ്ജ്ഞത വര്‍ധിക്കുന്നിടത്ത് അക്രമവും വര്‍ധിക്കും. അതാണ് കേരളത്തിലെ മതം മാറ്റം സാമൂഹ്യ പ്രശ്‌നമായി മാറുന്നത്. അത് മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് പാളയം ഇമാമിന് ഇത്തരത്തില്‍ പ്രസംഗിക്കേണ്ടി വന്നത്.
         നിര്‍ബന്ധിത മതംമാറ്റം കേരളത്തില്‍ നടക്കുന്നുണ്ടോ ലൗജിഹാദ് നടക്കുന്നുണ്ടോ എന്നുളള കാര്യങ്ങളൊക്കെ ഇപ്പോള്‍ അന്വേഷണത്തിലാണ്. പാളയം ഇമാമിനെപ്പോലുള്ളവരുടെ വര്‍ധിച്ച പ്രസക്തിയാണിന്നുള്ളത്. കാരണം മുസ്ലീം സമുദായത്തില്‍ ചെറിയൊരു ശതമാനത്തിന് മൗലികവാദത്തിനോട് ചായ്‌വുണ്ട്.ഇവിടെ നിന്നുള്ള യുവാക്കളും യുവതികളും ഐഎസ് ക്യാമ്പില്‍ എത്തപ്പെടുകയും മരണപ്പെടുകയും ചെയ്തതായുള്ള വാര്‍ത്തകള്‍ ഇന്ന് പുതുമയില്ലാത്തതായി മാറിയിരിക്കുന്നു. അതിനാല്‍ സമുദായത്തിനുള്ളില്‍ ഉണ്ടാകുന്ന അത്തരം പ്രവണതകളെ സൃഷ്ടിപരമായി ഒഴിവാക്കുന്നതിന് ശേഷിയുള്ളവരാണ് പാളയം ഇമാമിനേപ്പോലുള്ളവര്‍. ഇപ്പോഴത്തെ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന ദൗത്യവുമാണത്.
      എന്നാല്‍ ഇമാമിന്റെ പ്രസ്താവന അത്തരം ശക്തികള്‍ക്ക് കരുത്തു പകരുന്നതായി. ഒരുപക്ഷേ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പിന്തുണ തന്റെ നിലപാടിന് ലഭിക്കുമെന്നുള്ള ധാരണയും ഇമാമിനെ ഇത്തരത്തില്‍ പരസ്യപ്രഖ്യാപനം നടത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും. സ്ത്രീയും പുരുഷനും ജാതിയും മതവും നോക്കാതെ തന്നെ വിവാഹം കഴിക്കുന്നതാണ് സാംസ്‌കാരികമായി ഉയര്‍ന്ന സമൂഹത്തിന്റ ലക്ഷണം.മുസ്ലീം മതത്തിലുളളവരും മറ്റ് മതങ്ങളിലുള്ളവരും തമ്മില്‍ അക്കാരണത്താല്‍ വിവാഹം കഴിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് മാത്രമല്ല പുരോഗമനപരവുമാണ്. അവിടെ പ്രാമുഖ്യം നല്‍കപ്പെടേണ്ടത് പ്രേമം അഥവാ പ്രണയത്തിനായിരിക്കണം. അങ്ങനെ വിവാഹം കഴിക്കുന്നവര്‍ എന്തിന് മതം മാറ്റത്തിന് വിധേയമാകുന്നു എന്നിടത്താണ് പ്രശ്‌നങങളുടെ തുടക്കം. അത് ഏതു മതത്തിലേക്കായാലും. വ്യത്യസ്ത മതങ്ങളിലുളളവര്‍ പ്രണയിച്ച് വിവാഹം കഴിച്ച് തങ്ങള്‍ വിശ്വസിച്ചു പോന്നിരുന്ന വിശ്വാസങ്ങളില്‍ നിന്നു മാറതെ പ്രണയ പൂര്‍വ്വം കഴിയുന്നതിന്റെ ധാരാളം ഉദാഹരണം കൊച്ചുകേരളത്തില്‍ തന്നെയുണ്ട്.
       പാളയം ഇമാമിന്റെ പ്രസ്താവന ജാതി-മതം നോക്കാതെ പുരോഗമനപരമായി യുവതീയുവാക്കളെ വിവാഹബന്ധത്തിലേര്‍പ്പെടാന്‍ സഹായിക്കുന്നതായില്ല. മറിച്ച് ലൗ ജിഹാദ് ഉയര്‍ത്തിപ്പിടിച്ച് മതങ്ങള്‍ തമ്മിലുള്ള വേര്‍തിരിവും അകലവും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ലഭിച്ച നല്ല അവസരമാണ്. അതിനാലാണ് ഒരു മതപണ്ഡിതന്റെ പാണ്ഡിത്യവും അതിനു ചേര്‍ന്ന പ്രായോഗികതയും ഇല്ലാത്തതായിപ്പോയി അദ്ദേഹത്തിന്റെ ഈ പ്രസ്താവന. അതേ സമയം മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം നിര്‍മ്മിക്കുമ്പോള്‍ മുസ്ലീം മതപുരോഹിതന്മാരോട് കൂടിയാലോചിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം യുക്തിസഹവുമാണ്.
 

 

Tags: