Skip to main content

സംസ്ഥാന ധനകാര്യവകുപ്പിനെയും സി.പി.എംനെയും പ്രതിരോധത്തിലാക്കിയ കെ.എസ്.എഫ്.ഇ റെയ്ഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവ് സംശയമുനയില്‍. കേരളത്തിലെ ഒരു പ്രധാന ധനകാര്യ സ്ഥാപനത്തിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവുകൂടിയായ ഈ ഉപദേശകന്‍ ആണ് റെയിഡിന്റെ ആസൂത്രകനെന്നാണ് ധനമന്ത്രി തോമസ് ഐസക് ക്യാമ്പ് കരുതുന്നത്. ഇതിനു പിന്നില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ താല്പര്യമാണോ, പാര്‍ട്ടിയിലെ പുതിയ ചേരിതിരിവിനെ നേരിടാനുള്ള അടവാണോ എന്നാണ് അറിയാനിരിക്കുന്നത്.വിജിലന്‍സ് അന്വേഷണത്തിന്റെ ആസൂത്രകന് വട്ടാണെന്ന് ഐസക് തുറന്നടിച്ചത് ഈ ഉപദേഷ്ടാവിനെ ലക്ഷ്യമിട്ടാണെന്നാണ് വിവരം.

സംസ്ഥാന വിജിലന്‍സ് വകുപ്പ് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തില്‍ അനവസരത്തില്‍ നടത്തിയ റെയ്ഡ് പാര്‍ട്ടിയിലെ സാധാരണക്കാരെ മുതല്‍ മുതിര്‍ന്നവരെ വരെ ചൊടിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍ മന്ത്രി തോമസ് ഐസക്കിനു പിന്തുണയുമായി ഞായറാഴ്ച രംഗത്തെത്തുകയുണ്ടായി. ഈ വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലാണിപ്പോള്‍. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് വകുപ്പാണ് റെയ്ഡ് നടത്തി സര്‍ക്കാരിനെ തന്നെ നാറ്റിച്ചിരിക്കുന്നത്. ഞാനൊന്നു മറിഞ്ഞില്ലെന്ന് പറഞ്ഞൊഴിയാന്‍  മുഖ്യമന്ത്രിക്ക് ആ വില്ലല്ലോ. പ്രത്യേക തയ്യാറെടുപ്പോടെ സംസ്ഥാനത്തെ കെ എസ്.എഫ്. ഇ. സ്ഥാപനങ്ങളില്‍ വ്യാപകമായിട്ടാണ് പരിശോധന നടന്നത്.

ഇനി മുഖ്യമന്ത്രി അറിയാതെയാണ് ഈ റെയ്ഡ് നടന്നതെങ്കില്‍ അദ്ദേഹം ആ പദവിയിലിരിക്കാന്‍ യോഗ്യനാണോ എന്ന ചോദ്യമുയരും. ഇനി മുഖ്യനറിയാതെ ഉപദേഷ്ടാവ് നേരിട്ട് റെയ്ഡ് ആസൂത്രണം ചെയ്തുവെന്നിരിക്കട്ടെ. കെ.എസ്.എഫ് ഇ യെ പോലെ ചിട്ടികളും നിക്ഷേപങ്ങളും സ്വീകരിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് നേട്ടമുണ്ടാക്കാനാണ് അതു ചെയ്തതെന്ന ആക്ഷേപം എങ്ങനെ തള്ളാനാകും? കാരണം ഇതേ ഉദ്യോഗസ്ഥന്‍ സ്വകാര്യ സ്ഥാപനത്തിന്റെയും മുഖ്യ ഉപദേഷ്ടാവാണല്ലോ. കെ എസ്.എഫ് ഇ .യുടെ തളര്‍ച്ച ഗുണം ചെയ്യുക ആ ധനകാര്യ സ്ഥാപനത്തിനുകൂടിയായിരിക്കുമല്ലോ. വരും ദിവസങ്ങളില്‍ ഈ വിഷയങ്ങള്‍ വലിയ ചര്‍ച്ചയാകും.

ഇതിനു പിന്നിലെ രാഷ്ട്രീയവും സംശയത്തിലാണ് . പിണറായി വിരുദ്ധചേരി ശക്തിപ്പെട്ടു വരുന്ന സമയമാണിത്്. എം.എ. ബേബിെക്കാപ്പം ആ ചേരിയിലാണ് തോമസ് ഐസക്കുമെന്നാണ് പുറത്തു വരുന്ന വിവരം. പിണറായിയെ മാത്രം മോശക്കാരനാക്കി ചേരി ശക്തമാക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണോ വിജിലന്‍സ് റെയ്ഡിലൂടെ ലക്ഷ്യമിടുന്നതെന്ന സംശയവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.  ധന വിഭാഗത്തിന് കീഴിലുള്ള അഴിമതി പുറത്തു കൊണ്ടുവന്ന് ധനമന്ത്രിയുടെ വായടപ്പിക്കുകയെന്ന തന്ത്രം .തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കെ നടന്ന ഇപ്പോഴത്തെ റെയ്ഡ് പാര്‍ട്ടി അണികളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്..