സിനിമാ നടി നഗരമധ്യത്തില്‍ വാഹനത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ പി ടി തോമസ് എം.എല്‍.എ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നു. സംഭവം ഉണ്ടായ ഉടന്‍ ആ വിഷയത്തില്‍ ഇടപെട്ട ജനപ്രതിനിധിയാണ് പി ടി തോമസ്.പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചത്. ഈ വിഷയത്തില്‍ ആകെ അറിയാനുളളത് ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ ഇല്ലയോ എന്നുള്ളതാണ്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളെല്ലാം ജീവിച്ചിരിപ്പുണ്ട്. പള്‍സര്‍ സുനിയുള്‍പ്പടെയുള്ളവര്‍ ജയിലിലുമാണ്. എന്നിട്ടും ഈ സംഭവം ഇപ്പോഴും തുമ്പുകിട്ടാതെ പല മാനങ്ങള്‍ കൈവരിക്കുന്നതാണ് ഈ വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പി ടി തോമസ് ആവശ്യപ്പെടാന്‍ കാരണം.
ഈ വിഷയത്തില്‍ എന്തോ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ സ്വാധീനമുളളവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നുള്ളത് വ്യക്തമാണ്. അല്ലായിരുന്നുവെങ്കില്‍ നിഷ്പ്രയാസം ലോക്കല്‍പോലീസ് പോലും അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങളേ ഇതിലുള്ളു.പള്‍സര്‍സുനിയുമായി പോയി കായലിലേക്ക് വലിച്ചെറിഞ്ഞ ഫോണ്‍ കണ്ടെത്താന്‍ ഗോശ്രീ പാലത്തിന്റെ സമീപത്ത് തെളിവു ശേഖരണസമയത്ത് ഒരുപാട് വ്യായാമം പോലീസ് നടത്തുകയുണ്ടായി. ദൈവം തമ്പുരാനാണെങ്കില്‍ പോലും നടിയെ ആക്രമിച്ചതിനു പിന്നില്‍ ആരുണ്ടെങ്കിലും അവരെ പുറത്തുകൊണ്ടുവരുമെന്ന് അസന്നിഗ്ധമായാണ് മന്ത്രി ഏ കെ ബാലന്‍ ആ സമയത്ത് പ്രതികരിച്ചത്.
പക്ഷേ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരുടെ ഈ സംഭവത്തിലുള്ള ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. കുറ്റകൃത്യവാസനയുള്ളവര്‍ തങ്ങള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തും. അതു സ്വാഭാവികമാണ്. ആ ശ്രമങ്ങള്‍ വിജയിക്കുകയും നിതീനിര്‍വഹണം പരാജയപ്പെടുകയും ചെയ്യുന്ന ചിത്രമാണ് ഈ സംഭവത്തിലൂടെ പൊതുസമൂഹത്തിന്റെ മുന്നില്‍ ഇപ്പോള്‍ തെളിഞ്ഞുവരുന്നത്. ഇത് പോലീസിന്റെ മുഖത്തെയല്ല കളങ്കിതമായിരിക്കുന്നത്. കാരണം പോലീസ് മാത്രം വിചാരിച്ചാല്‍ ഈ സംഭവത്തിന്റെ യഥാര്‍ഥ രൂപം എന്താണെന്ന് മറച്ചുവയക്കാന്‍ സാധ്യമല്ല. അതിന് അധികാരത്തിലുളള രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശ ഉണ്ടെങ്കില്‍ മാത്രമേ കഴിയുകയുള്ളു. ആ ആശങ്ക ഇപ്പോള്‍ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതു ചിലപ്പോള്‍ തെറ്റായിരിക്കാം. എന്നിരുന്നാലും അതു ദൂരീകരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ആ ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നതിന്റ ലക്ഷണങ്ങള്‍ കാണുന്നില്ല.
ഏറ്റവും ശ്രദ്ധേയമായത് പ്രതിപക്ഷമുള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഈ വിഷയത്തില്‍ പാലിക്കുന്ന മൗനമാണ്. ഇപ്പോള്‍ നടന്‍ ദിലീപും അദ്ദേഹത്തിന്റെ സുഹൃത്തായ നാദിര്‍ഷായും തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നു. ഏറെ നാളായി ദിലീപിനെ നശിപ്പിക്കുന്നതിനു വേണ്ടി ചിലര്‍ കരുതിക്കൂട്ടി ശ്രമം നടത്തുന്നുവെന്ന് നടന്‍ സലിംകുമാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നു.പള്‍സര്‍ സുനിയെയും നടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും സലിംകുമാര്‍ ആവശ്യമപ്പെടുന്നു. സലിംകുമാര്‍ സിനിമാ രംഗത്തു നിന്നുള്ള ആളാണ്. അദ്ദേഹം പറയുന്നതും മുഖവിലയ്ക്ക് എടുക്കേണ്ടതാണ്. ദിലീപിന്റെ നേര്‍ക്കും നടിയെ ആക്രമിച്ച് സംഭവം വിരല്‍ ചൂണ്ടുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പള്‍സര്‍ സുനിയെ നേരില്‍ കണ്ടിട്ടില്ലെന്ന് ദിലീപ് പറയുന്നു. അങ്ങനെയെങ്കില്‍ ദിലീപ് ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുകയാണെങ്കില്‍ അത് അങ്ങേയറ്റം ഗുരുതരമായ അവസ്ഥയാണ്. ചുരുങ്ങിയ പക്ഷം ദിലീപ് അവകാശപ്പെടുന്ന രീതിയില്‍ പള്‍സര്‍ സുനിയും ദിലീപും ഇതുവരെ നേരില്‍ കണ്ടി്ട്ടില്ലെന്ന കാര്യമെങ്കിലും അന്വേഷിച്ചുറപ്പിക്കാന്‍ പോലീസ് ശ്രമിച്ചാല്‍ ഈ വിഷയത്തില്‍ നിര്‍ണ്ണായകമായ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. അതുപോലെ സലിംകുമാറിനോടു സംസാരിച്ചാലും ചില വസ്തുതകള്‍ കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനം വെളിവാക്കുന്നത്.
പള്‍സര്‍ സുനി ദിലീപിനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്ത് കാക്കനാട് ജയിലില്‍ നിന്ന് ലഭ്യമാക്കിയ പേപ്പറിലാണെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ദിലീപ് പറയുന്നതു ശരിയാണെങ്കില്‍ ബ്ലാക്ക് മെയിലിംഗിന്റെ ആഴം അവിടെ വലുതാകുന്നു. ആക്രമിക്കപ്പെട്ട ദിവസം നടി മജിസ്‌ട്രേട്ടിനു മുന്നില്‍ നല്‍കിയ മൊഴിയിലും ഗൂഢാലോചന ഉളളതായി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇത് സിനിമാ രംഗത്തെ ഒരു വിഷയമല്ലാതായി മാറിയിരിക്കുന്നു. മറിച്ച് സത്യാവസ്ഥ ബോധപൂര്‍വ്വമായി മൂടിവയ്ക്കപ്പെട്ട കേരളം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട കേസ്സായി മാറിയിരിക്കുകയാണ്. ് ഈ കേസ്സ് തെളിയിക്കപ്പെട്ടില്ലെങ്കില്‍ പൊതുസമൂഹത്തില്‍ പ്രബലമാകുന്ന സന്ദേശം ഏതു കുററകൃത്യം ചെയ്താലും അതെത്ര പരസ്യമായാലും സ്വാധീനശേഷിയുണ്ടെങ്കില്‍ കുററവാളികള്‍ പിടിക്കപ്പെടില്ല എന്നുള്ളതാണ്. ഇത് സമൂഹത്തെ അരാജകത്വത്തിലേക്ക് തളളിവിടും.സംശയമില്ല.