Skip to main content

p mohanan and p rajeev

 

വിവാദം സൃഷ്ടിച്ചേക്കാവുന്ന ഒരു തീരുമാനത്തില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു. പാര്‍ട്ടിയ്ക്കകത്ത് വിഭാഗീയത ശക്തമായിരുന്ന എറണാകുളത്ത് രാജ്യസഭാംഗം പി.രാജീവ്‌ സെക്രട്ടറിയാകും.

 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഡാലോചന കുറ്റം ചാര്‍ത്തപ്പെട്ടിരുന്ന നേതാവാണ്‌ കുറ്റ്യാടി എം.എല്‍.എ കെ.കെ ലതികയുടെ ഭര്‍ത്താവ് കൂടിയായ പി. മോഹനന്‍. എന്നാല്‍, കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

 

കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന പി. മോഹനന്‍ ഡി.വൈഎഫ്.ഐ വഴിയാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിയത്. മികച്ച സംഘാടകനും പ്രാസംഗികനുമായി അറിയപ്പെടുന്ന അദ്ദേഹം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

തൃശൂര്‍ ജില്ലയിലെ മാള സ്വദേശിയായ പി. രാജീവ്‌ എസ്.എഫ്.ഐയിലൂടെയും ഡി.വൈഎഫ്.ഐയിലൂടെയുമാണ്‌ എറണാകുളത്തെ തന്റെ രാഷ്ട്രീയ തട്ടകമാക്കിയത്. കളമശ്ശേരി സെന്റ്‌. പോള്‍സ് കോളേജ്, സര്‍ക്കാര്‍ പോളിടെക്നിക്, എറണാകുളം സര്‍ക്കാര്‍ ലോ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച രാജീവ് എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി പത്രത്തിന്റെ റെസിഡന്റ് എഡിറ്ററുമാണ്. 2009 ഏപ്രില്‍ മുതല്‍ രാജ്യസഭാംഗമായ രാജീവിന്റെ കാലാവധി തീരാനിരിക്കെയാണ് പാര്‍ട്ടി ചുമതല ലഭിക്കുന്നത്.