ബന്ധുനിയമനം: ജയരാജനും ശ്രീമതിയ്ക്കുമെതിരെ പാര്‍ട്ടി അച്ചടക്ക നടപടി

Wed, 19-04-2017 03:40:13 PM ;

ബന്ധുനിയമന വിവാദത്തിൽ സി.പി.ഐ.എം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും പാർട്ടി കേന്ദ്രകമ്മിറ്റിയുടെ താക്കീത്. പാര്‍ട്ടി അച്ചടക്ക നടപടികളില്‍ ഏറ്റവും ലഘുവായ നടപടിയാണ് താക്കീത്.

 

ഇ.പി ജയരാജന്‍ രാജിവെച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് പേര്‍ക്കുമെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നിലപാടെടുത്തതോടെയാണ്‌ ജയരാജന്റെ അഭാവത്തിലും നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ആരംഭിച്ച പൊളിറ്റ് ബ്യൂറോ യോഗത്തിൽ ജയരാജനും ശ്രീമതിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

 

ഇരുവരും കേന്ദ്രക്കമ്മിറ്റി അംഗങ്ങളാണെങ്കിലും തീരുമെടുത്ത യോഗത്തില്‍ ജയരാജന്‍ പങ്കെടുത്തിരുന്നില്ല. വിശദീകരണം കേട്ടശേഷമാണ് സാധാരണ നടപടിയെടുക്കാറുള്ളതെങ്കിലും തീരുമാനം വൈകിപ്പിക്കാനാകില്ലെന്ന്‍ യച്ചൂരി നിലപാട് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീമതി യോഗത്തിൽ പങ്കെടുത്തു വിശദീകരണം നൽകിയിരുന്നു.

 

വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ സഹോദരന്റെ മരുമകള്‍ ദീപ്തി നിഷാദ്, ജയരാജന്റെ ഭാര്യാസഹോദരിയും എം.പി.യുമായ പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് വിവാദത്തിലായത്. തീരുമാനം വിവാദമായതോടെ കെ.എസ്.ഐ.ഇ.യുടെ എം.ഡിയായി സുധീര്‍ നമ്പ്യാരെ നിയമിച്ച നടപടി റദ്ദാക്കുകയും കേരളാ ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് ദീപ്തി നിഷാദ് രാജിവെക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇ.പി.ജയരാജന് മന്ത്രിസ്ഥാനവും രാജിവെക്കേണ്ടി വന്നു.

Tags: