സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തിരുവനന്തപുരത്ത്; വി.എസിനെതിരെയുള്ള റിപ്പോര്‍ട്ടും അജണ്ടയില്‍

Fri, 06-01-2017 02:56:41 PM ;

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ യോഗം തിരുവനന്തപുരത്ത് തുടങ്ങി. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള അച്ചടക്ക ലംഘന പരാതി പരിശോധിച്ച പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ടും മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ചര്‍ച്ച ചെയ്യും.

 

ഉത്തര്‍ പ്രദേശ്‌ അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് സംസ്ഥാന തലസ്ഥാനത്ത് ആദ്യമായി നടക്കുന്ന യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. യോഗത്തോടനുബന്ധിച്ച് ജനുവരി ഏഴിന് പൊതുസമ്മേളനവും പാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ട്.

 

ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്ന്‍ വി.എസ് ഇറങ്ങിപ്പോയ സംഭവമാണ് വിഭാഗീയ പ്രശ്നങ്ങളില്‍ നേരത്തെ രൂപീകരിച്ചിരുന്ന പൊളിറ്റ് ബ്യൂറോ കമ്മീഷനെ വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്. സമ്മേളനത്തിന് തൊട്ടുമുന്‍പ് വി.എസിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റ് പരസ്യമായി പ്രമേയം പാസാക്കിയതിനെ തുടര്‍ന്നായിരുന്നു വി.എസിന്റെ നടപടി.     

Tags: