ബന്ധു നിയമന കേസിൽ മുൻ മന്ത്രി ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന് വിജിലൻസ് കോടതിയുടെ അനുമതി. മന്ത്രിയായിരിക്കെ വ്യവസായ വകുപ്പില്‍ ബന്ധുക്കളെ നിയമിച്ചെന്ന ആരോപണത്തില്‍ ജയരാജനെതിരായ എഫ്.ഐ.ആര്‍ ഫയലിൽ സ്വീകരിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി.
കേസില്‍ വിശദമായ അന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലൻസ് അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി എന്നിവരാണ് മറ്റു പ്രതികൾ. അഴിമതി നിരോധന നിയമത്തിലെ 13(1) (ഡി), 13(2) എന്നിവയും ഗൂഢാലോചനാക്കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ജയരാജന്റെ ഭാര്യാസഹോദരി കൂടിയായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചതിലാണ് അന്വേഷണം നടക്കുന്നത്.
സംഭവം വിവാദമായതോടെ നിയമന ഉത്തരവ് വ്യവസായ വകുപ്പ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.
നിയമനത്തിനായി സുധീര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നില്ലെന്നും എം.ഡി നിയമനത്തിന് നിഷ്കര്‍ഷിച്ചിരുന്ന യോഗ്യത ഉണ്ടായിരുന്നില്ലെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍. എന്നിട്ടും ജയരാജന്‍ സ്വന്തം കൈപ്പടയില്‍ ഫയലില്‍ രേഖപ്പെടുത്തിയ നിര്‍ദേശപ്രകാരം സുധീര്‍ നമ്പ്യാരെ നിയമിക്കുകയായിരുന്നെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അതിനു പുറമെ, അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി അധ്യക്ഷനായ ‘റിയാബ്’ തയാറാക്കിയ പട്ടിക അട്ടിമറിച്ചായിരുന്നു നിയമനമെന്നും കണ്ടെത്തിയിട്ടുണ്ട്.