അനധികൃത സ്വത്ത് സമ്പാദിച്ചതായ ആരോപണത്തില്‍ മുന്‍മന്ത്രിയും ഇരിക്കൂര്‍ എം.എല്‍.എയുമായ കെ.സി. ജോസഫിനും ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസിനുമെതിരെ വിജിലൻസ് കേസ്. ടോം ജോസിന്‍റെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഫ്ലാറ്റുകളിൽ വിജിലൻസ് വെള്ളിയാഴ്ച പരിശോധന നടത്തി. യു.ഡി.എഫ് ഭരിച്ചിരുന്ന അഞ്ച് വര്‍ഷക്കാലത്തെ കെ.സി ജോസഫിന്‍റെയും കുടുംബത്തിന്‍റെയും വരുമാനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
കെ.സി ജോസഫിനെതിരെ ഇരിട്ടി സ്വദേശിയായ കെ.എ ഷാജി നല്‍കിയ പരാതിയില്‍ നവംബര്‍ 29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോഴിക്കോട് വിജിലന്‍സ് സെല്ലിനോട് തലശേരി വിജിലന്‍സ് കോടതി കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കെ.സി ജോസഫ്, അദ്ദേഹത്തിന്‍റെ ഭാര്യ, മകന്‍ അശോക് ജോസഫ് എന്നിവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്.
പൊതുമധ്യത്തില്‍ തന്നെ അവഹേളിക്കുന്നതിനാണ് വിജിലന്‍സ് നടപടിയെന്ന്‍ ടോം ജോസ് പ്രതികരിച്ചു. ക്രിമിനല്‍ പശ്ചാത്തലമുളള ആളാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും രണ്ടുവര്‍ഷം മുമ്പേ വിജിലന്‍സ് പരിശോധന നടത്തി സര്‍ക്കാര്‍ അവസാനിപ്പിച്ച കേസിലാണ് വീണ്ടും റെയ്ഡ് നടത്തിയിരിക്കുന്നതെന്നും ടോം ജോസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും തന്റെ നിലപാട് പിന്നീട് വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാതിയെത്തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ ടോം ജോസിന് വരവില്‍ കവിഞ്ഞ സ്വത്ത് ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചാണ് റെയ്ഡിന് അനുമതി വാങ്ങിയത്.
നേരത്തെ ചവറയിലെ കെ.എം.എം.എല്‍ ഇടപാടുമായി ബന്ധപ്പെട്ട് ടോം ജോസിനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മഗ്‌നീഷ്യം വാങ്ങിയ വകയില്‍ വന്‍തിരിമറി നടന്നതായാണ് വിജിലന്‍സ് അന്ന് കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയതും വിവാദമായിരുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥരെ അഴിമതി ആരോപണങ്ങളില്‍ കുരുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ശ്രമിക്കുന്നതായി ഐ.എ.എസ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് ടോം ജോസിനെതിരെ അന്വേഷണം. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡൻറ് ആണ് ടോം ജോസ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലൻസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ കണ്ട് അതൃപ്തി അറിയിച്ചത്.