കോഴി കച്ചവടക്കാര്‍ക്കും ആയുര്‍വേദ കമ്പനികള്‍ക്കും നല്‍കിയ നികുതിയിളവുകളില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സംസ്ഥാന ഖജനാവിന് 200 കോടിയിലധികം രൂപ നഷ്ടം വന്ന നടപടിയില്‍ മാണി പതിനഞ്ചര കോടിയോളം രൂപ സ്വന്തമാക്കി എന്നാണ് അഭിഭാഷകനായ നോബിള്‍ മാത്യു സമര്‍പ്പിച്ച പരാതിയിലെ പ്രധാന ആരോപണം.
തൃശ്ശൂര്‍ കൊമ്പൊടിഞ്ഞാമാക്കല്‍ ആസ്ഥാനമായുള്ള കോഴി കച്ചവട കമ്പനിയുടെ 65 കോടി രൂപയുടെ നികുതിക്ക് നിരുപാധിക സ്റ്റേ അനുവദിച്ചതിലും ആയുര്‍വേദ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ നികുതി നാല് ശതമാനമായി കുറച്ചതിലും അഴിമതി നടന്നെന്ന ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് മാണിയുടെ മൊഴിയെടുത്തിരുന്നു. മാണിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനെതിരെയും കേസെടുത്തിട്ടുണ്ട്.