Skip to main content

മദ്യനയം ടൂറിസം മേഖലയെ വിപരീതമായി ബാധിച്ചിരിക്കുകയാണെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. നയത്തില്‍ മാറ്റം അനിവാര്യമാണെന്നും ടൂറിസം മേഖലകളിലെ ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കേരളത്തില്‍ മദ്യം ഒഴുക്കണമെന്ന് താന്‍ പറയുന്നില്ലെന്നും പൊതു മദ്യനയത്തെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കേരളത്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നയത്തില്‍ മാറ്റം വേണം. കോടിക്കണക്കിനു രൂപ നിക്ഷേപം നടത്തിയവരെ പ്രതിസന്ധിയിലാക്കുന്നതാണ് നിലവിലെ നയം. കോണ്‍ഫറന്‍സുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിവെക്കുന്നതും വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

മദ്യനിരോധനത്തിനു ശേഷം മയക്കുമരുന്നുകളുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പ്രസ്താവനയും മന്ത്രി ആയുധമാക്കിയിരുന്നു. ഇത് യു.ഡി.എഫിന്റെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണമെന്നാണ് മന്ത്രി പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് മദ്യനയത്തെ മുന്‍പും എതിര്‍ത്തിട്ടുള്ള ടൂറിസം മന്ത്രിയുടെ പ്രസ്താവന.  

Tags