Skip to main content

കെ.എം മാണിയ്ക്ക് എതിരായ ബാർ കോഴ ആരോപണത്തിന് പിന്നിൽ അന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ. ഗൂഢാലോചനയിൽ മന്ത്രിമാരായ കെ.ബാബുവിനും അടൂർ പ്രകാശിനും പങ്കുണ്ടെന്നും മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ബാർ കോഴ ആരോപണങ്ങളും കള്ളക്കളികളും എന്ന ലേഖനത്തില്‍ ആരോപണമുണ്ട്.  

 

ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ പിന്തുണയ്ക്കാത്തതാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് ലേഖനം നല്‍കുന്ന സൂചന. ചില ആളുകൾക്ക് ഉമ്മൻ ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാൻ താൽപര്യമുണ്ടായിരുന്നുവെന്നും എന്നാൽ മാണി ഇതിന് പിന്തുണ നൽകാത്തത് വിരോധത്തിന് കാരണമായെന്നും ലേഖനത്തില്‍ പറയുന്നു.  മന്ത്രിമാരായ കെ. ബാബുവിനും അടൂർ പ്രകാശിനും അബ്കാരി താൽപര്യങ്ങളാണ് ഉണ്ടായിരുന്നതെന്നും ബിജു രമേശ് ഇവരുടെ ചട്ടുകമായി മാറുകയായിരുന്നുവെന്നും ലേഖനം കൂട്ടിച്ചേര്‍ത്തു.

 

കേസിൽ വിജിലന്‍സിന്റെ ത്വരിതപരിശോധന മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്നും ലേഖനത്തിൽ ആരോപിക്കുന്നു. മാണിയ്ക്കെതിരെ ആരോപണമുയരുമ്പോൾ അമേരിക്കയിലായിരുന്ന ചെന്നിത്തല പിറ്റേന്ന് കേരളത്തിലെത്തി മറ്റു ചർച്ചകൾക്കോ അന്വേഷണങ്ങൾക്കോ തയ്യാറാകാതെ ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടത് ഇതിന്റെ തെളിവാണെന്നും ലേഖനം പറയുന്നു.

 

സംഭവത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, പല പാര്‍ട്ടി നേതാക്കളും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ളവരാണ് ബാര്‍ കോഴ ആരോപണത്തിന് പിന്നിലെന്ന് പ്രസ്താവിച്ചിരുന്നു. പാര്‍ട്ടി യു.ഡി.എഫ് വിടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതില്‍ തീരുമാനമെടുക്കാന്‍ നേതാക്കളായ കെ.എം മാണിയേയും പി.ജെ ജോസഫിനേയും ചുമതലപ്പെടുത്തിയതിന്റെ പിന്നാലെയാണ് മുഖപത്രത്തിലെ ലേഖനം.  

Tags