മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്കരണ കമ്മീഷന് ചെയര്മാന് ആയി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദവിയ്ക്ക് കാബിനറ്റ് റാങ്ക് നല്‍കാനും ഇതിനാവശ്യമായ നിയമ ഭേദഗതി കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.
നിലവില്‍ മലമ്പുഴ എം.എല്‍.എ ആയതിനാല്‍ ഇരട്ടപ്പദവി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിയമഭേദഗതി വേണ്ടിവരിക. എം.എല്‍.എമാര്‍ ശമ്പളത്തോടെയുള്ള മറ്റ് പദവികള്‍ ഏറ്റെടുക്കുന്നത് എം.എല്‍.എ സ്ഥാനം നഷ്ടപ്പെടുന്നതിന് കാരണമാകുന്ന വിഷയമാണ്.
സംസ്ഥാനത്ത് 1957-ല്‍ ആദ്യ മന്ത്രിസഭയുടെ കാലത്താണ് ആദ്യ ഭരണ പരിഷ്കരണ കമ്മീഷന് രൂപീകരിക്കുന്നത്. ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെയായിരുന്നു കമ്മീഷന്റെ ചെയര്മാന്. പിന്നീട് 1965-ല്‍ രാഷ്ട്രപതി ഭരണകാലത്ത് എം.കെ വെള്ളോടി ചെയര്‍മാനായി അടുത്ത കമ്മീഷന് നിലവില്‍ വന്നു. പിന്നീട് 1997-ല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് അദ്ദേഹം തന്നെ ചെയര്‍മാനായി മറ്റൊരു കമ്മീഷനും പ്രവര്‍ത്തിച്ചിരുന്നു.