കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി; ലാഘവത്തോടെ കാണുന്നുവെന്ന് ചെന്നിത്തല

Wed, 13-07-2016 05:21:39 PM ;

കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്നത് രാഷ്ട്രീയ വിരോധം മൂലമുള്ള കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തേക്കുറിച്ച് കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു പിണറായി. കണ്ണൂരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ കഴമ്പില്ലെന്നും പിണറായി പറഞ്ഞു.

 

എന്നാല്‍, മുഖ്യമന്ത്രി കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണൂരിൽ പൊലീസിനെ നയിക്കുന്നത് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജനാണെന്ന് ചെന്നിത്തല ആരോപിച്ചു. കണ്ണൂരിനെ കുരുതിക്കളമാക്കാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമമെന്നും ആക്രമണത്തിന് ജയരാജൻ പരസ്യമായി ആഹ്വാനം നൽകുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

ഹെഡ്കോൺസ്റ്റബിളിനെ മാറ്റുന്ന ലാഘവത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ ഡി.ജി.പിയെ മാറ്റിയതെന്നും ചെന്നിത്തല ആരോപിച്ചു. എന്നാൽ, മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് സാധാരണ നടപടിയാണെന്ന് പിണറായി വിജയൻ പറഞ്ഞു. നാടിന്റെ താൽപര്യം മുൻനിർത്തിയാണ് ഡിജിപിയെ മാറ്റിയതെന്നും ഈ തീരുമാനം ഗുണം ചെയ്തെന്നും അദ്ദേഹം അവകാശപ്പെട്ടു. 

Tags: