Skip to main content

adoor prakasha and kunhalikkutty

 

കഴിഞ്ഞ സര്‍ക്കാറില്‍ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനും വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കും എതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശനിയാഴ്ച ഉത്തരവിട്ടു. വിവാദ സ്വാമി സന്തോഷ്‌ മാധവനുമായി ബന്ധപ്പെട്ട കമ്പനിയ്ക്ക് ഭൂമി പതിച്ചുനല്‍കിയ സംഭവത്തില്‍ വിജിലന്‍സ് നല്‍കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് കോടതിയുടെ നടപടി. സന്തോഷ്‌ മാധവനും മറ്റ് മൂന്നുപേര്‍ക്കും എതിരെയും കേസെടുക്കണം.

 

എറണാകുളം, തൃശൂര്‍ ജില്ലകളിലായി 112 ഏക്കര്‍ വരുന്ന മിച്ചഭൂമി ഐ.ടി സ്ഥാപനം തുടങ്ങുന്നതിനായി ആര്‍.എം.ഇസഡ്‌. ഇകോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയ്ക്ക് പതിച്ചുനല്‍കിയതിനെതിരെ ലഭിച്ച ഹര്‍ജിയില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് കോടതി വിജിലന്‍സിനോട്‌ ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഭൂപരിഷ്കരണ നിയമ പ്രകാരം ഏറ്റെടുത്ത ഭൂമി, നിയമത്തിലെ വ്യവസ്ഥകള്‍ക്ക് ഇളവനുദിച്ചായിരുന്നു നല്‍കിയത്. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭായോഗത്തില്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി കൊണ്ടുവന്നായിരുന്നു നടപടി.

 

മന്ത്രിമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് എസ്.പി കെ. ജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിഗമനം. എന്നാല്‍, റിപ്പോര്‍ട്ടിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസ് റെജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.  

 

2016 മാര്‍ച്ച് രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന്‍ യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സംഭവത്തിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകനായ ഗിരീഷ്‌ ബാബു വിജിലന്‍സ്‌ കോടതിയെ സമീപിക്കുകയായിരുന്നു.

 

1964ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ 81 (3) വകുപ്പ് പ്രകാരം മിച്ചഭൂമിയായി 2009 ജനവരിയില്‍ സന്തോഷ്‌ മാധവന്റെ ഉടമസ്ഥതയിലുള്ള ആദര്‍ശ് പ്രൈം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന്‍ എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര, ചേര്‍ന്നുകിടക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ മഠത്തുംപടി പഞ്ചായത്തുകളിലായി 127 ഏക്കറിലധികം വരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിലധികവും നെല്‍പാടമാണ്. ഇതേ ഭൂമിയാണ്‌ ആര്‍.എം.ഇസഡ്‌. ഇകോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന് പതിച്ചുനല്‍കിയത്. ഈ കമ്പനി സന്തോഷ്‌ മാധവനുമായി ബന്ധപ്പെട്ടതാണെന്നാണ് ആരോപണം.