Skip to main content

jacob thomas

 

സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ഉറപ്പാക്കാന്‍ ക്രിയാത്മക വിജിലന്‍സ് ഉണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐ.പി.എസ്. അഴിമതിക്കെതിരെ പത്തി വിടർത്തി ആടിക്കാണിക്കുന്ന പതിവുണ്ടാവില്ലെന്നും അഴിമതിക്കാർ കടി കൊള്ളുമ്പോൾ അറിയുമെന്നും അദ്ദേഹം പറഞ്ഞു.  വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പരാമര്‍ശം.

 

തെറ്റുകളില്ലാത്ത വിജിലൻസാണ് കേരളത്തിൽ ഉണ്ടാകേണ്ടതെന്ന്‍ ജേക്കബ് തോമസ്‌ പറഞ്ഞു. അതിനായി എല്ലാ വകുപ്പുകളെയും നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വിജിലന്‍സിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നല്ലൊരു ക്യാപ്റ്റനായിരിക്കുക, നല്ല ഗോള്‍ കീപ്പറായിരിക്കുക എന്ന ജോലിയായിരിക്കും താന്‍ നിർവഹിക്കുക. മറ്റ് വകുപ്പുകളില്‍ റഫറിയുടെ ജോലിയായിരിക്കും ചെയ്യുക. മറ്റു വകുപ്പ് മേധാവികള്‍ ഫൗള്‍ കാണിച്ചാല്‍ ആദ്യ മഞ്ഞകാര്‍ഡും ആവര്‍ത്തിച്ചാല്‍ ചുവപ്പ് കാര്‍ഡും കാണിക്കുമെന്നും പോക്കറ്റില്‍ നിന്ന് കാര്‍ഡുകള്‍ എടുത്തുകാട്ടി അദ്ദേഹം പറഞ്ഞു.

 

എല്ലാ വകുപ്പുകളും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അഴിമതി മുക്തമായ അവസ്ഥയില്‍ എത്തിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി ലളിതമായ കാര്യമല്ല. ദൈനംദിന ജീവിതത്തിൽ പൊതുജനം നേരിടുന്ന പലതരം അഴിമതികൾ അവസാനിപ്പിക്കണം. പൊതുമുതൽ നഷ്ടപ്പെടുന്നതും ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

.

മുന്‍കാലങ്ങളില്‍ നേരിട്ട പ്രശ്നങ്ങളെ കൊതുകു കടിയായേ കാണുന്നുള്ളൂവെന്നു ആദ്ദേഹം പ്രതികരിച്ചു. കൊതുകുകടിച്ചാല്‍ അടിച്ചുമാറ്റി മുന്നോട്ടുപോകുകയാണ് പതിവ്. അഴിമതിക്കാരെ പത്തിവിടര്‍ത്തി കാണിക്കേണ്ട ആവശ്യമില്ല. കടി കിട്ടുമ്പോള്‍ അറിയുമെന്നും ബാര്‍ കോഴക്കേസിനെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.