നികുതി വര്‍ധന: നിയമസഭാ സമ്മേളനം വിളിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍

Thu, 18-09-2014 02:51:00 PM ;
തിരുവനന്തപുരം

vs achuthanandanസാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം. 2010 കോടി രൂപയുടെ അധിക നികുതി സര്‍ക്കാര്‍ ഉത്തരവിലൂടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വി.എസ് കുറ്റപ്പെടുത്തി.

 

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും ഇത് ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. നിയമസഭയുടെ അംഗീകാരമില്ലാതെ നികുതി നല്‍കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ലെന്നും സഭയുടെ അംഗീകാരം ലഭിക്കുന്നത് വരെ നികുതി ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

ബജറ്റില്‍ പ്രഖ്യാപിച്ച ഏകദേശം 1520 കോടി രൂപയുടെ അധിക നികുതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് വീണ്ടും 2010 കോടി രൂപയുടെ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതെന്ന് വി.എസ് ചൂണ്ടിക്കാട്ടി. മദ്യത്തിൽ നിന്നുള്ള വരുമാനം ഒട്ടും തന്നെ കുറഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്ലാനിൽ വകകൊള്ളിക്കാത്ത പുതിയ പദ്ധതികളൊന്നും സർക്കാർ നടപ്പാക്കിയിട്ടുമില്ല. പിന്നെ  എങ്ങനെയാണ് കേരളം കടക്കെണിയിൽ പെടുന്നത് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

Tags: