ഇന്ത്യയുടെ ആദ്യബിനാലെയുടെ രണ്ടാം പതിപ്പിന് ഇനി നൂറു നാളുകള്‍ മാത്രം. ഡിസംബര്‍ 12-ന് ആരംഭിച്ച് 2015 മാര്‍ച്ച് 29 വരെയുള്ള 108 ദിവസമാണ് കൊച്ചി മുസ്സിരിസ് ബിനാലെ 2014 അരങ്ങേറുക. 28 രാജ്യങ്ങളില്‍ നിന്നുള്ള 85 കലാകാരന്മാരാണ് ഇത്തവണത്തെ ബിനാലെയില്‍ അണിനിരക്കുകയെന്ന് ക്യൂറേറ്ററും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ജിതീഷ് കല്ലാട്ട് പറഞ്ഞു.
ഫ്രാന്‍സിസോ ക്ലെമന്റ്, സര്‍ അനീഷ് കപൂര്‍, ക്രിസ്റ്റ്യന്‍ വാള്‍ഡ്വോഗല്‍, കെ.ജി.സുബ്രഹ്മണ്യന്‍, സുധീര്‍ പട്വര്‍ധന്‍, ഗുലാം മൊഹമ്മദ് ഷെയ്ക്, നമ്പൂതിരി തുടങ്ങിയവരുള്‍പ്പെടെയുള്ള കലാകാരന്മാരില്‍ പലരും തങ്ങളുടെ സൃഷ്ടികള്‍ ഒരുക്കുന്നതിനുള്ള വേദികള്‍ സന്ദര്‍ശിച്ചുകഴിഞ്ഞതായി ജിതേഷ് പറഞ്ഞു. ബിനാലെയില്‍ പങ്കെടുക്കുന്ന മുഴുവന്‍ കലാകാരന്മാരുടെയും പേരുവിവരങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കകം പ്രഖ്യാപിക്കുമെന്ന് ജിതേഷ് അറിയിച്ചു.
ബിനാലെയുടെ വേദികള്‍ ഇതിനോടകം നിശ്ചയിച്ചുകഴിഞ്ഞതായും കഴിഞ്ഞതവണത്തെ മിക്ക വേദികളും ഇത്തവണയും ഉണ്ടാകുമെന്നും സംഘാടകരായ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ചില പൊതുസ്ഥലങ്ങളും മറ്റിടങ്ങളും കൂടി ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനാലെയ്ക്കു മുന്നോടിയായി ഒട്ടേറെ പ്രഭാഷണങ്ങളും സംവാദങ്ങളും സാംസ്കാരികപരിപാടികളും ഫൗണ്ടേഷന്‍ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. സ്റ്റുഡന്റ്‌സ് ബിനാലെ, ചില്‍ഡ്രന്‍സ് ബിനാലെ, ആര്‍ട്ടിസ്റ്റ്‌സ് സിനിമ പ്രൊജക്ട് തുടങ്ങിയവയും വിവിധ കലാപരിപാടികളും ബിനാലെയ്ക്കു സമാന്തരമായി അരങ്ങേറും.