മൂന്നാര്‍ ഭൂമിയേറ്റെടുക്കല്‍ നടപടിയില്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. അഡ്വക്കെറ്റ് ജനറല്‍, നിയമ വകുപ്പ് സെക്രട്ടറി, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മൂന്നാറില്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമിയും റിസോര്‍ട്ടുകളും തിരിച്ചുനല്‍കാനും നഷ്ടപരിഹാരം നല്‍കാനുമായിരുന്നു ഹൈക്കോടതി ഉത്തരവ്. അബാദ്, മൂന്നാര്‍ വുഡ്സ് എന്നീ റിസോര്‍ട്ടുകള്‍ ഏറ്റെടുത്ത നടപടി റദ്ദാക്കിയ കോടതി ക്ലൌഡ് നയന്‍ റിസോര്‍ട്ട് പൊളിച്ചതിന് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
മൂന്നാര്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തിടുക്കത്തിൽ ആയിപ്പോയെന്ന് താൻ മുന്‍പ് പറഞ്ഞ അഭിപ്രായത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അടൂര്‍ പ്രകാശ് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. എന്നാല്‍, മൂന്നാറിൽ നിയമവിരുദ്ധ കൈയേറ്റം ആരു നടത്തിയാലും നടപടി എടുക്കുമെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതാണെങ്കിൽ അങ്ങനെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാര്‍ ദൗത്യസംഘം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഒഴിപ്പിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്നും കോടതി പറഞ്ഞിരുന്നു.
മൂന്നാറില്‍ വ്യാജപട്ടയം ഉപയോഗിച്ചും മറ്റും കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കെ. സുരേഷ് കുമാര്‍, രാജു നാരായണ സ്വാമി, ഋഷിരാജ് സിങ്ങ് എന്നീ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ചതാണ് മൂന്നാര്‍ ദൗത്യസംഘം. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനം 26 ദിവസത്തിന് ശേഷം നിര്‍ത്തിവെക്കുകയായിരുന്നു.