കൃഷിവകുപ്പിന്റെയും കെ.എസ്.ഐ.ഡി.സിയുടെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ അഗ്രോ മീറ്റ് നവംബര്‍ ആറ്, ഏഴ് തീയതികളില്‍ കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് തിരുവനന്തപുരത്ത് അഗ്രോമീറ്റിന്റെ തീയതി പ്രഖ്യാപിച്ചത്. പരിപാടിയുടെ ലോഗോയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശിപ്പിച്ചു.
കേരളത്തിന്റെ പ്രശസ്തവും പരമ്പരാഗതവുമായ കാര്‍ഷിക ഉല്പന്നങ്ങളുടെ ഗുണമേന്മ ആഗോളതലത്തില്‍ എത്തിക്കുന്നതിന് ഗ്ലോബല്‍ അഗ്രോമീറ്റ് സഹായകമാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോകത്തെമ്പാടുമുള്ള കൃഷി-ഭക്ഷ്യ സംസ്കരണരീതികള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്തറിയാനും മേള പ്രയോജനം ചെയ്യും. വ്യക്തമായ ലക്ഷ്യബോധത്തോടെയുള്ള ഈ നൂതന പരിപാടി സംസ്ഥാനത്തിന്റെ കാര്‍ഷിക രംഗത്തിന് കുതിപ്പുനല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബയോഫാക് ഇന്ത്യ, ഇന്ത്യാ ഓര്‍ഗാനിക് എന്നിവയുടെ പിന്തുണയും പരിപാടിക്കുണ്ട്. അഗ്രോമീറ്റിനൊപ്പം നവംബര്‍ ആറ് മുതല്‍ എട്ട് വരെ ഓര്‍ഗാനിക് ട്രേഡ് ഫെയറും നടക്കും.