ബാര്‍ തര്‍ക്കം: കെ.പി.സി.സി നാലംഗ സമിതിയെ നിയോഗിച്ചു

Fri, 11-07-2014 11:26:00 AM ;

 

ബാര്‍ തര്‍ക്കം പരിഹരിക്കാന്‍ കെ.പി.സി.സി നാലംഗ സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. വ്യാഴാഴ്ച ചേര്‍ന്ന കെ.പി.സി.സി യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌. അടുത്ത യുഡിഎഫ് യോഗത്തിന് മുന്‍പ് വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

 

കെ.പി.സി.സി നേതൃ-ഭാരവാഹി യോഗത്തില്‍ ബാര്‍ലൈസന്‍സ് വിഷയത്തില്‍ സുധീരന് മികച്ച പിന്തുണയാണ് ലഭിച്ചത്. മദ്യനയം തീരുമാനിക്കാന്‍ ഹൈക്കോടതി ഒന്നരമാസം കൂടെ സമയം അനുവദിച്ചത് സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്. കോടതിയുടെ നിരീക്ഷണങ്ങളും എ.കെ. ആന്റണിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും സുധീരന്റെ നിലപാടുകളെ ശക്തമാകുന്നുണ്ട്. ബാര്‍ അടച്ചുപൂട്ടിയ വിഷയത്തില്‍ സര്‍ക്കാരും കെ.പി.സിസിയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതാണ് സമിതിയെ നിയോഗിക്കാന്‍ ഇടയാക്കിയത്.

 

അതേസമയം കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തു നിന്നും എം.ആര്‍ രാംദാസിനെയും മാറ്റി. ബാര്‍ വിഷയത്തില്‍ സുധീരനെതിരേ കത്തെഴുതിയതിനാണ് നടപടി. എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്നിക്കി​ന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

Tags: