ഇറാഖില്‍ നിന്നെത്തിയ 45 നഴ്സുമാര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നഴ്‌സുമാരെയും സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ആര്‍ക്കെങ്കിലും ക്രെഡിറ്റുണ്ടെങ്കില്‍ ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ഥനയ്ക്കാണ് അത് ആദ്യം നല്‍കേണ്ടതെന്നും പ്രതിസന്ധിക്കിടയിലും മനസ്സാന്നിധ്യം കൈവിടാതിരുന്ന നഴ്‌സുമാരും ക്രെഡിറ്റ് അര്‍ഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വെള്ളിയാഴ്ച തിരുവനന്തപുരത്ത് നഴ്സുമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് നിയമസഭയില്‍ അറിയിച്ചു.
വിദേശത്തും സ്വദേശത്തുമായി നിരവധി ആശുപത്രികള്‍ നഴ്സുമാര്‍ക്ക് ജോലി നല്‍കാന്‍ തയാറായി മുന്നോട്ട് വന്നിട്ടുണ്ട്. തിരിച്ചെത്തിയ നഴ്‌സുമാരേയും അവര്‍ക്ക് ജോലി വാദ്ഗാനം ചെയ്തിട്ടുള്ളവരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതും യോഗം ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിനു മുന്‍കൈയെടുത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രശംസയര്‍ഹിക്കുന്നുവെന്നും രാജ്യത്തിന്റെ നയതന്ത്രചരിത്രത്തില്‍ വിജയകരമായ അധ്യായമാണിതെന്നും പ്രത്യേക പ്രമേയത്തിലൂടെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.