Skip to main content
തിരുവനന്തപുരം

നെല്ലിയാമ്പതി പോബ്സൺ ഗ്രൂപ്പിന്റെ കൈവശമുള്ള കരുണാ എസ്‌റ്റേറ്റിനു കരമടയ്ക്കുന്നതിന് നല്‍കിയ എന്‍.ഒ.സി താത്ക്കാലികമായി മരവിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതു സംബന്ധിച്ച് എ.കെ ബാലന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടിയായി നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കരുണാ എസ്‌റ്റേറ്റിന് എന്‍.ഒ.സി ലഭിക്കാനുണ്ടായ സാഹചര്യം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ സംഘം അന്വേഷിക്കുമെന്നും ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍.ഒ.സി തുടരണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

835 ഏക്കർ വരുന്ന ഭൂമി പോബ്സണില്‍ നിക്ഷിപ്തമാക്കിയത് സംസ്ഥാന താൽപര്യത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എ.കെ.ബാലൻ പറഞ്ഞു. മന്ത്രി പോലും അറിയാതെയാണ് എസ്‌റ്റേറ്റിന് നെന്മാറഡി.എഫ്.ഒ എന്‍.ഒ.സി നല്‍കിയതെന്നും കരുണാ എസ്‌റ്റേറ്റ് ഉടമയ്ക്ക് അനുകൂലമായി അഡ്വക്കേറ്റ് ജനറലും ഗവ.പ്ലീഡറും സര്‍ക്കാരിന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടത് റവന്യു വകുപ്പാണെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

 

പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഉദ്യോഗസ്ഥ സംഘം അന്വേഷിക്കുക. വനം സംരക്ഷണ നിയമം അട്ടിമറിക്കപ്പെട്ടോ, എന്‍.ഒ.സി നല്‍കുന്നതിനായി ഉദ്യോഗസ്ഥരില്‍ ആരെങ്കിലും തിടുക്കപ്പെട്ട തീരുമാനമെടുത്തോ, തോട്ടം ഉടമയെ നിയമവിധേയമല്ലാത്ത വിധത്തില്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നിവയാണ് നിയമസഭാ സമ്മേളനം തീരുന്നതിന് മുന്പ് തന്നെ ഇതു സംബന്ധിച്ച റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്ക‍ർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം തൃപ്തി അറിയിച്ചു.

Tags