മീറ്ററുകള്‍ക്കുണ്ടായ വിലവര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ പുതുതായി സ്ഥാപിക്കുന്ന മീറ്ററിന് വാടക ഇരട്ടിയാക്കണമെന്ന് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു. സിംഗിള്‍ ഫേസ് മീറ്ററിന് മുന്‍പ് ഇരുന്നൂറ് രൂപയായിരുന്നത് ഇപ്പോള്‍ 900 രൂപയായി ഉയര്‍ന്നതായും ത്രീഫേസ് മീറ്ററിന്റെ വില 2500 രൂപയായി ഉയര്‍ന്നതായും വൈദ്യുതി ബോര്‍ഡ് പ്രതിനിധി കമ്മീഷനെ അറിയിച്ചു. എന്നാല്‍ കെ.എസ്.ഇ.ബി നിശ്ചയിക്കുന്ന നിലവാരത്തിലുള്ള മീറ്ററുകള്‍ വാങ്ങുന്നവര്‍ വാടക നല്‍കേണ്ടിവരില്ല. ഇതിന് കമ്മീഷന്റെ അംഗീകാരം വാങ്ങാനാണ് ബോര്‍ഡ് ശ്രമം നടത്തുന്നത്.
എന്നാല്‍ 120 യൂണിറ്റില്‍ താഴെ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇക്കൊല്ലം 2931 കോടി രൂപ ബോർഡിന് കമ്മിയുണ്ടാകുമെന്നും അതിൽ നിന്ന് 1423 രൂപ നിരക്ക് വർദ്ധനയായി അനുവദിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. 680 കോടിയാണ് വൈദ്യുതി ബോര്‍ഡിന് സബ്‌സിഡി ഇനത്തില്‍ കിട്ടാനുള്ളത്. ഇത് നേടിയെടുക്കുന്നതില്‍ പരിശ്രമിക്കാതെ നിരക്കു വര്‍ദ്ധനവെന്ന ആവശ്യവുമായി എത്തിയ ബോര്‍ഡിനെ കമ്മിഷന്‍ വിമര്‍ശിച്ചു.
അതെസമയം വൈദ്യുതി നിരക്ക് കുത്തനേ വർദ്ധിപ്പിക്കുന്നതിനെതിരെ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് മുന്‍പില്‍ നിരവധി പരാതികളെത്തി. ഇക്കൊല്ലത്തെ വൈദ്യുതി ബോർഡിന്റെ വരവുചെലവ് കണക്കുകളിന്മേലും നിരക്ക് വർദ്ധനാഹർജിയിന്മേലും കമ്മിഷൻ നടത്തിയ തെളിവെടുപ്പിലാണ് എതിർപ്പുയർന്നത്. വിദഗ്ധസമിതിയെക്കൊണ്ട് കെ.എസ്.ഇ.ബിയുടെ ധനസ്ഥിതി പരിശോധിപ്പിച്ചിട്ടേ വൈദ്യുതി നിരക്കില്‍ മാറ്റം അനുവദിക്കാവൂവെന്ന് വിവിധ സംഘടനകള്‍ തെളിവെടുപ്പില്‍ ആവശ്യപ്പെട്ടു. കമ്മീഷന്റെ ഉത്തരവ് ഓഗസ്റ്റ് ആദ്യവാരം പുറത്തിറങ്ങും.