നെല്ല് സംഭരണത്തിലെ കുടിശ്ശിക ജൂലൈ 15-നകം കൊടുത്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. നെല്ല് സംഭരിച്ച വകയില്‍ 186 കോടി രൂപ കര്‍ഷകര്‍ക്കു നല്‍കാനുണ്ടെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. സംഭരിച്ച നെല്ലിന്റെ കുടിശ്ശിക വൈകുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ഇരുവരും.
സര്‍ക്കാറിന്റെ മറുപടിയെ തുടര്‍ന്ന്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോക്ക് നടത്തി. നെല്ലിന്റെ കുടിശ്ശികയ്ക്ക് പലിശ കൂടി നല്‍കണമെന്ന് ഇറങ്ങിപ്പോക്കിന് മുന്‍പ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ ജപ്തി ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം മുതല്‍ നെല്ലുസംഭരണത്തിനൊപ്പം തന്നെ തുക കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭരണം ബാങ്കുകളുമായി ബന്ധപ്പെടുത്തുന്നതിന് ബാങ്കുകളുമായി ചര്‍ച്ച നടത്തും. സംഭരണത്തുക സര്‍ക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ച് കര്‍ഷകര്‍ക്ക് ഉടന്‍ തന്നെ തുക ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇത്തവണ റെക്കോര്‍ഡ് നെല്ലു സംഭരണമാണ് നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ അറിഞ്ഞുകൊണ്ട് സഭാ നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിമര്‍ശിച്ചു. ഈ സമ്മേളന കാലത്ത് മൂന്നു തവണ ഉന്നയിച്ച വിഷയത്തിലാണ് ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.