ജനകീയ സമരങ്ങള്‍ നടത്തുന്ന യുവജന നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്ന കാപ്പ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് നിയമസഭ അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇ.പി ജയരാജനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കാപ്പ നിയമത്തില്‍ ഭേദഗതികള്‍ സര്‍ക്കാര്‍ ആലോചനയിലിലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിയമം പ്രയോഗിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പ്രയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നതെന്നും സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളെ ഈ നിയമം ഉപയോഗിച്ച് വെറുതെ കേസില്‍ കുടുക്കുകയാണെന്നും സര്‍ക്കാര്‍ മാറുമെന്നകാര്യം എല്ലാവരും ഓര്‍ക്കണമെന്നും ജയരാജന് പറഞ്ഞു. എന്നാല്‍ ആര്‍ക്കെതിരെയും നിയമം ചുമത്തിയിട്ടില്ലെന്നും കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ചെന്നിത്തല മറുപടി നല്കി. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ ജി. കാര്ത്തികേയന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.