രാജസ്ഥാനില്‍ കഴിഞ്ഞ കോണ്‍ഗ്രസ് ഭരണകാലത്ത് 108 ആംബുലന്‍സ് നടത്തിപ്പിലെ ക്രമക്കേടുകളില്‍ മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ രാജസ്ഥാന്‍ പോലീസ് പ്രതി ചേര്‍ത്തു. പോലീസ് ചൊവ്വാഴ്ച ഫയല്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ്, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരേയും പ്രതി ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ ജയ്പൂര്‍ മേയര്‍ പങ്കജ് ജോഷി നല്‍കിയ പരാതിയിലാണ് അന്വേഷണം. 2.56 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായാണ് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍. ആംബുലന്‍സിന്റെ നടത്തിപ്പ് അവകാശം ലഭിച്ച കമ്പനി സിഖിത്സ ഹെല്‍ത്ത്കെയറിന്റെ സഹസ്ഥാപകനാണ് രവി കൃഷ്ണ. മേത്തര്‍, പൈലറ്റ്, കാര്‍ത്തി, ഗെഹ്ലോട്ട് എന്നിവര്‍ കമ്പനിയുടെ ഡയറക്ടര്‍മാരും. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം ഡയറക്ടറും കേസില്‍ പ്രതിയാണ്.
2010-11-ല്‍ 108 ആംബുലന്‍സ് നടത്തിപ്പ് ഗെഹ്ലോട്ട് ക്രമവിരുദ്ധമായാണ് സിഖിത്സ ഹെല്‍ത്ത്കെയറിനു നല്‍കിയതെന്നും കമ്പനിയ്ക്ക് കൂടുതല്‍ തുക അനുവദിച്ചതായും ആണ് ജോഷിയുടെ ആരോപണം. നേരത്തെ, ആലപ്പുഴയില്‍ ഇതേ കമ്പനിയ്ക്ക് 108 ആംബുലന്‍സ് നടത്തിപ്പ് ചട്ടവിരുദ്ധമായി നല്‍കിയതായി ആരോപണം ഉണ്ടായിരുന്നു.