മുല്ലപ്പെരിയാർ കേസിൽ ബുധനാഴ്ച സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാർ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ഇടുക്കി ജില്ലയില്‍ പൂര്‍ണ്ണം. എന്നാല്‍, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഹര്‍ത്താല്‍ സാധാരണ ജനജീവിതത്തെ ബാധിച്ചിട്ടില്ല. ഇടുക്കിയില്‍ യു.ഡി.എഫ് ജില്ലാ നേതൃത്വവും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നു.
മുല്ലപ്പെരിയാര്‍ കേസില്‍ സംസ്ഥാനം പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്ന് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യുന്നതിനു സര്‍വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയില്‍ ഹൈറേഞ്ച് മേഖലകളിൽ കെ.എസ്.ആര്‍.ടി.സി ബസ്സുകളും സ്വകാര്യ ബസ്സുകളും ഓടുന്നില്ല. തൊടുപുഴയിൽ ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും സർവ്വീസ് നടത്തുന്നുണ്ട്. എന്നാല്‍, ഇവിടെ കടകളൊന്നും തുറന്ന് പ്രവർത്തിക്കുന്നില്ല. വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
ഇടുക്കിയിലൊഴികെ മറ്റ് ജില്ലകളില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും സര്‍വീസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും അറിയിച്ചിരുന്നു.
മഹാത്മാ ഗാന്ധി, കാലിക്കറ്റ്, കൊച്ചി, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃതത സര്‍വകലാശാലകളും ആരോഗ്യ സര്‍വകലാശാലയും നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസും വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍, പി.എസ്.സിയും കേരള, കണ്ണൂര്‍ സര്‍വകലാശാലകളും പരീക്ഷ മാറ്റിവെച്ചിട്ടില്ല.