നിലവാരമില്ലെന്ന് കണ്ടെത്തി സര്‍ക്കാര്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്ന്‍ മദ്യനയം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്‌റ്റീസ് എം.രാമചന്ദ്രന്‍. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്‍ഡ് വി.എം സുധീരന്റെ നിലപാടിനോടാണ് യോജിപ്പെന്നും ആ നിലപാടാണ് തന്റെ റിപ്പോര്‍ട്ടിലും ഉള്ളതെന്നും രാമചന്ദ്രന്‍ പറഞ്ഞു.
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തത് നിയമലംഘനമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും എക്‌സൈസ് മന്ത്രി കെ ബാബുവിന്‍റെയും നിലപാട് തെറ്റാണെന്നും ബാറുകള്‍ തുറക്കാനായി തൊഴിലാളി പ്രശ്‌നങ്ങള്‍ പറയുന്നത് ലോബിയിംഗിന്റെ ഭാഗമാണെന്നും ജസ്‌റ്റീസ് രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ചാണ് മദ്യനയം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.