Skip to main content
തിരുവനന്തപുരം

ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ നിയമപരവും കാര്യക്ഷമവുമായ നിലപാട് കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യാസക്‌തി കുറച്ചുകൊണ്ടു വരാതെ മദ്യനിരോധനം സാധ്യമല്ലെന്നും സംസ്‌ഥാനം ഭരിക്കുന്നത്‌ വി.എം. സുധീരനാണെന്ന സംശയം ജനങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്നും നിലവിലെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് വി.എം സുധീരന്‍ പറഞ്ഞു. തര്‍ക്കം പരിഹരിക്കാന്‍ ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും യു.ഡി.എഫിലെ നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മദ്യനയത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും സുധീരന്‍ പറഞ്ഞു.

 

ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ ഫോര്‍മുല സുധീരന്‍ തള്ളിയിരുന്നു. ഇതുസംബന്ധിച്ച്‌ തെറ്റിദ്ധാരണകള്‍ക്ക്‌ സ്‌ഥാനമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ്‌ കൈക്കൊണ്ടിരിക്കുന്നത്‌ പ്രായോഗിക നിലപാടല്ലെന്നും വിഷയത്തില്‍ എത്രയും പെട്ടെന്നു പരിഹാരം കണ്ടെത്തുമെന്നും തുറന്ന മനസോടെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇതിനിടെ ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ സര്‍ക്കാരും കെ.പി.സി.സിയും കള്ളനും പൊലീസും കളിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചുനിന്നതോടെ കഴിഞ്ഞയാഴ്ച ചേര്‍ന്ന സര്‍ക്കാര്‍പാര്‍ട്ടി ഏകോപനസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.