Skip to main content
തിരുവനന്തപുരം

v m sudheeran

 

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫോര്‍മുല കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ തള്ളി. ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായുള്ള കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് താന്‍ തയാറാണെന്നും എന്നാല്‍ വിട്ടുവീഴ്ച്ചക്ക് തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂട്ടിക്കിടക്കുന്ന ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന നിലപാടില്‍ തന്നെ സുധീരന്‍ ഉറച്ചു നില്‍ക്കുകയാണ്. അടുത്ത യു.ഡി.എഫ് യോഗം മെയ് 20-നാണ് നിശ്ചയിച്ചിരിക്കുന്നത്.

 

 

സംസ്‌ഥാനത്ത്‌ അടഞ്ഞു കിടക്കുന്ന ബാറുകളില്‍ ടു സ്‌റ്റാര്‍ ലൈസന്‍സ്‌ ഉള്ളവയ്‌ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ്‌ ആഭ്യന്തരമന്ത്രിയുടെ ഫോര്‍മുലയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. 60-ലേറെ ബാറുകളാണ്‌ ഇത്തരത്തിലുള്ളത്‌. ഇതിനൊപ്പം നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന 50-ലേറെ ബാറുകള്‍ നിലവാരമില്ലാത്തവയാണെന്നും അത്തരത്തിലുള്ളവ എത്രയും വേഗം അടയ്‌ക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്‌തമാക്കിയിരുന്നു. സംസ്‌ഥാനത്തെ ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ ജില്ലാ കളക്‌ടറും എക്‌സൈസ്‌-ടൂറിസം വകുപ്പ്‌ ഉള്‍പ്പെട്ട സമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശവും ചെന്നിത്തല മുന്നോട്ടുവെച്ചിരുന്നു.

 

 

സംസ്‌ഥാനത്തെ 418 ബാറുകളാണ്‌ നിലവാരമില്ലെന്ന കാരണത്താല്‍ നിലവില്‍ പൂട്ടിക്കിടക്കുന്നത്‌. ഈ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായും വീണ്ടും ചര്‍ച്ച നടത്തുമെന്നും സുധീരന്‍ പറഞ്ഞു. ടു സ്റ്റാര്‍ സൗകര്യമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാമെന്നും ലൈസന്‍സ് ഇതിനോടകം നല്‍കിയവയില്‍ ഈ സൗകര്യം ഇല്ലാത്തവ പൂട്ടാമെന്നുമുള്ള നിര്‍ദേശം പരിഗണനയിലുണ്ട്. എന്നാല്‍ നിലവാരമില്ലാത്തവയ്ക്ക് സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ഇനി സമയം നല്‍കേണ്ടെന്നും മദ്യലഭ്യത കുറയ്ക്കുന്നതിന് മുന്‍തൂക്കം നല്‍കണമെന്നുമുള്ള നിലപാടില്‍ തന്നെയാണ് സുധീരന്‍.

Tags