ബാര്‍ ലൈസന്‍സ്: മന്ത്രി കെ. ബാബു വി.എം സുധീരനുമായി ചര്‍ച്ച നടത്തും

Tue, 29-04-2014 10:59:00 AM ;
തിരുവനന്തപുരം

bar ബാര്‍ ലൈസന്‍സ് വിഷയത്തില്‍ എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനുമായി ഇന്ന്‍ ചര്‍ച്ച നടത്തും. പ്രശ്നപരിഹാരത്തിന് കൂടുതല്‍ ചര്‍ച്ചയാകാമെന്ന് സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും തിങ്കളാഴ്ച അറിയിച്ചിരുന്നു. തുടര്‍ന്ന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി ബാബു സുധീരനെ കാണുന്നത്.

 

ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് ലൈസന്‍സ് പ്രശ്നം പരിഹരിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുധീരന്‍ നിലപാടില്‍ അയവ് വരുത്തിയത്. നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞയാഴ്ച ചേര്‍ന്ന സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതിയില്‍ സുധീരന്റെ നിലപാട്. തുടര്‍ന്ന്‍ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

 

എന്നാൽ, നിലവാരമുയർത്താൻ നിശ്ചിത സമയം നൽകി താൽക്കാലിക ലൈസൻസ് നൽകാമെന്നാണ് മുഖ്യമന്ത്രിയുടേയും എക്സൈസ് മന്ത്രിയുടേയും അഭിപ്രായം.

Tags: